| Sunday, 5th May 2019, 4:17 pm

'മരണപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവന്‍ നീചയോനിയില്‍ പിറന്ന ആസുരികളെന്നറിഞ്ഞാലും'; മോദിക്കെതിരെ സന്ദീപാനന്ദ ഗിരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി.

മഹാഭാരതം ഉദ്ദരിച്ച് കൊണ്ടായിരുന്നു സന്ദീപാനന്ദഗിരി മോദിയെ വിമര്‍ശിച്ചത്. മരണപ്പെട്ടവരെക്കുറിച്ച് നല്ലതുമാത്രം സംസാരിക്കുക എന്നതാണ് ആര്യസംസ്‌ക്കാരമെന്നും മരണപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവന്‍ നീചയോനിയില്‍ പിറന്ന ആസുരികളാണെന്നുമാണ് സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

”മഹാരാജന്‍,
മരണപ്പെട്ടവരെക്കുറിച്ച് നല്ലതുമാത്രം സംസാരിക്കുക എന്നതാണ് ആര്യസംസ്‌ക്കാരം.
മരണപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് ആരോ അവരെ നീചയോനിയില്‍ പിറന്ന ആസുരികളെന്നറിഞ്ഞാലും.
(മഹാഭാരതം.)”

ഉത്തര്‍പ്രദേശിലെ പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാജീവ് ഗാന്ധി മരിക്കും വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു എന്ന് മോദി പറഞ്ഞത്.

‘നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് മോദി പ്രസംഗിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രാഹുല്‍ ഗാന്ധി റാഫേല്‍ വിഷയത്തില്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പരാമര്‍ശങ്ങളായിരുന്നു മോദിയെ ചൊടിപ്പിച്ചത്. തന്റെ ഇമേജ് തകര്‍ക്കാനായിരുന്നു രാഹുല്‍ ഗാന്ധി റാഫേലിനെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്തതെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി പദത്തിന് ചേരാത്ത വാക്കുകളാണ് മോദി ഉപയോഗിക്കുന്നതെന്നും വെറും രാഷ്ട്രീയക്കാരന്റെ നിലവാരത്തിലേക്ക് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി തരംതാഴുന്നത് ലജ്ഞാവഹമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിച്ചിരുന്നു.

മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നേരത്തേ രംഗത്തെത്തിയിരുന്നു. മോദിക്കു അദ്ദേഹത്തെ കുറിച്ച് സ്വയം തോന്നുന്ന കാര്യങ്ങള്‍ തന്റെ അച്ഛന്റെ മേല്‍ ചാരുകയാണെന്നും ഇതുകൊണ്ടൊന്നും മോദിക്കു രക്ഷപ്പെടാനാവില്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

‘നിങ്ങളുടെ യുദ്ധം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ കര്‍മഫലം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ക്കു നിങ്ങളെക്കുറിച്ചു തോന്നുന്ന കാര്യം എന്റെ അച്ഛന്റെ മേല്‍ ചാരുന്നതുകൊണ്ടു നിങ്ങള്‍ക്കു രക്ഷപ്പെടാനാവില്ല.’- രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിക്ക് സ്‌നേഹവും ആശ്ലേഷവും നല്‍കുന്നുവെന്നു പറഞ്ഞാണ് ട്വീറ്റ് അവസാനിക്കുന്നത്.

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ മോദി അപമാനിച്ചെന്നു പ്രിയങ്ക ആരോപിച്ചു. വഞ്ചകര്‍ക്കു രാജ്യം മാപ്പുനല്‍കില്ലെന്നും മോദിക്ക് അമേഠി മറുപടി നല്‍കുമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more