| Monday, 23rd June 2025, 3:24 pm

ഇങ്ങനെയൊരു വിധി നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവോ നിഷ്‌ക്കളങ്കരേ, സ്വരാജിന്റെ പരാജയത്തെ പരിഹസിക്കാന്‍ ബാബരി നിലപാടിനെ ഉപയോഗിച്ച് സന്ദീപ് വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബാബരി വിധിയിലെ സ്വരാജിന്റെ പ്രതികരണത്തെ വെച്ച് തെരഞ്ഞെടുപ്പ് ഫലത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബാബരി വിധി വന്ന സാഹചര്യത്തില്‍ സ്വരാജ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച പരാമര്‍ശമാണ് സ്വരാജിനെ പരിഹസിക്കാന്‍ സന്ദീപ് വാര്യര്‍ ഉപയോഗിച്ചത്.

‘സത്യാനന്തരകാലത്ത് ഇതില്‍ നിന്ന് മറിച്ചൊരു വിധി നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവോ നിഷ്‌ക്കളങ്കരേ’ എന്ന സ്വരാജിന്റെ പോസ്റ്റിലെ പരാമര്‍ശത്തെ ഭാഗമാക്കിയാണ് സന്ദീപ് വാര്യര്‍ തെരഞ്ഞെടുപ്പ് ഫലം വന്ന പശ്ചാത്തലത്തില്‍ ഉപയോഗിച്ചത്.


വര്‍ത്തമാനകാലത്ത് ഇന്ത്യയില്‍ മറിച്ചൊരു വിധി ഉണ്ടാവുമെന്ന് നിഷ്‌ക്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോയെന്നാണ് ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ എം.സ്വരാജ് പോസ്റ്റ് ചെയ്തിരുന്നത്.

സന്ദീപ് വാര്യരുടെ നിലവിലെ പ്രതികരണത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. തെരഞ്ഞെടുപ്പിലെ പരാജയത്തെ പരിഹസിക്കാന്‍ ഒരാളുടെ രാഷ്ട്രീയ നിലപാടുകളല്ല ഉപയോഗിക്കേണ്ടിയിരുന്നതെന്നടക്കം ആളുകള്‍ പരാമര്‍ശിക്കുന്നുണ്ട്.

ഈ വാക്കുകള്‍ ഇപ്പോഴും താങ്കളെ പൊള്ളിക്കുന്നുണ്ടെങ്കില്‍ നിങ്ങളിപ്പോഴും ആര്‍.എസ്.എസുകാരനാണെന്നും ഉള്ളിലെ ആര്‍.എസ്.എസ്. കുപ്പായം അഴിച്ചുവെച്ചില്ലേ വാര്യരെ എന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.

നിന്നിലെ ആര്‍.എസ്.എസ് കുപ്പായം ഇപ്പോഴും അഴിച്ചുവെച്ചില്ലേ വാര്യരേ എന്നും ഒരാള്‍ ചോദിക്കുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബരി മസ്ജിദ് വിധിയില്‍ അന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നിയന്ത്രിക്കുന്ന സുപ്രീം കോടതിക്കെതിരെ പറഞ്ഞതില്‍ നിനക്ക് ഇപ്പോഴും പൊള്ളുന്നുണ്ടെങ്കില്‍ നീ ആര്‍.എസ്.എസ്‌കാരന്‍ തന്നെയാണ് ഇപ്പോഴുമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

ബാബരി വിധി വരുന്ന കാലത്ത് താങ്കള്‍ ബി.ജെ.പിയില്‍ ആയിരുന്നുവെന്നാണ് ഓര്‍മയെന്നും ആ വിധിയില്‍ ഇന്നത്തെ സന്ദീപ് വാര്യരുടെ നിലപാട് എന്താണെന്നും പോസ്റ്റിന് താഴെ പലരും അഭിപ്രായപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തെ പരിഹസിക്കാന്‍ ബാബരി പോലുള്ള വിധിയിലെടുത്ത നിലപാടിനെ ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 11077 വോട്ടുകള്‍ക്കാണ് സ്വരാജ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനോട് പരാജയപ്പെട്ടത്. 66660 വോട്ട് സ്വരാജും 77737 വോട്ട് ആര്യാടന്‍ ഷൗക്കത്തും നേടി. 19760 വോട്ടാണ് പി.വി അന്‍വര്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8648 വോട്ടുമാണ് നേടിയത്.

Content Highlight: Sandeep Warrier uses Babri stand to mock Swaraj’s defeat

We use cookies to give you the best possible experience. Learn more