| Wednesday, 7th January 2026, 7:08 pm

കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഫണ്ട് കിട്ടാനുള്ള ബി.ജെ.പി ശ്രമം; കൊടകര ഓര്‍മിപ്പിച്ച് പരിഹാസവുമായി സന്ദീപ് വാര്യര്‍

ആദര്‍ശ് എം.കെ.

പാലക്കാട്: കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഫണ്ട് ലഭിക്കാന്‍ വേണ്ടിയാണ് സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം ബി.ജെ.പി പെരുപ്പിച്ച് കാണിക്കുന്നതെന്ന പരിഹാസവുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍.

ഇത്തരത്തില്‍ എണ്ണം പെരുപ്പിച്ച് കാണിച്ചാല്‍ മാത്രമേ കൊടകര വഴി അടിച്ചെടുക്കാന്‍ സാധിക്കുകയെന്നും കൊടകര കുഴല്‍പ്പണ കേസ് ഓര്‍മിപ്പിച്ച് സന്ദീപ് വാര്യര്‍ പറഞ്ഞു.

പാലക്കാട് ബി.ജെ.പിയുടെ വളര്‍ച്ച ദുര്‍ബലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2004 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഒന്നരലക്ഷം വോട്ട് ലഭിച്ചിരുന്നു. 20 വര്‍ഷത്തിന് ശേഷവും അത് രണ്ടരലക്ഷം മാത്രമാണെന്നും ബി.ജെ.പിയുടെ ഗ്രാഫ് താഴോട്ടാണെന്നും കൂട്ടിച്ചേര്‍ത്തു.

‘അടിസ്ഥാനപരമായി പാലക്കാട് യു.ഡി.എഫ് മണ്ഡലമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടത് സര്‍ക്കാരിന്റെ നയവൈകല്യങ്ങളും ഭരണപരാജയങ്ങളുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക.

പാലക്കാടും അതുതന്നെയാണ് ജനങ്ങളെ ബാധിക്കുന്ന പ്രശ്നം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അത്യുജ്ജ്വലമായ വിജയം നേടും. സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം പകുതി മാത്രമെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ പ്രകടമാവും,’ സന്ദീപ് വാര്യര്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ യഥാര്‍ത്ഥ പാലക്കാടന്‍ കാറ്റ് വീശാനിരിക്കുന്നേയുള്ളൂ. അതില്‍ ഇടതുപക്ഷത്തിന്റെ കോട്ടകളൊക്കെ കടപുഴകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വീശിയത് മന്ദമാരുതന്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സന്ദീപ് വാര്യര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എവിടെയും മത്സരിക്കും. തൃശൂര്‍ വൈകാരികമായി അടുപ്പമുള്ള സ്ഥലമാണന്നും അവിടെ ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കെ. സുരേന്ദ്രന്‍ വരുന്നതിനെ കുറിച്ചും സന്ദീപ് പറഞ്ഞു. പാലക്കാട് കെ. സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബി.ജെ.പി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രന്‍ കാണിക്കട്ടെ. സുരേന്ദ്രന്‍ മത്സരിച്ചാല്‍ പാലക്കാട് ബി.ജെ.പി മൂന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Sandeep Warrier mocks BJP

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more