തിരുവനന്തപുരം: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ അഴിമതികളിൽ ഗോഡി മീഡിയ അടക്കം വിമർശനം തുടങ്ങിയതിൽ പ്രതികരിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ.
പ്രതിപക്ഷത്തെ ഏകപക്ഷീയമായി ആക്രമിച്ചിരുന്ന കേന്ദ്ര സർക്കാർ അനുകൂല ചാനൽ ആയ റിപ്പബ്ലിക്ക് ചാനൽ ചീഫ് എഡിറ്റർ അർണബ് ഗോസ്വാമി ഇപ്പോൾ തോക്ക് തിരിച്ചിരിക്കുന്നത് സ്വന്തം പാളയത്തിലേക്കാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ഇത് പഴയ റിപ്പബ്ലിക്ക് ചാനൽ തന്നെയാണോയെന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സന്ദീപ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോദി സർക്കാരിന്റെ ഓരോ നീക്കത്തെയും ‘Masterstroke’ എന്ന് വിശേഷിപ്പിച്ചിരുന്ന റിപ്പബ്ലിക്ക് ചാനലിന്റെ വിമശനങ്ങളിൽ ബി.ജെ.പി ഞെട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘The Nation Wants to Know എന്ന് പറഞ്ഞ് പ്രതിപക്ഷത്തെ ഏകപക്ഷീയമായി ആക്രമിച്ചിരുന്ന അർണബ്, ഇപ്പോൾ തോക്ക് തിരിച്ചിരിക്കുന്നത് സ്വന്തം പാളയത്തിലേക്കാണല്ലോ,’ സദീപ് വാര്യർ പറഞ്ഞു.
റിപ്പബ്ലിക്ക് ചാനൽ ഇപ്പോൾ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നത് കാണുമ്പോൾ സ്ക്രിപ്റ്റ് മാറിയതാണോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
അർണബിനെ ദേശ ദ്രോഹിയെന്നാണോ വീരപുത്രനെന്നാണോ വിളിക്കേണ്ടതെന്ന സംശയത്തിലാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരെ അർണബ് ആക്രോശിച്ചപ്പോൾ കണ്ടുനിന്നതാണ്. ഇപ്പോൾ ബിജെപിക്കെതിരെ തിരിയുമ്പോഴും വെറുതെ കണ്ടുനിന്നാൽ മാത്രം മതിയെന്നും ഈ സീനിൽ നമ്മളില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കാലങ്ങൾ കൊണ്ട് അർണബ് ഉണ്ടാക്കിയെടുത്ത മിത്തിനെ അദ്ദേഹം തന്നെ തകർക്കുകയാണെന്നും ഇത് ശരിക്കും ‘Masterstroke’ ആണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
Content Highlight: Sandeep Warrier mocks Arnab Goswami’s central criticism