| Thursday, 13th November 2025, 8:25 am

കൊലക്കേസ് പ്രതിയെ ജില്ലാ പ്രസിഡന്റാക്കുന്ന ബി.ജെ.പി; പാലക്കാട്ടെ ജനങ്ങള്‍ക്ക് ഗുണ്ടകളില്‍ നിന്ന് മോചനം വേണം: സന്ദീപ് വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒറ്റപ്പാലം: പാലക്കാട് നഗരത്തിലെ ജനങ്ങള്‍ക്ക് ഗുണ്ടകളില്‍ നിന്ന് മോചനം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഭയം മൂലം മൗനം പാലിക്കാന്‍ കഴിയുന്ന കുറേ കഥയില്ലാതായി പോയ പാവങ്ങളുടെ നാടാണ് പാലക്കാടെന്നും സന്ദീപ് വാര്യര്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.

പാലക്കാട്ടെ വിവിധ മേഖലകളിലെ ജനങ്ങളുടെ ജീവിതം ‘വിയറ്റ്‌നാം കോളനി’യിലേതിന് തുല്യമെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

വടക്കന്തറ കാര്യാലയത്തില്‍ ഇരുന്ന് കണ്ണന്‍ സ്രാങ്കും വട്ടപ്പള്ളിയും റാവുത്തറുമൊക്കെ പറയുന്നത് അനുസരിക്കാന്‍ വിധിക്കപ്പെട്ട, ജനാധിപത്യ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടവരുമാണ് അവിടുത്തെ ജനങ്ങളെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.

തിരുവായ്ക്ക് എതിര്‍വായില്ലാത്ത മൂത്താന്തറയിലേയും വടക്കന്തറയിലേയും ജനങ്ങളാണ് കൊലക്കേസ് പ്രതിയെ ജില്ലാ പ്രസിഡന്റാക്കാനും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കാനും ലജ്ജയില്ലാത്ത ബി.ജെ.പിയുടെ ധൈര്യമെന്നും സന്ദീപ് ചൂണ്ടിക്കാട്ടി. തങ്ങളെ ഒരു കാലത്തും എതിര്‍ക്കില്ല, എതിര്‍ക്കാന്‍ ധൈര്യം കാണിക്കില്ല എന്ന അഹങ്കാരമാണ് പാലക്കാട്ടെ ബി.ജെ.പിയെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്ത് വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും, തുടര്‍ച്ചയായി ഏകപക്ഷീയമായി ജയിക്കുന്ന വാര്‍ഡുകളില്‍ വികസനമെത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു.

ഈ മേഖലകളില്‍ കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ പ്രതീക്ഷയുടെ ചില നാമ്പുകള്‍ പൊട്ടി മുളക്കുന്നുണ്ട്. പ്രത്യേകിച്ച് പുതിയ തലമുറയിലെ യുവതീ യുവാക്കളും സ്ത്രീകളും തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയും കോടികള്‍ സമ്പാദിച്ചു കൂട്ടുകയും ചെയ്യുന്ന ബി.ജെ.പി മാഫിയാ നേതൃത്വത്തെ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറയുന്നു.

ഒരു ജനതയേയും ഏറെക്കാലം അടിമകളാക്കി വെക്കാന്‍ ആര്‍ക്കും സാധിക്കില്ല. സ്വയം പ്രഖ്യാപിത നേതാക്കളായ ബി.ജെ.പി ഗുണ്ടകളെ പാലക്കാട്ടെ ജനത വൈകാതെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മനോരമ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചക്കിടെ എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ ബി.ജെ.പി പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ കൈയേറ്റം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പാലക്കാട്ടെ ഗുണ്ടാ ഭയത്തെ സംബന്ധിച്ച സന്ദീപ് വാര്യരുടെ പ്രതികരണം.

പാലക്കാട് നഗരസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രശാന്ത് ശിവന്‍ അടക്കമുള്ളവരാണ് ഇടംപിടിച്ചിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന ജില്ലയിലെ ഏക തദ്ദേശ സ്ഥാപനമാണ് പാലക്കാട് നഗരസഭ.

Content Highlight: Sandeep varier says the people of Palakkad city need to be freed from goons

We use cookies to give you the best possible experience. Learn more