പാലക്കാട്: കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രുദ്ര ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആര്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
രുദ്രയുടേത് കേവലം ഒരു മരണമല്ലെന്നും മറിച്ച് ആര്‍.എസ്.എസ് എന്ന പ്രസ്ഥാനത്തിന്റെ മനുഷ്യത്വവിരുദ്ധമായ മുഖം വെളിവാക്കുന്ന ക്രൂരതയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
സംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര്‍ വില്‍ക്കരുതെന്ന വാചകത്തോട് കൂടിയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. ഒറ്റപ്പാലം വരോട് സ്വദേശി രാജേഷ് എന്നയാളുടെ മകളാണ് രുദ്ര.
ഭക്ഷണം വിളമ്പുന്നതിനിടെ കറി തുളുമ്പി സീനിയേഴ്‌സിന്റെ ദേഹത്ത് വീണതിന്, ബോഡി ഷെയ്മിങ് നടത്തിയും മാനസികമായി തളര്‍ത്തിയും വിദ്യാര്‍ത്ഥിനിയെ മരണത്തിലേക്ക് തള്ളിവിട്ടവര്‍ ഈ സമൂഹത്തിന് തന്നെ അപമാനമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കാതെ രാജേഷിന്റെ പരാതി മാനേജ്മെന്റ് പൂഴ്ത്തിവെച്ചുവെന്നും സന്ദീപ് ആരോപിച്ചു. കുട്ടി മരിച്ചതിന് പിന്നാലെ, ഒരു സംഘപരിവാര്‍ നേതാവ് രാജേഷിനെ വിളിച്ച് സംഘത്തിന്റെ അഭിമാനമാണ് വലുതെന്നും കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടതായും സന്ദീപ് വാര്യര്‍ പറയുന്നു.
‘സ്വന്തം മകളുടെ തണുത്ത ശരീരം പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കുമ്പോള്‍ ആ അച്ഛനെ ഫോണില്‍ വിളിച്ച് ഒരു സംഘപരിവാര്‍ നേതാവ് പറഞ്ഞത് എന്താണെന്നോ? ‘സംഘത്തിന്റെ അഭിമാനമാണ് പ്രധാനം, അതുകൊണ്ട് കേസിന് പോകരുത്’ എന്ന്! സ്വന്തം പ്രവര്‍ത്തകന്റെ ഹൃദയം പിളരുന്ന വേദനയേക്കാള്‍ വലുതാണ് ഇവര്‍ക്ക് സംഘടനയുടെ പ്രതിച്ഛായ,’ സന്ദീപ് വാര്യരുടെ വാക്കുകള്‍.
‘കുടുംബത്തോട് സഹതാപമുണ്ട്, പക്ഷേ ഇത് സംഘത്തിന്റെ സ്‌കൂളായി പോയില്ലേ…,’ എന്നാണ് സംഘപരിവാറിനിടയില്‍ വലിയ അംഗീകാരമുള്ള ഒരു വനിതാ നേതാവില്‍ നിന്നും രാജേഷിന് ലഭിച്ച പ്രതികരണമെന്നും സന്ദീപ് പറയുന്നു.
ഈ ദാരുണസംഭവം മറ്റേതെങ്കിലും സമുദായം നടത്തുന്ന സ്‌കൂളിലായിരുന്നു നടന്നതെങ്കില്‍, ഇപ്പോള്‍ അവിടെ ഈ നേതാക്കള്‍ താണ്ഡവമാടിയേനെയെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. എന്നാല്‍ സ്വന്തം സ്‌കൂളായപ്പോള്‍ കുറ്റവാളികളെ വെള്ളപൂശാനും രാജേഷിന്റെ കുടുംബത്തിനെതിരെ സൈബര്‍ ഗുണ്ടകളെ വിട്ട് അധിക്ഷേപിക്കാനുമാണ് സംഘപരിവാര്‍ തുനിഞ്ഞതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
വിരലിലെണ്ണാവുന്ന നേതാക്കള്‍ ഒഴിച്ച്, ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഒരു നേതാക്കളും രുദ്രയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി സ്ഥലത്തെത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രുദ്രയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം കാര്യക്ഷമമാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും എസ്.പി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ അറിയിച്ചു. ഒരു സംഘടനയും മനുഷ്യത്വത്തേക്കാള്‍ വലുതല്ലെന്നും രുദ്രയുടെ മരണത്തിന് ഉത്തരവാദികളായവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും സന്ദീപ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് രുദ്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രുദ്രയുടെ മരണത്തില്‍ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പിതാവ് രാജേഷ് തിക്കോടി പരാതി നല്‍കിയിരുന്നു. പ്രസ്തുത പരാതിയിന്മേല്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Sandeep Varier against RSS over Palakkad student Rudra’s death