| Saturday, 27th December 2025, 8:00 am

മാത്യു കുഴല്‍നാടന്‍ ചത്തു, തെമ്മാടിക്കൂട്ടം പരാമര്‍ശം; അഡ്വ. അനില്‍ കുമാറിനെതിരെ വിമർശനവുമായി സന്ദീപ് വാര്യർ

രാഗേന്ദു. പി.ആര്‍

പാലക്കാട്: തെമ്മാടിക്കൂട്ടം പരാമര്‍ശത്തില്‍ സി.പി.ഐ.എം സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. അനില്‍ കുമാറിനെതിരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. അനില്‍ കുമാറിന്റേത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് ചേര്‍ന്ന പരാമര്‍ശങ്ങളല്ലെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ എഴുതി.

തെറ്റ് തിരുത്താന്‍ തയ്യാറാകാതെ ചര്‍ച്ച ബഹിഷ്‌കരിച്ച നടപടി ജനാധിപത്യപരമായ സംവാദങ്ങളോടുള്ള വെല്ലുവിളിയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ചത്തു, തെമ്മാടിക്കൂട്ടങ്ങള്‍ എന്നീ പ്രയോഗങ്ങളിലാണ് വിമര്‍ശനം. ഇന്നലെ (വെള്ളി) മാതൃഭൂമി ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് അനില്‍ കുമാര്‍ ഈ പ്രയോഗങ്ങള്‍ നടത്തിയത്.

‘ചെവിക്കുറ്റിക്ക് അടി വാങ്ങിയ മാത്യു കുഴല്‍നാടനുണ്ട്. ചത്തു കിടക്ക… എന്നിട്ട് എക്സാലോജിക് കേസില്‍ ഒരാള്‍ വന്നിരുന്ന് വിളമ്പുകയാണ്. ആ പണിക്ക് നിന്നുതരാന്‍ കഴിയില്ല. ഇത്തരം തെമ്മാടിക്കൂട്ടങ്ങള്‍ക്ക് ഒപ്പം ചര്‍ച്ചയ്ക്ക് തയ്യാറല്ല,’ എന്നായിരുന്നു അനില്‍ കുമാറിന്റെ പരാമര്‍ശം.

രാഷ്ട്രീയ നിരീക്ഷകന്‍ പ്രമോദ് പുഴങ്കരയുമായുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു അനില്‍ കുമാര്‍ പാനലിസ്റ്റുകളെ തെമ്മാടിക്കൂട്ടങ്ങള്‍ എന്ന് വിളിച്ചത്. എക്സാലോജിക് കേസിനെ ഉദ്ധരിച്ചുള്ള പ്രമോദിന്റെ പരാമര്‍ശമാണ് അനില്‍ കുമാറിനെ പ്രകോപിപ്പിച്ചത്.

ഇതിനുപിന്നാലെ ‘തെമ്മാടിക്കൂട്ടം’ പരാമര്‍ശം പിന്‍വലിക്കണമെന്ന് വാര്‍ത്ത അവതാരകയായ മാതു സജി ആവശ്യപ്പെട്ടെങ്കിലും അനില്‍ കുമാര്‍ അതിന് തയ്യാറായില്ല. കോണ്‍ഗ്രസ് പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത സന്ദീപ് വാര്യരും ബി.ജെ.പി പ്രതിനിധിയായ ശ്യാം രാജും പ്രമോദ് പുഴങ്കരയും ഇതേ ആവശ്യം ഉന്നയിച്ചു.

എന്നാല്‍ ‘മാത്യു കുഴല്‍നാടനെ പിന്തുണച്ചുകൊണ്ട് തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ഇവിടെ ഒരു ചാനലിന്റെയും ആവശ്യമില്ലെ’ന്നായിരുന്നു അനില്‍ കുമാറിന്റെ മറുപടി. സുപ്രീം കോടതി പിഴയൊടുക്കുമെന്ന് പറഞ്ഞ കേസിലാണ് തെമ്മാടിക്കൂട്ടങ്ങള്‍ വര്‍ത്തമാനം പറയുന്നതെന്നും അനില്‍ കുമാര്‍ പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് സന്ദീപ് വാര്യരുടെ പ്രതികരണം. നേരത്തെ തന്റെ ഭാഗത്തുനിന്നും ചില മോശം പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍, ഭാവിയില്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ വ്യക്തിപരമായി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. തെറ്റുകള്‍ സംഭവിക്കാം. പക്ഷേ അത് തിരുത്താനുള്ള മനോഭാവം പ്രധാനമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

എന്നാല്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന അനില്‍ കുമാറിനെപ്പോലെയുള്ളവര്‍ തെറ്റ് തിരുത്താന്‍ തയ്യാറാകാതെ ധിക്കാരം തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ തെറിവിളിയല്ല, മാന്യമായ ഭാഷയാണ് ഉപയോഗിക്കേണ്ടത്. സ്വന്തം പരാജയം മറച്ചുവെക്കാന്‍ പാനലിസ്റ്റുകളെ അധിക്ഷേപിക്കുന്ന ശൈലി രാഷ്ട്രീയ കേരളം തള്ളിക്കളയുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Content Highlight: Sandeep Varier against Adv. Anil Kumar’s bad remarks in mathrubhumi channel

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more