| Monday, 15th December 2025, 2:06 pm

എന്നെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ബജറ്റ് കൃത്യമായി നോക്കും; എടുത്താല്‍ പൊങ്ങാത്തത് ചെയ്തിട്ട് കാര്യമില്ല: സന്ദീപ് പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമീപ കാലത്ത് മലയാള സിനിമയില്‍ ഓളം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന നടനാണ് സന്ദീപ് പ്രദീപ്. പതിനെട്ടാം പടി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയ സന്ദീപ് പിന്നീട് മികച്ച സിനിമകളുടെ ഭാഗമായി.

ഫാലിമിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ പടക്കളം എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന എക്കോയിലും സന്ദീപ് മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ ക്യൂസ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സിനിമയുടെ ബജറ്റ് വളരെ പ്രധാനപ്പെട്ട ഘടകം ആണെന്ന് പറയുകയാണ് സന്ദീപ്.

സന്ദീപ് പ്രദീപ് photo: Sandeep pradeep/ Insta.com

‘സിനിമയുടെ ബജറ്റ് വളരെ പ്രധാനപ്പെട്ടതാണ്. നമ്മളെ വെച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ എത്രത്തോളം സേഫാക്കാന്‍ കഴിയുമെന്ന ബോധം ഒരു അഭിനേതാവെന്ന് നിലയില്‍ നമുക്ക് വേണം. അതിന് മുകളിലേക്ക് പോയി ‘ഞാന്‍ ഒരു ബിഗ് ബജറ്റില്‍ ഒരു സിനിമ ചെയ്യുകയാണ്’ എന്ന് പറയുന്നതില്‍ കാര്യമില്ല. മുടക്കിയ പൈസ തിരിച്ച് കൊടുക്കാന്‍ കഴിയണം,’ സന്ദീപ് പ്രദീപ് പറയുന്നു.

കൊമേഴ്ഷ്യലി സക്‌സസ് ആയിട്ടില്ലെങ്കില്‍ നല്ല സിനിമയാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും സിനിമ വിജയമാകാത്തത് ഒരുപാട് പേരെ നിരാശരാക്കുമെന്നും നടന്‍ പറഞ്ഞു. അതിന്റെ ഒരു ബാലന്‍സ് എപ്പോഴും കണ്ടെത്തണമെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

‘മുടക്കുമുതല്‍ തിരിച്ച് കൊടുക്കാന്‍  കഴിയുമെന്ന് വിശ്വാസമുള്ള സിനിമകളാണ് ഞാന്‍ തെരഞ്ഞെടുക്കുക. അങ്ങനെയുള്ള സിനിമകള്‍ ആയിരിക്കും ഞാന്‍ പ്ലാന്‍ ചെയ്യുക. പൊങ്ങാത്തത് ചെയ്തിട്ട് കാര്യമില്ല,’ സന്ദീപ് പറയുന്നു.

ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. പടക്കളത്തിന് ശേഷം സന്ദീപ് പ്രദീപ് നായക വേഷത്തിലെത്തിയ ചിത്രത്തില്‍ ബിയാന മോമിന്‍, നരേന്‍, വിനീത്, സൗരഭ് സച്ച്ദേവ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. എക്കോയില്‍ പീയൂസ് എന്ന കഥാപാത്രമായാണ് സന്ദീപ് എത്തിയത്.

Content Highlight: Sandeep says that the budget of the film is a very important factor

We use cookies to give you the best possible experience. Learn more