തിയേറ്ററില്‍ ഗംഭീര മുന്നേറ്റം തുടരുകയാണ് സന്ദീപ് പ്രദീപ് പ്രധാനവേഷത്തിലെത്തിയ എക്കോ. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ഈ ചിത്രം നവംബര്‍ 21നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ വിനീത്, നരേന്‍, ബിനു പപ്പു, അശോകന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ഇപ്പോള്‍ റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ എക്കോ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് സന്ദീപ്.
‘പടക്കളവും ആലപ്പുഴ ജിംഖാനെയും ഇറങ്ങുന്നതിന് മുമ്പ് കമ്മിറ്റ് ചെയ്ത സിനിമയാണ് എക്കോ. പക്ഷേ രണ്ട് സിനിമകളുടെയും ഷൂട്ട് കഴിഞ്ഞിരുന്നു. അതിന് ശേഷം ചെയ്യുന്ന ഒരു സിനിമ എന്ന നിലയില്‍ പെര്‍ഫോമന്‍സ് വൈസ് നോക്കുന്നതിനേക്കാളും, ഇങ്ങനെ ഒരു ക്രാഫ്റ്റിന്റെ ഭാഗമാകുക എന്നതാണ് ഞാന്‍ മുന്നില്‍ കണ്ട കാര്യം. കിഷ്‌കിന്ധാ കാണ്ഡം ടീം എന്നു പറയുമ്പോള്‍ സ്വാഭാവികമായി ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടാകും. എന്നിലേക്ക് ഈ കഥ വന്നപ്പോഴും ഞാന്‍ അത് തന്നെയാണ് ചിന്തിച്ചത്,’ സന്ദീപ് പറയുന്നു.
തിരക്കഥ വായിക്കുമ്പോള്‍ വല്ലാത്ത ഒരു പുതുമയുണ്ടായിരുന്നുവെന്നും മലയാളത്തില്‍ ഇതുവരെ പറയാത്ത രീതിയിലുള്ള ഒരു പാറ്റേണും ഒരു കഥാ പശ്ചാത്തലവുമാണ് ചിത്രത്തിന്റേതെന്നും നടന്‍ പറഞ്ഞു. താന്‍ വളരെ എക്‌സൈറ്റാഡായിട്ട് ജോയിന്‍ ചെയ്ത ഒരു സിനിമ കൂടിയാണ് എക്കോയെന്നും സന്ദീപ് പറഞ്ഞു.
‘ പിന്നെ ഒരോരുത്തര്‍ പറയുന്നത് പോലെ എക്‌സ്ട്രാ ഓര്‍ഡിനറി പെര്‍ഫോമന്‍സൊന്നും ഞാന്‍ ചെയ്തിട്ടില്ല. അല്ലെങ്കില്‍ ഭയങ്കര അഭിനയ മുഹൂര്‍ത്തങ്ങളുള്ള ഒരു ക്യാരക്ടര്‍ ഒന്നും അല്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും ഈക്വല്‍ സ്‌പേയ്‌സാണ് ഈ സിനിമയില്‍. എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ ഒരു ക്യാര്ക്ടര്‍ ആര്‍ക്ക് ഉണ്ട്. പെര്‍ഫോമന്‍സിനേക്കാളും ഈ സിനിമയുടെ കിങ് എന്ന് പറയുന്നത് അതിന്റെ കണ്ടന്റ് ആണ്,’സന്ദീപ് പറഞ്ഞു.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാമാണ് സിനിമ നിര്‍മിച്ചത്. പടക്കളത്തിന് ശേഷം സന്ദീപ് പ്രധാനവേഷത്തിലെത്തിയ ചിത്രം കൂടിയാണ് എക്കോ. സിനിമയില്‍ നടന്റെ പ്രകടനത്തെ പറ്റിയും മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദ് തന്നെയാണ് എക്കോയുടെയും സംഗീതം നിര്‍വഹിച്ചിരിക്കുന്നത്
Content highlight: Sandeep says Echo Cinema’s content is its king