| Sunday, 27th July 2025, 3:00 pm

അനിമലിലെ ആ ഒരു കാര്യത്തില്‍ മാത്രം എനിക്ക് റിഗ്രെറ്റ് ഉണ്ട്: സന്ദീപ് റെഡ്ഡി വംഗ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സന്ദീപ് റെഡ്ഡി വംഗ സഹരചനയും സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രമാണ് അനിമല്‍. രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന, ട്രിപ്റ്റി ദിമ്രി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

അനിമലില്‍ രണ്‍ബീര്‍ കപൂര്‍ രണ്‍വിജയ് സിങ് ബല്‍ബീര്‍ ആയിട്ടാണ് അഭിനയിച്ചത്. ടോക്സിക് ആയിട്ടുള്ള പുരുഷത്വത്തെയും സ്ത്രീവിരുദ്ധതയെയും മഹത്വവല്‍ക്കരിക്കുന്നതിന് ചിത്രം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ബോക്‌സ് ഓഫീസില്‍ ഹിറ്റടിച്ചെങ്കിലും 2023ലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു.

അനിമല്‍ എന്ന ചിത്രത്തില്‍ എന്തെങ്കിലും കാര്യത്തില്‍ റിഗ്രെറ്റ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇപ്പോള്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് മുമ്പ് അനിമലില്‍ നിന്ന് ഏഴ് മിനിറ്റോളം തനിക്ക് കട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അതില്‍ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ ലെങ്ത്ത് കുറക്കാന്‍ തന്റെമേല്‍ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും അന്ന് വെട്ടിക്കളഞ്ഞ ആ സീനുകള്‍ തിയേറ്ററില്‍ എത്താത്തതില്‍ തനിക്ക് സങ്കടമുണ്ടെന്നും സന്ദീപ് പറയുന്നു. ചിത്രത്തിന്റെ ആദ്യത്തെ ദൈര്‍ഘ്യം മൂന്ന് മണിക്കൂര്‍ നാല്‍പ്പത്തിയഞ്ച് മിനിറ്റ് ആയിരുന്നുവെന്നും പിന്നീടത് മൂന്ന് മണിക്കൂര്‍ മുപ്പത് മിനിറ്റ് ആക്കി കുറച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തിയേറ്റര്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വീണ്ടും അതില്‍ നിന്ന് ഏഴ് മിനിറ്റ് വെട്ടിമാറ്റാന്‍ താന്‍ നിര്‍ബന്ധിതനായെന്നും സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു. തിയേറ്ററില്‍ ആ ചിത്രം കണ്ടപ്പോള്‍ തനിക്ക് തൃപ്തി തോന്നിയെന്നും എന്നാല്‍ അവസാന മിനിറ്റുകളില്‍ ചിലത് ഇല്ലാത്തതുകൊണ്ട് ദുഖം തോന്നിയെന്നും അദ്ദേഹം പറയുകയുണ്ടായി.

‘അനിമല്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനിരുന്നപ്പോള്‍ വെട്ടിമാറ്റിയ ഏഴ് മിനിറ്റ് കൂടി ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. തിയേറ്റര്‍ റിലീസിന്റെ അതേ ദൈര്‍ഘ്യമായിരുന്നു ഒ.ടി.ടിയിലും,’ സന്ദീപ് റെഡ്ഡി വംഗ പറയുന്നു.

Content Highlight: Sandeep Reddy Vanga Talks About Animal Movie

We use cookies to give you the best possible experience. Learn more