| Monday, 17th November 2025, 7:14 am

എന്നിലെ നടന്‍ വളര്‍ന്നെന്ന് തോന്നുമ്പോള്‍ തന്മാത്ര പോലൊരു ചിത്രം ചെയ്യണം; ആ കാര്യത്തില്‍ നിര്‍ബന്ധമുണ്ട്: സന്ദീപ് പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷോര്‍ട്ട് ഫിലിമുകളിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന നടനാണ് സന്ദീപ് പ്രദീപ്. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ പതിനെട്ടാം പടിയാണ് സന്ദീപ് ഭാഗമായ ആദ്യ ചിത്രം. പിന്നീട് ഫാലിമി, ആലപ്പുഴ ജിംഖാന എന്നീ സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന എക്കോയാണ് സന്ദീപിന്റെതായി വരാനിരിക്കുന്ന ചിത്രം. ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്താണ് ശ്രദ്ധിക്കാറുള്ളതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടന്‍. എണ്ണത്തെക്കാള്‍ ചെയ്യുന്ന കഥാപാത്രങ്ങളും സിനിമയും മികച്ചതാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞ സിനിമയിലെ കഥാപാത്രവുമായി അടുത്ത സിനിമയിലെ റോളിന് ബന്ധമുണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. എന്റെ പ്രായത്തിനും പക്വതയ്ക്കും യോജിച്ച ചിത്രങ്ങള്‍ ചെയ്യുക, നല്ല ടീമുകളുടെ ഭാഗമാകുക ഇതിനാണ് ശ്രമിക്കുന്നത്. ഞാന്‍ ചെയ്യാനാഗ്രഹിക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. സി.ഐ.ഡി മൂസ പോലെ ഒരു ചിത്രത്തിന്റെ ഭാഗമാകണമെന്നുണ്ട്.

അതുപോലെ പ്രേമം സിനിമയിലെ നായക കഥാപാത്രത്തെ പോലെ മൂന്ന് കാലഘട്ടത്തെ അവതരിപ്പിക്കണം, കുമ്പളങ്ങി നൈറ്റ്‌സ് പോലെ ജീവിതത്തോടു ചേര്‍ന്നുനില്‍ക്കുന്ന സിനിമ ചെയ്യണം എന്നൊക്കെ ആഗ്രഹമുണ്ട്. എന്നിലെ നടന്‍ അത്രമാത്രം വളര്‍ന്നെന്നു തോന്നുന്ന ഒരു കാലത്ത് തന്മാത്ര പോലൊരു ചിത്രം ചെയ്യണമെന്ന് അതിയായ മോഹമുണ്ട്,’ സന്ദീപ് പറയുന്നു.

അതേസമയം സന്ദീപ് നായകനായെത്തുന്ന എക്കോ സവംബര്‍ 21നാണ് തിയേറ്ററുകളിലെത്തുന്നത്. ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേന്‍, അശോകന്‍. വിനീത്, ബിനു പപ്പു തുടങ്ങിയവരും അഭിനയിക്കുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന് ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് സിനിമാ ലോകത്തിന്.

Content highlight: Sandeep Pradeep talks about the character he wants to play

We use cookies to give you the best possible experience. Learn more