| Saturday, 21st November 2026, 10:09 pm

എല്‍.ബി വര്‍ക്ക്‌ഷോപ് എന്ന പേരില്‍ ഞങ്ങള്‍ വി.എഫ്.എക്‌സ് സ്റ്റുഡിയോ തുടങ്ങി; വണ്ടി കേടായി എന്നൊക്കെ പറഞ്ഞ് ആളുകള്‍ വിളിക്കാറുണ്ടായിരുന്നു: സന്ദീപ് പ്രദീപ്‌

അമര്‍നാഥ് എം.

മോളിവുഡില്‍ പുതിയ ജനറേഷന്‍ താരങ്ങളില്‍ ശ്രദ്ധ നേടിയ നടനാണ് സന്ദീപ് പ്രദീപ്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന സന്ദീപ് ചെറിയ റോളുകളിലൂടെയാണ് മുന്‍നിരയിലെത്തിയത്. 2025ല്‍ ആലപ്പുഴ ജിംഖാന, പടക്കളം, എക്കോ എന്നീ സിനിമകളിലെ പ്രകടനം ഒരുപാട് പ്രശംസ സമ്മാനിച്ചു.

കരിയറില്‍ ആദ്യമായി സൂപ്പര്‍ഹീറോയായി വേഷമിടുന്ന കോസ്മിക് സാംസണ്‍ റിലീസിന് തയാറെടുക്കുകയാണ്. പുറത്തുവന്ന ഓരോ അപ്‌ഡേറ്റിലും ക്വാളിറ്റിയുള്ള ചിത്രമെന്ന ഉറപ്പ് കോസ്മിക് സാംസണിന്റെ അണിയറപ്രവര്‍ത്തകര്‍ സമ്മാനിക്കുന്നുണ്ട്. കരിയറിലെ അടുത്ത സ്റ്റേജിലേക്കുള്ള സന്ദീപിന്റെ എന്‍ട്രിയാകും കോസ്മിക് സാംസണ്‍.

സന്ദീപ് പ്രദീപ് Photo: Screen grab/ Club FM

ഇപ്പോഴിതാ സിനിമയിലേക്ക് വരുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സന്ദീപ് പ്രദീപ്. പഠിത്തം കഴിഞ്ഞ് സിനിമയിലേക്ക് ട്രൈ ചെയ്ത സമയത്ത് ചെറിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്ന് താരം പറഞ്ഞു. താനും അനുരാജും വാഴയുടെ സംവിധായകന്‍ ആനന്ദ് മേനോനും ചേര്‍ന്ന് ഒരു വി.എഫ്.എക്‌സ് സ്റ്റുഡിയോ ആരംഭിച്ചിരുന്നെന്നും സന്ദീപ് പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഞങ്ങള്‍ മൂന്ന് പേരും കൂടി ഒരു വി.എഫ്.എക്‌സ് സ്റ്റുഡിയോ തുടങ്ങിയിട്ടുണ്ടായിരുന്നു. ചെറിയ സെറ്റപ്പിലായിരുന്നു അത് തുടങ്ങിയത്. അനുരാജ് ഡിസൈന്‍ ചെയ്യും, ഞാന്‍ വി.എഫ്.എക്‌സ് ചെയ്യും. എല്‍.ബി. വര്‍ക്ക്‌ഷോപ്പ് എന്നായിരുന്നു അതിന്റെ പേര്. ലൂമിയര്‍ ബ്രോസ് വര്‍ക്ക്‌ഷോപ്പ് എന്ന പേരാണ് നല്‍കിയത്. കല്യാണ വീഡിയോകള്‍, ഷോര്‍ട്ട് ഫിലിമിന്റെ ഗ്രാഫിക്‌സ്, കളര്‍ ഗ്രേഡിങ് അങ്ങനെയുള്ള പരിപാടികളായിരുന്നു ചെയ്തുകൊണ്ടിരുന്നത്.

കിട്ടുന്ന പൈസ മുഴുവന്‍ റെന്റടച്ച് തീര്‍ക്കും. ആയിരം, ആയിരത്തി അഞ്ഞൂറ് രൂപയൊക്കയാണ് ഓരോ വര്‍ക്കിനും കിട്ടുക. അത് കൂട്ടി വെച്ച് ഒരുമാസത്തെ വാടക കൊടുക്കും. 8000 രൂപയാണ് വീടിന്റെ വാടക. വര്‍ക്കുകളില്‍ കിട്ടുന്ന പൈസ റെന്റടക്കുമ്പോള്‍ തീരും. പിന്നെ ആരുടെ കൈയിലും പൈസയുണ്ടാകില്ല. മൂന്ന് മാസത്തോളം പണിയില്ലാതിരുന്നപ്പോള്‍ ഒരു കോള്‍ വന്നു.

‘ചേട്ടാ ഞങ്ങളുടെ വണ്ടി കേടായി. ഒന്ന് ഇങ്ങോട്ട് വരുമോ’ എന്നായിരുന്നു ചോദിച്ചത്. ഇത് ആ വര്‍ക്ക്‌ഷോപ്പല്ല എന്ന് അവരെ പറഞ്ഞ് മനസിലാക്കി. അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. അഞ്ച് മാസം കഴിഞ്ഞപ്പോള്‍ അത് പൂട്ടിപ്പോയി. ചില ആളുകള്‍ നമ്മള് ചെയ്ത വര്‍ക്കിന് പൈസ തരാതെ മുങ്ങിയിട്ടുമുണ്ട്,’ സന്ദീപ് പ്രദീപ് പറയുന്നു.

Content Highlight: Sandeep Pradeep shares his old memories before entering cinema

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more