| Wednesday, 19th November 2025, 2:14 pm

ആള്‍ക്കൂട്ടത്തില്‍ നിന്ന ഞാന്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്തു: വല്ലാത്ത നിമിഷമായിരുന്നു അത്: സന്ദീപ് പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പതിനെട്ടാം പടി എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചതാണ് തന്നെ ഏറ്റവും അമ്പരിപ്പിച്ച നിമിഷമെന്ന് നടന്‍ സന്ദീപ് പ്രദീപ്. ഷോര്‍ട് ഫിലിമുകളില്‍ നിന്ന് ചലച്ചിത്ര രംഗത്തേക്കെത്തിയ സന്ദീപിന്റെ ആദ്യം സിനിമ കൂടിയാണ് പതിനെട്ടാം പടി. ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചതാണ് ഏറ്റവും വലിയ ‘വൗ’ മൊമെന്റെന്നും മമ്മൂട്ടിയുടെ സിനിമകളുടെ ഷൂട്ട് കാണാന്‍ പണ്ട് പലതവണ പോയിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു.

‘അന്നൊക്കെ അദ്ദേഹത്തെ കാണാന്‍ വേണ്ടി ആള്‍ക്കൂട്ടത്തിനൊപ്പം മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ട്. അവിടെ, ആ ആള്‍ക്കൂട്ടത്തില്‍ നിന്ന ഞാന്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നു. വല്ലാത്തൊരു നിമിഷമായിരുന്നു അത്. സിനിമയുടെ മാജിക് എന്നല്ലാതെ എന്തുപറയാന്‍,’ സന്ദീപ് പ്രദീപ് പറയുന്നു.

ഷോര്‍ട് ഫിലിംസിലൂടെയാണ് തന്റെ തുടക്കമെന്നും ചെറുതും വലുതുമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമ പഠിപ്പിച്ചുവെന്നും സന്ദീപ് പറഞ്ഞു. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തിയ അന്നു മുതല്‍ സിനിമയെ വളരെ സീരിയസായാണ് താന്‍ കണ്ടതെന്നും ഓരോ സിനിമ കഴിയുമ്പോഴും സ്വയം എങ്ങനെ മെച്ചപ്പെടുത്താം എന്ന് ആലോചിക്കാറുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഫാലിമി, ആലപ്പുഴ ജിംഖാന എന്നീ സിനിമകളില്‍ ഭാഗമായ സന്ദീപ് മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന എക്കോയാണ് സന്ദീപിന്റെതായി വരാനിരിക്കുന്ന ചിത്രം. ബാഹുല്‍ രമേശ് തിരക്കഥയെഴുതുന്ന സിനിമയില്‍ സന്ദീപിന് പുറമെ നരേന്‍, വിനീത്, ബിനു പപ്പു തുടങ്ങിയവരും പ്രധാനവേഷങ്ങൡലെത്തുന്നുണ്ട്. ചിത്രം സവംബര്‍ 21ന് തിയേറ്ററുകളിലെത്തും.

Content highlight: Sandeep Pradeep says that the most surprising moment for him was being able to act with Mammootty 

We use cookies to give you the best possible experience. Learn more