| Friday, 28th November 2025, 7:21 am

അതെനിക്ക് പേടി സ്വപ്‌നം പോലെ; എപ്പോള്‍ വേണമെങ്കിലും തെന്നി വീഴാവുന്ന സ്ഥലത്ത് റബ്ബര്‍ ചെരുപ്പ് ഇട്ടാണ് ഓടിയത്: സന്ദീപ് പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘എക്കോ’യില്‍ ഏതെങ്കിലും ഒരു ഷോട്ടിന് റീടേക്ക് വരുന്നത് പേടി സ്വപ്‌നമായിരുന്നുവെന്ന് നടന്‍ സന്ദീപ് പ്രദീപ്. ആദ്യത്തെ ടേക്കിന് ഷോട്ട് ഭംഗിയാക്കാന്‍ വേണ്ടി താന്‍ എപ്പോഴും ശ്രമിക്കുമായിരുന്നുെവന്നും സന്ദീപ് പറഞ്ഞു.

Eko Theatrical poster

ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ വിജയകുതിപ്പ് തുടരുകയാണ്. പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ നേടുന്ന ചിത്രം സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്.

ഇപ്പോള്‍ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സന്ദീപ്. എപ്പോഴും മഴ പെയ്യുന്ന സ്ഥലമായത് കൊണ്ട് ഷോട്ട് എടുക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് നടന്‍ പറയുന്നു.

‘ഒരു ടെറയ്‌നിന്റെ എ ടു ബി പോയിന്റ് ഉണ്ട്. അതിലൂടെ നമ്മള്‍ ഓടിയിട്ട് തിരിച്ച് വരുമ്പോള്‍ കാലില്‍ നിറച്ച് അട്ടയായിരിക്കും. മുഴുവന്‍ അട്ടയായിരിക്കും. ചില സമയങ്ങളില്‍ ഒരു ടേക്ക് കഴിയുമ്പോള്‍ മഴ പെയ്യും, അപ്പോള്‍ തെന്നും. പിന്നെ അതേ ആത്മവിശ്വാസത്തോടെ നമുക്ക് ഓടാന്‍ കഴിയണമെന്നില്ല.

പിന്നെ സ്പീഡ് കുറച്ച് ഓടാന്‍ കഴിയില്ല. ആദ്യം എടുത്ത ഷോര്‍ട്ടിന്റെ തുടര്‍ച്ചയായി വരുന്നത് കൊണ്ട് അതുപോലെ തന്നെ വരണം. മഴ പെയ്ത് കഴിഞ്ഞാല്‍ ഉണങ്ങി കിടക്കുന്ന നിലം ആകെ നനയും. അതുകൊണ്ട് എപ്പോള്‍ വേണമങ്കിലും തെന്നി വീഴാമെന്ന മൈന്‍ഡിലാണ് ഓടിയത്,’ സന്ദീപ് പ്രദീപ് പറയുന്നു.

സിനിമയില്‍ ലുങ്കിയാണ് താന്‍ കൂടുതലും ധരിച്ചിരുന്നതെന്നും റബ്ബര്‍ ചെരുപ്പ് ഇട്ടത് കൊണ്ട് തെന്നി പോകാനുള്ള സാധ്യതകള്‍ കൂടുതലായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ റീടേക്ക് ഒരു പേടി സ്വപ്‌നമായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഫസ്റ്റ് ടേക്കില്‍ എങ്ങനെയെങ്കിലും ഓക്കെയാക്കണമെന്നും അതാണ് താന്‍ ഷോട്ട് എടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ച് കൊണ്ടിരുന്നതെന്നും സന്ദീപ് പറഞ്ഞു.

പടക്കളം എന്ന സിനിമക്ക് ശേഷം സന്ദീപ് നായക വേഷത്തിലെത്തിയ സിനിമ കൂടിയായിരുന്നു എക്കോ. ചിത്രത്തില്‍ സന്ദീപിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ തുടങ്ങിയ സന്ദീപ് ഫാലിമി, ആലപ്പുഴ ജിംഖാന എന്നീ സിനിമകളില്‍ ഭാഗമായി. എന്നാല്‍ മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളത്തിലൂടെയാണ് നടന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

Content highlight: Sandeep Pradeep says that having to retake any shot in Eko was a nightmare

We use cookies to give you the best possible experience. Learn more