| Friday, 14th November 2025, 2:25 pm

പേടിച്ച് വിറച്ചാണ് ഞാന്‍ അതിന്റെ മുകളില്‍ നിന്നത്; എക്കോ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സിനിമ: സന്ദീപ് പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ഇത് എ.ഐ ആണെന്ന് പറഞ്ഞവരുണ്ടെന്ന് നടന്‍ സന്ദീപ് പ്രദീപ്. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താനും ബാഹുല്‍ രമേശും ഒന്നിക്കുന്ന സിനിമയില്‍   സന്ദീപ് പ്രദീപാണ് പ്രധാനവേഷത്തിലെത്തുന്നത്.

ഇപ്പോള്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ എക്കോയെ കുറിച്ചും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കുറിച്ചും സന്ദീപ് സംസാരിക്കുന്നു.

‘ആ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഞാന്‍ ഒരു ക്ലിഫിന്റെ മുകളില്‍ കൈ പൊക്കി നില്‍ക്കുന്നതായിരുന്നു. ഒരുപാട് മുകളില്‍ ഒരു മലയുടെ എഡ്ജില്‍ നിന്നിട്ടാണ് അത് എടുത്തത്. ഒരിക്കലും അത്ര മുകളില്‍ നിന്ന് എടുക്കേണ്ടി വരുമെന്ന് ഞാന്‍ വിചാരിച്ചില്ല. അത് കഴിഞ്ഞ് ഈ പോസ്റ്റര്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ കുറെ പേര് ഇത് എ.ഐ ആണെന്നൊക്കെ പറഞ്ഞു. ജീവന്‍ പണയം വെച്ചെടുത്ത ഫോട്ടോയാണ് അത്. എന്റെ മുഖം ആരും കാണാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്, പേടിച്ച് വിറച്ചാണ് ഞാന്‍ നിന്നത്,’ സന്ദീപ് പ്രദീപ് പറയുന്നു.

ഈ സിനിമയില്‍ തനിക്ക് ഒരുപാട് വെല്ലുവിളികളുണ്ടായെന്നും എക്കോയുടെ തിരക്കഥയുടെ നറേഷന്‍ തന്നെ താന്‍ മുമ്പ് ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. എക്കോയില്‍ കൃത്യമായിട്ടുള്ള ഡയലോഗുകള്‍ ചില മീറ്ററില്‍ സംസാരിക്കാനുണ്ടെന്നും ഇതുവരെ ജീവിതത്തില്‍ ഇടാത്ത വേഷങ്ങളൊക്ക ഈ സിനിമയില്‍ താന്‍ ധരിച്ചിട്ടുണ്ടെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

ഒക്ടോബറിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. പടക്കളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സന്ദീപ് നായക വേഷത്തിലെത്തുന്ന സിനിമ കൂടിയാണ് എക്കോ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാമാണ് എക്കോ നിര്‍മിക്കുന്നത്.

ബാഹുല്‍ രമേശ് തന്നെയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കിഷ്‌കിന്ധ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദും എക്കോയില്‍ ഉണ്ട്. സൂരജ് ഇ.എസ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ഐക്കണ്‍ സിനിമാസ് ആണ് ഡിസ്ട്രിബ്യൂഷന്‍. മിസ്ട്രി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ സന്ദീപ് പ്രദീപിന് പുറമെ വിനീത്, നരേന്‍, ബിനു പപ്പു ബിയാന മോമിന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content highlight: Sandeep Pradeep says that after seeing the first look poster of Eko, people said it was AI

We use cookies to give you the best possible experience. Learn more