| Saturday, 22nd November 2025, 10:52 pm

എനിക്കിപ്പോള്‍ ഒരു അച്ചീവ്‌മെന്റ് തോന്നുന്നു; ഇത്ര പെട്ടന്ന് വലിയ റെസ്പോണ്‍സ് പ്രതീക്ഷിച്ചില്ല: സന്ദീപ് പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എക്കോ സിനിമക്ക് ഇത്ര പെട്ടന്ന് ഒരുപാട് റെസ്‌പോണ്‍സ് വരുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്ന് നടന്‍ സന്ദീപ് പ്രദീപ്. പ്രതീക്ഷിച്ചതിലും ഒരുപാട് നല്ല പ്രതികരണങ്ങളാണ് സിനിമക്ക് ലഭിക്കുന്നതെന്നും എല്ലാം നന്നായി വന്നതില്‍ സന്തോഷമുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. എക്കോ സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്.

ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമ ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. റിലീസായി ആദ്യ ദിവസം തന്നെ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് എക്കോ. ഇപ്പോള്‍ സിനിമക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ മനസ് തുറക്കുകയാണ് സന്ദീപ്.

‘ ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് വളരാന്‍ കഴിയാവുന്ന ഒരുപാട് കാര്യങ്ങള്‍ ഈ സിനിമയില്‍ കിട്ടി. ഒന്ന് സിനിമയുടെ ടെക്‌നിക്കല്‍ ടീമാണ്. എല്ലാവരും ഈ ഇന്‍ഡസ്ട്രിയിലെ ടോപ് നോച്ചായ ആളുകളാണ്. കിഷ്‌കിന്ധാ കാണ്ഡം ഇറങ്ങിയപ്പോള്‍ തന്നെ എനിക്ക് ഇവരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചു. പിന്നെ സിനിമക്കും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്,’ സന്ദീപ് പറയുന്നു.

ഒരുപാട് സന്തോഷമുണ്ടെന്നും തനിക്കിപ്പോള്‍ ഒരു അച്ചീവ്‌മെന്റ് ഫീല്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൂടെ അഭിനയിച്ച എല്ലാവരും തന്നെ ലെജന്‍ഡ്രിയായിട്ടുള്ള അഭിനേതാക്കളാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം അതേ ടീമിന്റേതായി വന്ന ചിത്രത്തില്‍ സന്ദീപിന് പുറമെ നരേന്‍, വിനീത്, അശോകന്‍, തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

Content highlight: Sandeep Pradeep said he did not expect the movie Eko to receive such a huge response so quickly

We use cookies to give you the best possible experience. Learn more