| Tuesday, 25th November 2025, 4:15 pm

പതിനെട്ടാം പടി കയറി മലയാളസിനിമയില്‍ കസേരയിട്ട സന്ദീപ്, ഇന്‍ഡസ്ട്രിയുടെ ഭാവി ഇവിടെ സേഫാണ്

അമര്‍നാഥ് എം.

എക്കോ എന്ന സിനിമ കണ്ടവരുടെ കൂടെ അതിലെ കഥാപാത്രങ്ങളും കൂടെക്കൂടും. കുര്യച്ചനും മ്ലാത്തി ചേട്ടത്തിയും പോത്തനുമെല്ലാം ഉണ്ടെങ്കിലും എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചത് പീയൂസായിരുന്നു. വെറ്റെറന്മാരായ അഭിനേതാക്കള്‍ക്കൊപ്പം താരതമ്യേന പുതുമുഖമായ സന്ദീപ് പീയൂസ് എന്ന കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ച് കട്ടക്ക് പിടിച്ചുനിന്നെന്ന് പറയാം.

ഈ വര്‍ഷം മലയാളസിനിമ കണ്ട ഏറ്റവും വലിയ ഉയര്‍ച്ച സന്ദീപിന്റേതാണ്. 2025ല്‍ ചെയ്ത മൂന്ന് സിനിമകളിലും മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് സന്ദീപ് അവതരിപ്പിച്ചത്. അവയെല്ലാം തന്നെ ഗംഭീരമായിരുന്നു. ആലപ്പുഴ ജിംഖാനയിലെ പൂവാലനായ ഷിഫാസായാണ് സന്ദീപ് ഈ വര്‍ഷം ആദ്യം പ്രേക്ഷകരുടെ മുന്നിലെത്തിയത്.

നസ്‌ലെനൊപ്പം ഗംഭീര പെര്‍ഫോമന്‍സ് തന്നെയാണ് സന്ദീപും കാഴ്ചവെച്ചത്. ജിംഖാനക്ക് വേണ്ടി നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനും സന്ദീപിന് ഗുണം ചെയ്തു. പിന്നീട് തിയേറ്ററുകളിലെത്തിയ പടക്കളം സന്ദീപിനെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു. ആദ്യപകുതിയില്‍ പാവത്താനായും രണ്ടാം പകുതിയില്‍ ടെറര്‍ വില്ലനായും പ്രത്യക്ഷപ്പെട്ട സന്ദീപ് തന്നിലെ നടന്റെ റേഞ്ച് പടക്കളത്തിലൂടെ വ്യക്തമാക്കി.

ഇപ്പോഴിതാ എക്കോയിലും പെര്‍ഫോമറെന്ന നിലയില്‍ സന്ദീപ് തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. സിനിമയെ ആദ്യാവസാനം കൊണ്ടുപോകുന്ന കഥാപാത്രമാണ് പീയൂസ്. ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള പെര്‍ഫോമന്‍സെല്ലാം ഗംഭീരമായിരുന്നു. സിനിമ കണ്ടവര്‍ക്കെല്ലാം സന്ദീപിന്റെ കഥാപാത്രം എത്രമാത്രം പവര്‍ഫുള്ളാണെന്ന് മനസിലാകും.

സിനിമാജീവിതം ആരംഭിച്ച് ഏഴ് വര്‍ഷമായെങ്കിലും ഇപ്പോഴാണ് സന്ദീപിനെ പലരും ശ്രദ്ധിക്കുന്നത്. എല്ലാവരെയും പോലെ ഷോര്‍ട് ഫിലിമുകളില്‍ അഭിനയിച്ചാണ് സന്ദീപ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത 18ാം പടിയിലൂടെ ബിഗ് സ്‌ക്രീനില്‍ താരം അരങ്ങേറ്റം കുറിച്ചു. പിന്നീട് അന്താക്ഷരിയില്‍ മികച്ച വേഷം ലഭിച്ചെങ്കിലും പിന്നീട് ഒരുവര്‍ഷത്തോളം സന്ദീപിന് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ബേസില്‍ നായകനായ ഫാലിമിയിലെ വേഷത്തിലൂടെയാണ് സന്ദീപ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ഫാലിമി താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി മാറി. അടുത്ത സ്റ്റാര്‍ മെറ്റീരിയലായി മാറാനുള്ള എല്ലാ പൊട്ടന്‍ഷ്യലും സന്ദീപിന് ഉണ്ടെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്.

വെറും മൂന്ന് സിനിമകളിലെ പെര്‍ഫോമന്‍സ് കൊണ്ട് ഈ വര്‍ഷം തന്റെ പേരിലാക്കാന്‍ സന്ദീപിന് സാധിച്ചിട്ടുണ്ട്. കൈപിടിച്ചു കയറ്റാന്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാതിരുന്നിട്ടും മോളിവുഡില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ സന്ദീപിന്റെ കൈയില്‍ ഇന്‍ഡസ്ട്രിയുടെ ഭാവി ഭദ്രമാണെന്ന് ഉറപ്പാണ്. 18ാം പടി കയറി മലയാളസിനിമയിലേക്ക് കയറി വന്ന സന്ദീപ് ഇനിയും തിളങ്ങട്ടെ.

Content Highlight: Sandeep Pradeep’s performance in this year

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more