| Wednesday, 19th November 2025, 8:41 pm

പെട്ടെന്ന് സിനിമയിലെത്താന്‍ സാധിക്കും, അതുപോലെ ഫീല്‍ഡ് ഔട്ടാവുകയും ചെയ്യും; നിലനില്‍പ്പ് എളുപ്പമല്ല: സന്ദീപ് പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ സിനിമയില്‍ അവസരം ലഭിക്കാന്‍ എളുപ്പമാണെന്ന് പറയുകയാണ് സന്ദീപ് പ്രദീപ്. എന്നാല്‍ സിനിമയില്‍ നിലനില്‍ക്കുകയെന്നത് പ്രയാസമാണെന്നും വന്നതുപോലെ പുറത്താകാമെന്നും സന്ദീപ് പറഞ്ഞു.

മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് ഒരു റീല്‍ ചിലപ്പോള്‍ സിനിമയിലേക്കുള്ള വാതില്‍ തുറന്നേക്കാം. പക്ഷേ സന്ദീപൊക്കെ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത്, ഓഡീഷനുകള്‍ക്ക് പോയി, പലതവണ ശ്രമിച്ചാണ് സിനിമയിലെത്തിയത്. പുതിയ തലമുറയ്ക്ക് സിനിമ കുറേക്കൂടി എളുപ്പമാണോ?’ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്‍.

‘ഇന്ന് വളരെ പെട്ടെന്ന് സിനിമയില്‍ വരാന്‍ സാധിച്ചേക്കാം. പക്ഷേ അതുപോലെ ഔട്ടാവുകയും ചെയ്‌തേക്കാം. സിനിമയില്‍ നിലനില്‍ക്കുക എന്നത് എളുപ്പമല്ല.

മുമ്പൊക്കെ വളരെ കഷ്ടപ്പെട്ട്, ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയാണ് പലരും സിനിമയിലെത്തിയിട്ടുള്ളത്. അവരൊക്കെ ഇന്നും സിനിമയില്‍ തുടരുന്നു. അവര്‍ക്ക് സിനിമയോടുള്ള പാഷന്‍ വളരെ വലുതാണ്.

ഇന്ന് സിനിമയില്‍ ഒരടി പിന്നോട്ട് പോയാല്‍ നമ്മളെ കടന്നുപോകാന്‍ നൂറ് പേര്‍ കാത്തിരിക്കുന്നുണ്ടാകും. അതുകൊണ്ടുതന്നെ ഇപ്പോള്‍ സിനിമയില്‍ വരാന്‍ എളുപ്പമാണെങ്കിലും നിലനിന്നുപോവുക വളരെ പ്രയാസമാണ്, സന്ദീപ് പറഞ്ഞു.

പതിനെട്ടാം പടി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച അനുഭവത്തെ കുറിച്ചും സന്ദീപ് പറഞ്ഞു. ഷോര്‍ട് ഫിലിമുകളില്‍ നിന്ന് ചലച്ചിത്ര രംഗത്തേക്കെത്തിയ സന്ദീപിന്റെ ആദ്യം സിനിമ കൂടിയാണ് പതിനെട്ടാം പടി.

‘അന്നൊക്കെ അദ്ദേഹത്തെ കാണാന്‍ വേണ്ടി ആള്‍ക്കൂട്ടത്തിനൊപ്പം മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ട്. അവിടെ, ആ ആള്‍ക്കൂട്ടത്തില്‍ നിന്ന ഞാന്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നു. വല്ലാത്തൊരു നിമിഷമായിരുന്നു അത്. സിനിമയുടെ മാജിക് എന്നല്ലാതെ എന്തുപറയാന്‍,’ സന്ദീപ് പ്രദീപ് പറയുന്നു.

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തിയ അന്നു മുതല്‍ സിനിമയെ വളരെ സീരിയസായാണ് താന്‍ കണ്ടതെന്നും ഓരോ സിനിമ കഴിയുമ്പോഴും സ്വയം എങ്ങനെ മെച്ചപ്പെടുത്താം എന്ന് ആലോചിക്കാറുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന എക്കോയാണ് സന്ദീപിന്റെതായി വരാനിരിക്കുന്ന ചിത്രം. ബാഹുല്‍ രമേശ് തിരക്കഥയെഴുതുന്ന സിനിമയില്‍ സന്ദീപിന് പുറമെ നരേന്‍, വിനീത്, ബിനു പപ്പു തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം നവംബര്‍ 21ന് തിയേറ്ററുകളിലെത്തും.

Content Highlight: Sandeep Pradeep on entering the film industry

Latest Stories

We use cookies to give you the best possible experience. Learn more