| Friday, 13th February 2026, 6:23 pm

'ഇതാണ് സിംബാബ്‌വേയുടെ പൂര്‍ണമായ പതനം', ഇങ്ങനെ പറഞ്ഞവന്‍ ഇന്ന് ടോപ്പ് സ്‌കോറര്‍; ഓര്‍മചിത്രങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

സന്ദീപ് ദാസ്

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള സിംബാബ്‌വേയുടെ വിജയം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നുണ്ട്. പഴയകാല സിംബാബ്‌വേ ടീം നമ്മുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ്. ഒരുകാലത്ത് നാം അവരെ വളരെയേറെ സ്‌നേഹിച്ചിരുന്നു!

ആന്‍ഡി ഫ്‌ളവറിനെ മറക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? റിവേഴ്‌സ് സ്വീപ്പ് എന്ന ഷോട്ടിന് ഇന്ത്യയില്‍ ജനപ്രീതി നല്‍കിയത് ആന്‍ഡിയായിരുന്നു. അയാള്‍ ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യയുടെ നായകന്‍മാര്‍ റിവേഴ്‌സ് സ്വീപ്പിനുള്ള ഫീല്‍ഡ് വരെ ഒരുക്കുമായിരുന്നു!

ഫ്‌ളവര്‍ സഹോദരന്‍മാര്‍. Photo: All About 90s

ആന്‍ഡിയുടെ ബാറ്റ് ഇന്ത്യയെ പലതവണ വേട്ടയാടിയിട്ടുണ്ട്. എന്നിട്ടും അയാളെയും സഹോദരന്‍ ഗ്രാന്‍ഡ് ഫ്‌ളവറിനെയും നാം സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്‌നേഹിച്ചിരുന്നു.

ഡഗ്ലസ് മാരിലിയറിനെ ഓര്‍ക്കുന്നില്ലേ? ദില്‍ സ്‌കൂപ്പുമായി തിലകരത്‌നെ ദില്‍ഷന്‍ വരുന്നതിന് മുമ്പ് സ്‌കൂപ്പ് ഷോട്ടുകളിലൂടെ നമ്മുടെ മനസ്സുകളില്‍ ഇടം നേടിയ മാരിലിയര്‍! 21ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഫരീദാബാദില്‍ ഇന്ത്യയ്‌ക്കെതിരെ മാരിലിയര്‍ കളിച്ച ഇന്നിംഗ്‌സ് ഒരു ഇതിഹാസം തന്നെയായിരുന്നു!

ഡഗ്ലസ് മാരിലിയർ. Photo: ESPN

ഒരു കളിയില്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞ ഹെന്‍ട്രി ഒലോംഗ എന്ന സിംബാബ്‌വേ പേസ് ബോളറോട് നല്ല ദേഷ്യം തോന്നിയിരുന്നു. പക്ഷേ അധികം വൈകാതെ ഷാര്‍ജയില്‍ വെച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒലോംഗയെ തല്ലിച്ചതച്ചപ്പോള്‍ ആ വേദന നാം മറന്നു!

ഹെന്‍ട്രി ഒലോംഗ

നമ്മുടെ കുട്ടിക്കാലത്തെ എത്രയെത്ര ഓര്‍മ്മകളാണ് സിംബാബ്‌വേ ടീമിനുചുറ്റും വലംവെയ്ക്കുന്നത്! അങ്ങനെയുള്ള സിംബാബ്‌വേ ടീം തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തിയത് സങ്കടകരമായ കാഴ്ച്ചയായിരുന്നു.

സിംബാബ്‌വേയുടെ പതനത്തിന്റെ കാരണങ്ങള്‍ നിരവധിയായിരുന്നു. പട്ടിണി, അഴിമതി, പ്രതിഭാദാരിദ്ര്യം, മയക്കുമരുന്നിന്റെ ഉപയോഗം… അങ്ങനെ നിരവധി പ്രശ്‌നങ്ങളെ ആ ജനത അഭിമുഖീകരിച്ചിരുന്നു.

2022ല്‍ സിംബാബ്‌വേ നമീബിയയോട് ദയനീയമായി പരാജയപ്പെട്ടിരുന്നു. അന്ന് സിംബാബ്‌വേ ടീം അംഗമായ ബ്രയന്‍ ബെന്നറ്റ് പ്രതികരിച്ചു,

”സിംബാബ്‌വേ ടീമിന് ഇനി താഴോട്ട് പോകാനാവില്ല. ഇതാണ് പൂര്‍ണ്ണമായ പതനം…”

നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു. സിംബാബ്‌വേ ഇപ്പോള്‍ കംഗാരുപ്പടയെ അടിയറവ് പറയിച്ചിരിക്കുന്നു! ബ്രയന്‍ ബെന്നറ്റ് 64 റണ്‍സോടെ ടോപ് സ്‌കോറര്‍ ആവുന്നു! എത്ര സുന്ദരമായ കഥ.

ബ്ലെസിങ്ങ് മുസരബാനി എന്ന പേസറുടെ കാര്യം നോക്കുക. മുന്‍ സിംബാബ്‌വേ താരമായ തട്ടേന്‍ഡാ തൈബു ആണ് മുസരബാനിയെ കണ്ടെടുത്തത്.

തൈബു പറയുന്നു,

”ആദ്യമായി കാണുമ്പോള്‍ മുസരബാനി പോഷകാഹാരക്കുറവുള്ള ഒരു ബാലനായിരുന്നു. ഇവന് ക്രിക്കറ്റ് കളിക്കാനുള്ള ശേഷിയുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. പക്ഷേ അവന്റെ വളര്‍ച്ച ശരവേഗത്തിലായിരുന്നു…”

ഓസീസിന്റെ നാല് വിക്കറ്റുകളാണ് മുസരബാനി അരിഞ്ഞിട്ടത്. ഫാസ്റ്റ് ബോളറായ മുസരബാനി പേസും ബൗണ്‍സും ഉത്പാദിപ്പിച്ചത് കൊളംബോയിലെ സ്ലോ പിച്ചിലാണ്! പണ്ട് പട്ടിണി മൂലം വിഷമിച്ചിരുന്ന ഒരാളുടെ ഏറ്റവും കരുത്തുറ്റ വളര്‍ച്ച!

ബ്ലെസിങ്ങ് മുസരബാനി

സിംബാബ്‌വേയുടെ നെടുംതൂണായ സിക്കന്ദര്‍ റാസ ഒരു പാക്കിസ്ഥാന്‍കാരനാണ്. ഒരിക്കല്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ റാസയോട് ചോദിച്ചു,

”ജന്മനാടായ പാക്കിസ്ഥാനെതിരെ കളിച്ചപ്പോള്‍ താങ്കള്‍ക്ക് എന്ത് തോന്നി?’

റാസയുടെ മറുപടി ഇതായിരുന്നു,

സിക്കന്ദര്‍ റാസ

”പാക്കിസ്ഥാനില്‍ ജനിച്ച, സിംബാബ്‌വേയ്ക്കു വേണ്ടി കളിക്കുന്ന ഒരാളാണ് ഞാന്‍. ഇരു രാജ്യങ്ങളും എന്നെ സ്‌നേഹിക്കുന്നു…!”

ലളിതമെന്ന് തോന്നുന്ന ഒരു ഉത്തരം. പക്ഷേ അതിനേക്കാള്‍ നന്നായി ആര്‍ക്കും കളിയുടെ മഹത്വത്തെ നിര്‍വ്വചിക്കാനാവില്ല!
സിംബാബ്‌വേ ടീം കുതിപ്പ് തുടരട്ടെ. നമ്മുടെ മനസ്സുകളിലെ ഓര്‍മ്മച്ചിത്രങ്ങളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കട്ടെ…

Content Highlight: Sandeep Das writes about Zimbabwe’s historical win over Australia

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more