| Monday, 21st July 2025, 10:29 pm

നമ്മളൊക്കെ എന്നായാലും മരിക്കും, മരണമില്ലാത്തത് വി.എസിനാണ്

സന്ദീപ് ദാസ്

”ഉടുതുണിയ്ക്ക് മറുതുണി ഇല്ലാതിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. എന്നും രാവിലെ ഞാന്‍ പുഴയില്‍ കുളിക്കാന്‍ പോകുമായിരുന്നു. ഉടുത്തിരിക്കുന്ന വസ്ത്രം ആ സമയത്താണ് കഴുകാറുള്ളത്. അലക്കിയിട്ട തുണി ഉണങ്ങുന്നത് വരെ ഞാന്‍ പുഴയോരത്തുതന്നെ ഇരിക്കുമായിരുന്നു. കാരണം എനിക്ക് ഉടുതുണിയ്ക്ക് മറുതുണി ഇല്ലായിരുന്നു…”

തന്റെ ബാല്യത്തെക്കുറിച്ച് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞ വരികളാണിത്. ഇങ്ങനെയൊരു കുട്ടിക്കാലം നമുക്കാര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ!?

82 വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു കഥ പറയാം. ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ‘ആസ്പിന്‍വാള്‍’ എന്ന ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ എന്ന 20 വയസ്സുകാരനെ അന്വേഷിച്ചുകൊണ്ട് ഒരു ദിവസം ഒരു അതിഥി എത്തുന്നുണ്ട്. വന്നത് സഖാവ് പി.കൃഷ്ണപിള്ളയായിരുന്നു. അദ്ദേഹം അവനോട് ചോദിച്ചു,

”നിനക്ക് ഒരു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാകാന്‍ സാധിക്കുമോ? കുട്ടനാട്ടിലെ പാവപ്പെട്ട കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടി പോരാടാന്‍ നീ തയ്യാറാണോ!?’

അവന്‍ ശരവേഗത്തില്‍ മറുപടി നല്‍കി, ”ഞാന്‍ തയ്യാറാണ്…”

ആ തീരുമാനത്തിന് വി.എസിന് വലിയ വില നല്‍കേണ്ടിവന്നു. ഫാക്ടറിയിലെ ജോലി പോയി. ജ്യേഷ്ഠസഹോദരനുമായി പിണങ്ങേണ്ടിവന്നു.

കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശമനുസരിച്ച് വി.എസ് ഉള്‍പ്പടെ 7 പേരാണ് കുട്ടനാട്ടിലേയ്ക്ക് പോയത്. പട്ടിണിയും കഷ്ടപ്പാടുകളും സഹിക്കാനാവാതെ ആറ് പേര്‍ പാര്‍ട്ടി പ്രവര്‍ത്തനം മതിയാക്കി. പക്ഷേ വി.എസ് കുട്ടനാട്ടില്‍ ഉറച്ചുനിന്ന് അവിടത്തെ കര്‍ഷകരുടെ നാവും ശബ്ദവും ആയി മാറി!

ശരിക്കും അത്ഭുതം തോന്നും! ഇരുപതാം വയസ്സില്‍ നമ്മളെല്ലാം എന്താണ് ചെയ്തിരുന്നത്!? ആ പ്രായത്തില്‍ വി.എസ്സിന് ഇത്രമാത്രം ഹൃദയവിശാലതയോ!? ഇത്രമാത്രം പോരാട്ടവീര്യമോ??

വസൂരി പിടിപെട്ട് മരണമടഞ്ഞ അമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതിരുന്ന മകനായിരുന്നു വി.എസ്.. അമ്മയെ പാര്‍പ്പിച്ചിരുന്ന കുടിലിന്റെ മുന്നില്‍ ചെന്നുനിന്ന് കണ്ണുനീര്‍ വാര്‍ത്തിരുന്ന മകനായിരുന്നു വി.എസ്.

സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് ജന്മിമാരുടെ മക്കള്‍ വി.എസിനെ ഉപദ്രവിച്ചിരുന്നു. അവര്‍ വി.എസ്സിനോട് ചോദിച്ചുവെത്രേ-

”നീയൊക്കെ എന്തിനാണ് പഠിക്കുന്നത്? മജിസ്‌ട്രേറ്റ് ആവാനാണോ?’

വര്യേണവര്‍ഗ്ഗത്തിന്റെ ആ ധാര്‍ഷ്ട്യത്തിന് വി.എസ് എന്ന ബാലന്‍ മറുപടി പറഞ്ഞിരുന്നു. വാക്കുകള്‍ കൊണ്ട് മാത്രമല്ല; കൈയ്യൂക്ക് കൊണ്ടും.

അങ്ങനെയുള്ള വി.എസിനെയാണ് പുന്നപ്ര-വയലാര്‍ സമരകാലത്ത് പൊലീസ് പിടിച്ചുകൊണ്ടുപോയത്. ആ ശരീരത്തില്‍ കാക്കിപ്പട സംഹാര താണ്ഡവമാടി.

ആദ്യം ചെകിട് മൂളിപ്പോവുന്ന രീതിയില്‍ അടി…പിന്നീട് കുനിച്ച് നിര്‍ത്തിയുള്ള ഇടി… ഇവന്‍ കുറച്ചുദിവസത്തേയ്ക്ക് മൂത്രമൊഴിക്കില്ല എന്ന് ഉറപ്പാക്കാന്‍ നടുവിന് ശക്തമായ ചവിട്ട്… അവസാനം കാല്‍പ്പാദത്തില്‍ തോക്കിന്റെ ബയണറ്റും കുത്തിയിറക്കി.

എല്ലാം കഴിഞ്ഞപ്പോള്‍ പൊലീസുകാര്‍ മുറുമുറുത്തു, ”അവന്‍ ചത്തുകാണും. വല്ല കുറ്റിക്കാട്ടിലും കൊണ്ടുപോയി കളഞ്ഞേക്ക്”
പക്ഷേ അന്ന് വി.എസ് മരിച്ചില്ല. വീണ്ടും എട്ട് പതിറ്റാണ്ട് കാലം അയാള്‍ ജീവിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയായി. അത് ചരിത്രം ഒരു പോരാളിയോട് കാണിച്ച നീതിയായിരുന്നു.

ഒരിക്കല്‍ നടന്‍ ഇന്നസെന്റ് വി.എസിനോട് ചോദിച്ചു, ”പൊലീസിന്റെ തോക്കിന്‍കുഴലിനെ അങ്ങ് എങ്ങനെയാണ് നേരിട്ടത്?’
തികഞ്ഞ നിസ്സംഗതയോടെ വി.എസ് മറുപടി പറഞ്ഞു, ”വെടിയേല്‍ക്കാതിരിക്കാനുള്ള പരിശീലനം ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇനിയിപ്പോള്‍ വെടികൊണ്ടാല്‍ തന്നെ എന്താണ്? എന്നായാലും മരിക്കേണ്ടതല്ലേ??’

അങ്ങനെയൊരു മറുപടി നല്‍കാന്‍ വേറെ ആര്‍ക്ക് കഴിയും?

നമ്മളൊക്കെ എന്നായാലും മരിക്കും. മരണമില്ലാത്തത് വി.എസിനാണ്.

ബയണറ്റ് തുളച്ചുകയറിയതിന്റെ കറുത്ത പാട് എന്നും ആ കാല്‍പ്പാദത്തില്‍ ഉണ്ടായിരുന്നു. വരുംതലമുറകളോട് വി.എസിന്റെ മഹത്വം വിളിച്ചോതാന്‍ ആ മുറിപ്പാട് മാത്രം മതി!

Content Highlight: Sandeep Das writes about VS Achuthanandan

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more