| Sunday, 7th December 2025, 8:45 am

ബി.സി.സി.ഐയിലെ തമ്പുരാക്കന്‍മാരേ, നിങ്ങള്‍ മുണ്ടൂര്‍ മാടനെന്ന് കേട്ടിട്ടുണ്ടോ! സെലക്ടര്‍മാര്‍ക്കും കോച്ചിനും 'നന്ദി മാത്രം'

സന്ദീപ് ദാസ്

ഫാസ്റ്റ് ബൗളിങ്ങ് എന്ന കലയുടെ മുടിചൂടാമന്നനായിരുന്ന വസീം അക്രം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്,

”പേസര്‍മാര്‍ക്ക് അഗ്രഷന്‍ നിര്‍ബന്ധമാണ്. മികച്ച ഷോട്ട് പായിച്ച ബാറ്ററെ ഫാസ്റ്റ് ബോളര്‍ പ്രശംസിക്കുന്ന കാഴ്ച എനിക്കിഷ്ടമല്ല. ഒരാള്‍ ബൗണ്ടറിയടിച്ചാല്‍ നിങ്ങള്‍ അയാളെ തുറിച്ചുനോക്കണം! ബോളര്‍ അങ്കത്തിന് തയ്യാറാണെന്ന് ബാറ്ററെ ബോധ്യപ്പെടുത്തണം…”

അതാണ് ഒരു ഫാസ്റ്റ് ബോളറുടെ മനോനില! തങ്ങള്‍ക്കെതിരെ ബിഗ് ഹിറ്റുകള്‍ കളിക്കപ്പെടുമ്പോള്‍ പേസര്‍മാരുടെ ഈഗോ വലിയ രീതിയില്‍ മുറിപ്പെടാറുണ്ട്.

ദക്ഷിണാഫ്രിക്കയുടെ പേസറായ കോര്‍ബിന്‍ ബോഷിന്റെ ഉള്ളില്‍ വലിയ ആക്രമണോത്സുകതയുണ്ട്. ഓസീസിനെതിരായ ഒരു ടി-20 മത്സരത്തില്‍ വിക്കറ്റ് എടുത്തതിനുശേഷം പ്രകോപനപരമായ ആംഗ്യം കാണിച്ചതിന് ഐ.സി.സിയുടെ ശിക്ഷ ഏറ്റുവാങ്ങിയ ചരിത്രം അയാള്‍ക്കുണ്ട്!

വിശാഖപട്ടണത്ത് ഇന്ത്യയ്‌ക്കെതിരെ ബോഷ് ഒരു സിക്‌സര്‍ വഴങ്ങിയിരുന്നു. അതൊരു ‘നോ-ലുക്ക്’ ഷോട്ട് ആയിരുന്നു! പന്ത് ലോങ്ങ്-ഓണിലൂടെ പറക്കുമ്പോള്‍ ബാറ്റര്‍ ബോഷിനെ നോക്കുകയായിരുന്നു! ഒരു ഫാസ്റ്റ് ബോളറെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപമാനം.

പക്ഷേ ബോഷ് കുപിതനായില്ല! അയാള്‍ ബാറ്ററെ അഭിനന്ദിക്കുകയാണ് ചെയ്തത് കാരണം ആ ഷോട്ട് കളിച്ചത് വിരാട് കോഹ്‌ലിയായിരുന്നു!

വിരാട് എതിരാളികളുടെ മനസ്സില്‍ വിതയ്ക്കുന്ന ഭയത്തിന്റെ വലിപ്പം വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി മൂന്നാം ഏകദിനത്തില്‍ കണ്ടു. തനിക്കെതിരെ സ്റ്റെപ്പൗട്ട് ഷോട്ടിന് ശ്രമിച്ച യശസ്വി ജെയ്‌സ്വാളിനെ ബാര്‍ട്ട്മാന്‍ തുറിച്ചുനോക്കി! വിരാട് അതേ കാര്യം പ്രവര്‍ത്തിച്ചപ്പോള്‍ ബാര്‍ട്ട്മാന്‍ ഒരക്ഷരം മിണ്ടാതെ ബോളിങ്ങ് മാര്‍ക്കിലേയ്ക്ക് തിരിച്ചുനടന്നു.

റണ്‍ചെയ്‌സില്‍ കണ്ടത് ഇന്ത്യയുടെ സമഗ്രാധിപത്യമാണ്. ഒന്നാന്തരമായി ബാറ്റ് ചെയ്ത രോഹിത് ശര്‍മയുടെ വിക്കറ്റ് വീണപ്പോഴാണ് പ്രോട്ടിയാസിന് ചെറിയൊരു പ്രതീക്ഷ കൈവന്നത്.

ഏറ്റവും നന്നായി പന്തെറിഞ്ഞ മാര്‍ക്കോ യാന്‍സന്‍ പുതിയൊരു സ്‌പെല്ലിനെത്തി. സെഞ്ച്വറിയ്ക്കരികില്‍ നില്‍ക്കുകയായിരുന്ന ജെയ്‌സ്വാളിന്റെ ബാറ്റിന്റെ എഡ്ജ് കണ്ടെത്താന്‍ യാന്‍സന് സാധിക്കുകയും ചെയ്തു.

എന്നാല്‍ അതേ ഓവറില്‍ വിരാട് ഒരു ഓണ്‍ ദ റൈസ് കവര്‍ഡ്രൈവ് കളിച്ചു! ഈ സീരീസ് കൈവിട്ടുപോയി എന്ന് ദക്ഷിണാഫ്രിക്ക ഉറപ്പിച്ച നിമിഷമായിരുന്നു അത്.

മുപ്പത്തിയേഴാം വയസ്സിലും വിരാടിന് റണ്ണുകളോട് അടങ്ങാത്ത ദാഹമാണ്. ഫിഫ്റ്റി തികച്ചപ്പോള്‍ അയാള്‍ അത് ആഘോഷിച്ചതേയില്ല! ക്ഷണനേരം കൊണ്ട് ബാറ്റിങ്ങിന് തയ്യാറാവുകയും അടുത്ത പന്തില്‍ സിക്‌സര്‍ പറത്തുകയും ചെയ്തു.

വിരാട് മത്സരത്തിനിടെ. Photo. BCCI/x.com

ഗാലറിയില്‍ ബാനര്‍ ഉയര്‍ന്നു-”We have our Kohlinoor…!”

വിരാട് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സമയത്ത് ഹര്‍ഷ ഭോഗ്ലെ ചോദിച്ചിരുന്നു,

”ഒരു ക്രിക്കറ്റര്‍ക്ക് നേടാനുള്ളതെല്ലാം വിരാട് സ്വന്തമാക്കിക്കഴിഞ്ഞു. ഇനിയും മുന്നോട്ട് കുതിക്കാനുള്ള ആഗ്രഹം വിരാടില്‍ അവശേഷിക്കുന്നുണ്ടോ!?

അത് കാത്തിരുന്ന് കാണണം…!”

കളിയോടുള്ള വിരാടിന്റെ പാഷന്‍ കുറഞ്ഞു എന്ന് പലരും വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ മുണ്ടൂര്‍ മാടനെപ്പോലെയാണ് വിരാട് തിരിച്ചുവന്നിട്ടുള്ളത്! അയാളെ പരമാവധി പ്രകോപിപ്പിച്ച സെലക്ടര്‍മാര്‍ക്കും കോച്ചിനും നന്ദി പറഞ്ഞേ മതിയാകൂ.

ബി.സി.സി.ഐ-യിലെ തമ്പുരാക്കന്‍മാരോട് ചിലത് പറയാനുണ്ട്.

ജോണ്‍സന്‍ എന്ന് കേട്ടിട്ടുണ്ടോ നീ…!

സ്‌പെന്‍സര്‍ ജോണ്‍സന്‍ അല്ല ; മിച്ചല്‍ ജോണ്‍സന്‍…!

പണ്ട് കംഗാരുപ്പട ജോണ്‍സനെ ഇറക്കി. എതിരുനില്‍ക്കുന്ന ബാറ്റര്‍മാരെ കൊന്നുതള്ളാന്‍…!

ഒരു ആഷസ് കഴിഞ്ഞു. കുറേ ഇംഗ്ലിഷ് ബാറ്റര്‍മാര്‍ തീര്‍ന്നു…!

പക്ഷേ അടുത്ത ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ജോണ്‍സന്റെ വെടി തീര്‍ന്നു…!

ചെയ്തതാരെന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് പിടികിട്ടി…!

അവര്‍ അവനോട് പറഞ്ഞു-നീ കെട്ടഴിച്ചത് ബാറ്റിങ് മാത്രമല്ല. മഹായുദ്ധം തന്നെയാണ്…!

അവന്റെ പേരാണ് വിരാട് കോഹ്‌ലി…

കാലം കടന്നുപോയപ്പോള്‍ അയാള്‍ ഒന്ന് ഒതുങ്ങി. മയപ്പെട്ടു…

ആ വിരാടിനെയാണ് നിങ്ങള്‍ ചൊറിഞ്ഞത്. ഇനി അയാള്‍ക്ക് മേലും കീഴും നോക്കാനില്ല…

കണ്ടറിയണം ക്രിക്കറ്റ് ടീമുകളേ! നിങ്ങള്‍ക്കിനി എന്ത് സംഭവിക്കുമെന്ന്…!

Content Highlight: Sandeep Das writes about Virat Kohli

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more