”അഫ്ഗാനിസ്ഥാന്‍ ഒരുക്കിയിട്ടുള്ള ഫീല്‍ഡ് നോക്കൂ. അതൊരു സൂചനയാണ്. ബാറ്ററുടെ ഓഫ്സ്റ്റംമ്പിന് പുറത്ത് ബോളുകള്‍ വരും എന്ന സൂചന…!”
സഞ്ജയ് മഞ്ജരേക്കര്‍ കമന്ററി ബോക്‌സിലൂടെ ഈ വരികള്‍ പറഞ്ഞപ്പോഴേയ്ക്കും ഇന്ത്യയുടെ ഓപ്പണിങ് സഖ്യം അഞ്ച് ഓവറുകളില്‍ നിന്ന് 55 റണ്‍സ് നേടിക്കഴിഞ്ഞിരുന്നു. അഫ്ഗാനികള്‍ ഉയര്‍ത്തിയ 160 എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ഇന്ത്യ അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് മുഹമ്മദ് നബി എന്ന വെറ്ററന്‍ താരം പോരിനിറങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്ത് ആക്രമണം നടത്തും എന്നൊരു പ്രതീതി നബി ഫീല്‍ഡ് സെറ്റിങ്ങിലൂടെ സൃഷ്ടിച്ചു. എന്നിട്ട് നല്ല സ്പീഡില്‍ സ്റ്റംമ്പിന് നേരെ പന്തെറിഞ്ഞു!
പക്ഷേ ക്രീസില്‍ ഉണ്ടായിരുന്ന ബാറ്റര്‍ അതിസമര്‍ത്ഥനായിരുന്നു. നബി മനസില്‍ കണ്ടത് അയാള്‍ മാനത്ത് കണ്ടു! ഒരു കിടിലന്‍ സ്ലോഗ്‌സ്വീപ് പിറവികൊണ്ടു! സിക്‌സര്‍!!
കാര്യങ്ങള്‍ അവിടംകൊണ്ടും അവസാനിച്ചില്ല. അതേ ഓവറില്‍ രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും കൂടി നബി വിട്ടുകൊടുത്തു! നബി ആദ്യമായി അഫ്ഗാനിസ്ഥാനുവേണ്ടി ബൂട്ടുകെട്ടിയ സമയത്ത് കേവലം ഒമ്പത് വയസ് മാത്രം പ്രായമുണ്ടായിരുന്ന ഒരാളാണ് നബിയെ ഇപ്രകാരം ക്രൂരമായി തല്ലിച്ചതച്ചത്! പേര് സഞ്ജു വിശ്വനാഥ് സാംസണ്‍!!
ഒരുപാട് പ്രത്യേകതകള്‍ ഉള്ള ഇന്നിംഗ്‌സാണ് സഞ്ജു ന്യൂദല്‍ഹിയില്‍ കളിച്ചത്. 22 പന്തുകളില്‍ നിന്ന് 57 റണ്‍സ്!
കഴിഞ്ഞ ടി20 മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയത് അസ്മത്തുള്ള ഒമര്‍സായി ആയിരുന്നു. അസ്മത്തിനെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടാണ് സഞ്ജു പ്രയാണം തുടങ്ങിയത്.
സഞ്ജുവിന്റെ ഒരു ഹിറ്റ് നോണ്‍സ്‌െ്രെടക്കര്‍ എന്‍ഡിലെ സ്റ്റാംപ്‌സിലാണ് തട്ടിയത്. എന്നിട്ടും ബോള്‍ വേലി കടന്നു! ആ ഷോട്ടിന് അത്രയും മികച്ച ടൈമിങ് ഉണ്ടായിരുന്നു!
നബിയ്‌ക്കെതിരെ സഞ്ജു കളിച്ച ചില ഷോട്ടുകള്‍ ശരിക്കും വിസ്മയിപ്പിച്ചു. കാണികള്‍ മനസില്‍ ചോദിച്ചു. എങ്ങനെയാണ് ബാക്ക്ഫൂട്ടില്‍ സഞ്ജുവിന് ഇത്രയേറെ കരുത്ത് കിട്ടുന്നത്!?
റഷീദ് ഖാനാണ് സഞ്ജുവിനെ പുറത്താക്കിയത്. പക്ഷേ അതിനുമുമ്പ് റഷീദും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞിരുന്നു. 2026ലെ ടി20 ലോകകപ്പ് ഇന്ത്യയുടെ ഷോ കേസില്‍ എത്തിച്ചത് സഞ്ജുവായിരുന്നു.
അത്തരമൊരു പ്രകടനം ഋഷഭ് പന്തോ ശുഭ്മാന്‍ ഗില്ലോ നടത്തിയിരുന്നുവെങ്കില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തേയ്‌ക്കെങ്കിലും അവര്‍ക്ക് ടി20 ടീമില്‍ സ്ഥിരം സ്ഥാനം കിട്ടുമായിരുന്നു.
എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. രണ്ടോ മൂന്നോ പരാജയങ്ങള്‍ വന്നപ്പോഴേയ്ക്കും സഞ്ജുവിനെ ടീമില്‍ നിന്ന് തഴഞ്ഞു.
അയാളുടെ ആത്മവിശ്വാസം മുഴുവനായും ചോര്‍ത്തിക്കളഞ്ഞു.
പക്ഷേ സഞ്ജുവിന് ഒരു ചരിത്രമുണ്ട്! അയാള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പുകളുടെ ഉടയതമ്പുരാനാണ്! അതാണ് നാം ദല്‍ഹിയില്‍ കണ്ടത്!
1996ലെ ലോകകപ്പ് ശ്രീലങ്കയ്ക്ക് നേടിക്കൊടുത്തത് അരവിന്ദ ഡിസില്‍വ ആയിരുന്നു. 2001ല്‍ അരവിന്ദയെ ശ്രീലങ്ക ടീമില്‍ നിന്ന് പുറത്താക്കി.
പക്ഷേ അരവിന്ദ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. മൂന്ന് മാസങ്ങള്‍കൊണ്ട് 11 കിലോ ശരീരഭാരം കുറച്ച് അരവിന്ദ ടീമില്‍ തിരിച്ചെത്തി.
അതുപോലെയാണ് സഞ്ജുവിന്റെ മടങ്ങിവരവ്. പുറത്താക്കപ്പെട്ട കാലത്ത് സഞ്ജു ജിംനേഷ്യത്തില്‍ കഠിനാദ്ധ്വാനം ചെയ്തു. ഇപ്പോള്‍ കാണുന്നത് കൂടുതല്‍ ഫിറ്റ് ആയ സഞ്ജുവിനെയാണ്.
അരവിന്ദയുടെ ഓമനപ്പേര് മാഡ് മാക്‌സ് എന്നായിരുന്നു. ആ വിശേഷണം സഞ്ജുവിനും ഇണങ്ങും. തന്നെ അകാരണമായി ദ്രോഹിക്കുന്ന ഇന്ത്യയിലെ ക്രിക്കറ്റ് സിസ്റ്റത്തെ സഞ്ജു കടപുഴക്കി എറിയാന്‍ പോവുകയാണ്! സഞ്ജുവിന്റെ ബാറ്റിങ്ങ് ഭ്രാന്തില്‍ സഞ്ജു വിരോധികള്‍ നീറിയെരിയാന്‍ പോവുകയാണ്!!
Content Highlight: Sandeep Das writes about Sanju Samson’s excellent performance against Afghanistan