| Monday, 23rd February 2026, 2:49 pm

അനര്‍ഹമായ പിന്തുണ ആവോളം ആസ്വദിച്ച സൂര്യകുമാറിന് സഞ്ജുവിനെ പുച്ഛിക്കാന്‍ എന്താണ് അര്‍ഹത!?

സന്ദീപ് ദാസ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ തോല്‍വിയിലേയ്ക്ക് കൂപ്പുകുത്തുമ്പോള്‍ ഡഗ്-ഔട്ടില്‍ കരയുന്ന മുഖത്തോടെ സൂര്യകുമാര്‍ യാദവ് ഇരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ സഞ്ജു സാംസണെ ഇടിച്ചുതാഴ്ത്തുന്ന രീതിയില്‍ സംസാരിക്കുകയും പരിഹസിച്ച് ചിരിക്കുകയും ചെയ്ത അതേ സൂര്യകുമാര്‍!

സഞ്ജുവിനെ വിലകുറച്ച് കാണരുത് എന്ന് ഇന്ത്യന്‍ ക്യാപ്റ്റന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാവും.

അഭിഷേക് ശര്‍മയ്ക്കും തിലക് വര്‍മയ്ക്കും പകരം സഞ്ജുവിനെ കളിപ്പിക്കാനാവില്ല എന്ന് തുറന്നടിക്കുകയാണ് സൂര്യ ചെയ്തത്. എന്നിട്ട് എന്താണ് സംഭവിച്ചത്? ശര്‍മയും വര്‍മയും തുടര്‍ച്ചയായ നാലാം കളിയിലും പരാജയം നുണഞ്ഞു!

ഇനി ചെറിയൊരു ഫ്‌ളാഷ്ബാക്ക് പറയാം. ഈ സൂര്യകുമാര്‍ യാദവ് 2023ലെ ഏകദിന ലോകകപ്പിനുള്ള ടീമിലേയ്ക്ക് എങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്ന് ഓര്‍മ്മിക്കുന്നില്ലേ?

2023 ഏകദിന ലോകകപ്പില്‍ സൂര്യകുമാര്‍ യാദവ്. Photo: Johns/x.com

ഏകദിന ക്രിക്കറ്റില്‍ സഞ്ജു ഒന്നാന്തരമായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. അമ്പത് റണ്ണുകളുടെ ബാറ്റിങ്ങ് ശരാശരിയും നൂറിന്റെ പരിസരത്തുള്ള സ്‌ട്രൈക്ക് റേറ്റും സഞ്ജു സൂക്ഷിച്ചിരുന്ന കാലം!

പക്ഷേ ഇന്ത്യന്‍ ടീം പതിവുപോലെ സഞ്ജുവിനെ തഴഞ്ഞ് മോശം ഫോമിലുള്ള സൂര്യകുമാറിനെ കളിപ്പിച്ചുകൊണ്ടിരുന്നു!

സഞ്ജു സാംസണ്‍. Photo: BCCI/x.com

ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്ന് ഗോള്‍ഡന്‍ ഡക്കുകള്‍ കരസ്ഥമാക്കുന്ന ആദ്യ ഭാരതീയന്‍ എന്ന നാണക്കേടിന്റെ മാറാപ്പ് സൂര്യയുടെ തലയില്‍ ഉണ്ടായിരുന്നു. എന്നിട്ടും സൂര്യകുമാര്‍ 2023ലെ ഏകദിന ലോകകപ്പില്‍ കളിച്ചു! സഞ്ജു വീട്ടില്‍ ഇരുന്നു!

ആ ലോകകപ്പ് ഫൈനലില്‍ ഏറ്റവും മോശം ഇന്നിങ്‌സാണ് സൂര്യ കളിച്ചത്. ഇന്ത്യ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. പിന്നീട് ഏകദിന ടീമിന്റെ പടിവാതില്‍ പോലും അയാള്‍ കണ്ടിട്ടില്ല!

സമീപകാലത്ത് ടി-20 ക്രിക്കറ്റിലും സൂര്യ മോശം ഫോമിലായിരുന്നു. ഒരു ഫിഫ്റ്റി പോലും ഇല്ലാതെ അയാള്‍ ഒരു വര്‍ഷം കഴിച്ചുകൂട്ടി. എന്നിട്ടും ടീമിലെ സൂര്യയുടെ സ്ഥാനത്തിന് ഒരു പോറല്‍ പോലും ഏറ്റില്ല!

സൂര്യകുമാര്‍ യാദവ്

പറഞ്ഞുവന്നത് ഇത്രയേ ഉള്ളൂ. അനര്‍ഹമായ പിന്തുണ ആവോളം ആസ്വദിച്ചിട്ടുള്ള സൂര്യകുമാറിന് സഞ്ജുവിനെ ഇപ്രകാരം പുച്ഛിക്കാന്‍ എന്താണ് അര്‍ഹത!?

ന്യൂസിലാന്‍ഡിനെതിരെ കളിച്ച അഞ്ച് മത്സരങ്ങളിലും സഞ്ജു പരാജയപ്പെട്ടു എന്നത് ശരിയാണ്. അന്ന് സമാനതകളില്ലാത്ത സൈബര്‍ ആക്രമണമാണ് സഞ്ജു നേരിട്ടത്. സഞ്ജു റിട്ടയര്‍ ചെയ്യണം എന്ന് പോലും പലരും ആക്രോശിച്ചു!

സഞ്ജു സാംസണ്‍. Photo: ESPN

ടി-20 ലോകകപ്പ് ആരംഭിച്ചപ്പോള്‍ തിലകും അഭിഷേകും തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ നിറം മങ്ങി. ഫോം നഷ്ടം എന്നത് എല്ലാവര്‍ക്കും സംഭവിക്കും എന്ന് സഞ്ജു ഹേറ്റേഴ്‌സിന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാവും.

സഞ്ജുവിന്റെ അവസ്ഥയെക്കുറിച്ച് നാം ചിന്തിച്ചുനോക്കേണ്ടതാണ്. സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ഒരു ഏകദിനം കളിച്ചിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അവസാന മത്സരത്തില്‍ അയാള്‍ ഒരു സീരീസ്-വിന്നിങ് സെഞ്ച്വറി നേടിയിരുന്നു. പിന്നീട് ഏകദിന ടീമിന്റെ റഡാറില്‍ പോലും സഞ്ജു വന്നിട്ടില്ല!

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറി ആഘോഷിക്കുന്ന സഞ്ജു സാംസണ്‍. Photo: BCCI/x.com

തുടര്‍ച്ചയായി മൂന്ന് ടി-20 സെഞ്ച്വറികള്‍ നേടിയ സമയത്ത് സഞ്ജു ഇന്ത്യയുടെ സ്ഥിരം ഓപ്പണറാകുമെന്ന് നമ്മളെല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ അസാധാരണമായ നേട്ടങ്ങളൊന്നും ഇല്ലാതിരുന്ന ശുഭ്മന്‍ ഗില്‍ വളരെ നിസ്സാരമായി സഞ്ജുവിന്റെ ഓപ്പണിങ് പൊസിഷന്‍ കയ്യടക്കി!

ശുഭ്മന്‍ ഗില്‍. Photo: ICC

ടീം മാനേജ്‌മെന്റ് സഞ്ജുവിന് നല്‍കിയ സന്ദേശം വ്യക്തമായിരുന്നു, ” നീ എത്ര നന്നായി കളിച്ചാലും അടുത്ത കളിയില്‍ നീ ടീമില്‍ ഉണ്ടാകുമെന്ന് യാതൊരു ഉറപ്പും തരാനാവില്ല…”

അത്തരമൊരു മാനസികാവസ്ഥയില്‍ കളിക്കാനിറങ്ങുന്ന സഞ്ജുവിന് എപ്പോഴും അധിക സമ്മര്‍ദ്ദമുണ്ടാകും. സൂര്യമാര്‍ക്കും അഭിഷേകുമാര്‍ക്കും തിലകുമാര്‍ക്കും ലഭിച്ചുവരുന്ന സംരക്ഷണം സഞ്ജുവിന് ഒരിക്കലും കിട്ടിയിട്ടില്ല.

അയാളെ വിമര്‍ശിക്കുമ്പോള്‍ അതുകൂടി കണക്കിലെടുക്കണം. ഇന്ത്യയുടെ മുന്‍ നായകനായ സൗരവ് ഗാംഗുലി സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തി എന്ന കാര്യം ശ്രദ്ധിക്കുക.

ഈ ലോകകപ്പില്‍ ഒരേയൊരു തവണയാണ് സഞ്ജു കളിച്ചത്. അന്ന് അയാള്‍ ഒരു തീപ്പൊരി തുടക്കം നല്‍കിയിട്ടുമുണ്ട്. ആ ഇന്നിങ്‌സിനോട് പലരും ബോധപൂര്‍വ്വം മുഖം തിരിച്ചു. സഞ്ജു ഇനിയും അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.

സൂര്യകുമാറിനോട് ഒന്നേ പറയാനുള്ളൂ. സഞ്ജുവിനെ നിങ്ങള്‍ വന്ദിക്കണമെന്നില്ല. പക്ഷേ നിന്ദിക്കരുത്!

Content Highlight: Sandeep Das writes about Sanju Samson and Suryakumar Yadav

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

സന്ദീപ് ദാസ്

എഴുത്തുകാരന്‍

Latest Stories

We use cookies to give you the best possible experience. Learn more