| Monday, 9th March 2026, 12:02 am

സാന്റ്‌നര്‍ മറന്നുപോയ ആ താരത്തിന് ബൈബിളിലെ വീര യോദ്ധാവിന്റെ പേരായിരുന്നു! വെറുംകൈ കൊണ്ട് ഒരു സിംഹത്തിന്റെ കഥ കഴിച്ച സാംസണ്‍

സന്ദീപ് ദാസ്

‘I wouldn’t mind breaking a few hearts to lift the trophy for once…!’

ടി-20 ലോകകപ്പ് ഫൈനലിന് മുന്‍പുള്ള പത്രസമ്മേളനത്തില്‍ ന്യൂസിലാന്‍ഡ് നായകനായ മിച്ചല്‍ സാന്റ്‌നര്‍ പറഞ്ഞ വരികളാണിത്. അപ്പോള്‍ എന്തായിരുന്നു അയാളുടെ മനസ്സില്‍!?

2023ലെ ഏകദിന ലോകകപ്പിലെ കലാശപ്പോരാട്ടത്തിന് മുമ്പ് ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സ് സമാനമായ വാക്കുകള്‍ ഉച്ചരിച്ചിരുന്നു. കങ്കാരുപ്പട കിരീടവുമായി മടങ്ങുകയും ചെയ്തു. ചരിത്രം ആവര്‍ത്തിക്കാമെന്നാണ് സാന്റ്‌നര്‍ കണക്കുകൂട്ടിയത്!

എന്നാല്‍ കിവീസ് സ്‌കിപ്പര്‍ ഒരു കാര്യം മറന്നു. 2023ലെ ഫൈനലില്‍ സ്ഥാനം നിഷേധിക്കപ്പെട്ട ഒരു കളിക്കാരന്‍ ഇത്തവണ ഇന്ത്യന്‍ ടീമിനോടൊപ്പം ഉണ്ടായിരുന്നു!

അവന് ബൈബിളിലെ വീര യോദ്ധാവിന്റെ പേരായിരുന്നു! വെറുംകൈ കൊണ്ട് ഒരു സിംഹത്തിന്റെ കഥ കഴിച്ച സാംസണ്‍! സഞ്ജു വിശ്വനാഥ് സാംസണ്‍.

അഹമ്മദാബാദിലെ ആകാശത്തില്‍ പറന്നുല്ലസിക്കാനാണ് കിവികള്‍ മോഹിച്ചത്! പക്ഷേ അവരെ കടിച്ചുകീറിയ സഞ്ജു ഇന്ത്യയെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് വിജയത്തിലേയ്ക്ക് നയിച്ചിരിക്കുന്നു!

ഞാന്‍ വെറുതെ ആലോചിച്ചുനോക്കുകയായിരുന്നു. സഞ്ജു കാഴ്ചവെച്ച ബാറ്റിങ് വിസ്മയം ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികവുറ്റതല്ലേ!?

2007ലെയും 2011ലെയും ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് യുവരാജ് സിങ്ങായിരുന്നു. പക്ഷേ 2007ലെ ഫൈനലിലും 2011ലെ സെമിഫൈനലിലും യുവിക്ക് ബാറ്റുകൊണ്ട് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

1983ലെ ലോകകപ്പ് ഹീറോ മൊഹീന്ദര്‍ അമര്‍നാഥ് ആയിരുന്നു. സെമി ഫൈനലിലും ഫൈനലിലും അദ്ദേഹം മിന്നിത്തിളങ്ങി. എന്നാല്‍ മറ്റുള്ള മാച്ചുകളില്‍ അമര്‍നാഥ് വലിയ മാച്ച് വിന്നിങ് ഇംപാക്ട് സൃഷ്ടിച്ചിരുന്നില്ല.

രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് കരീബിയന്‍ ദ്വീപുകളില്‍ വെച്ച് ഇന്ത്യ ജയിച്ച ലോകകപ്പിലും ഇതേ മാതൃക കാണാം. ഓസീസിനെതിരായ നിര്‍ണായക മത്സരത്തിലും സെമിഫൈനലിലും രോഹിത് ശര്‍മയുടെ ബാറ്റില്‍നിന്ന് റണ്ണൊഴുകി. ഫൈനലില്‍ വിരാട് കോഹ്‌ലി രക്ഷകനായി അവതരിക്കുകയും ചെയ്തു.

ഇവിടെയാണ് സഞ്ജുവിന്റെ മഹത്വം വെളിപ്പെടുന്നത്. തുടര്‍ച്ചയായി മൂന്ന് നോക്കൗട്ട് മത്സരങ്ങളില്‍ ടോപ് സ്‌കോറര്‍! സ്ഥിരതയില്ല എന്ന് പരിഹസിക്കപ്പെട്ടിരുന്ന സഞ്ജു സ്ഥിരതയുടെ പര്യായമായി മാറിയ കാഴ്ച്ച!

രണ്‍ബീര്‍ സിങ്ങ് നായകനായി അഭിനയിച്ച ’83’ എന്ന സിനിമ പറഞ്ഞത് 1983-ലെ ലോകകപ്പ് വിജയത്തിന്റെ കഥയാണ്. അതില്‍ ശ്രദ്ധേയമായ ഒരു രംഗമുണ്ട്. ഇന്ത്യന്‍ ടീമിലെ ഒരാള്‍ വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബോളര്‍മാരുടെ ഭീകരതയെക്കുറിച്ച് കൂട്ടുകാരോട് വര്‍ണിക്കുന്നു! കൃഷ്ണമാചാരി ശ്രീകാന്തിനെ അവതരിപ്പിച്ച നടനായ ജീവ പറയുന്നു,

”ഒന്ന് നിര്‍ത്താമോ! ഇതെന്താ ഹൊറര്‍ സിനിമയോ…?’

ന്യൂസിലാന്‍ഡ് ബോളര്‍മാര്‍ക്കെതിരെയുള്ള സഞ്ജുവിന്റെ റെക്കോര്‍ഡുകള്‍ ഫൈനലിനുമുമ്പ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. വായിച്ചാല്‍ അതും ഒരു ഹൊറര്‍ സിനിമ പോലെ അനുഭവപ്പെടുമായിരുന്നു!

കേവലം 10 പന്തുകള്‍ക്കിടെ സാന്റ്‌നര്‍ സഞ്ജുവിനെ മൂന്ന് തവണ പുറത്താക്കിയിരുന്നു. മാറ്റ് ഹെന്‌റിക്കും ലോക്കി ഫെര്‍ഗൂസനും ജെയിംസ് നീഷത്തിനും സഞ്ജുവിനെ രണ്ട് തവണ കീഴടക്കിയതിന്റെ ഓര്‍മകളുണ്ടായിരുന്നു. ഈ നാല് ബൗളര്‍മാര്‍ക്കെതിരെയുള്ള സഞ്ജുവിന്റെ ബാറ്റിങ് ആവറേജ് കേവലം 10 റണ്‍സായിരുന്നു!

പക്ഷേ ഫൈനലില്‍ ഇവരെയെല്ലാം സഞ്ജു അരിഞ്ഞുതള്ളി! അയാള്‍ സിംഹഹൃദയനായിരുന്നു.

ആദ്യ ഓവറില്‍ ഹെന്‌റി സഞ്ജുവിനെതിരെ നാല് ഡോട്ട്‌ബോളുകള്‍ എറിഞ്ഞു. പക്ഷേ അഞ്ചാമത്തെ പന്ത് മിഡ്-ഓണിനുമുകളിലൂടെ അദൃശ്യമായി!

നീഷം സഞ്ജുവിനെതിരെ ഒരു ഗംഭീര യോര്‍ക്കര്‍ പായിച്ചതാണ്. സഞ്ജു അതിനെ ബൗണ്ടറിയിലേയ്ക്ക് പറഞ്ഞയച്ചത് കണ്ട് ലോകം തരിച്ചുനിന്നു!

ഈ ലോകകപ്പിലെ ടോപ് വിക്കറ്റ് ടേക്കര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ആളാണ് രചിന്‍ രവീന്ദ. അയാളുടെ മൂന്ന് പന്തുകളാണ് സഞ്ജു തുടരെ അടിച്ച് പുറത്തിട്ടത്!

ഇടിക്കൂട്ടിലെ ഇതിഹാസമായിരുന്ന മുഹമ്മദ് അലിയോട് ഏറ്റുമുട്ടിയതിനുശേഷം ജോ ബഗ്‌നര്‍ എന്ന ബോക്‌സര്‍ പറഞ്ഞിരുന്നു,

”ആദ്യം ഞാന്‍ നല്ലൊരു പഞ്ച് അലിയ്ക്ക് നല്‍കി. അദ്ദേഹം അതിനെ അഭിനന്ദിക്കുകയും ചെയ്തു. അതിനുപിന്നാലെ അതിശക്തമായ നാല് ഇടികളാണ് എന്റെ മുഖത്ത് വന്നുവീണത്! അലിയുടെ വേഗതയും ടൈമിങ്ങും അസാധാരണമായിരുന്നു…”

മൊട്ടേരയിലെ സഞ്ജുവിന്റെ ബാറ്റിങ്ങ് മുഹമ്മദ് അലിയുടെ ബോക്‌സിങ്ങ് പോലെയായിരുന്നു! കിവികളുടെ പഞ്ചുകള്‍ക്കെല്ലാം അതിശക്തമായ കൗണ്ടര്‍ പഞ്ചുകള്‍ ഉണ്ടായി.

തിരുവനന്തപുരത്ത് വെച്ച് നടന്ന ടി-20 ഗെയ്മില്‍ സഞ്ജുവിനെ വീഴ്ത്തിയത് ഫെര്‍ഗൂസനായിരുന്നു. അന്നാണ് സഞ്ജുവിന് കീപ്പിങ് ഗ്ലൗസും ടീമിലെ സ്ഥാനവും കൈമോശം വന്നത്.

ടി-20 ലോകകപ്പ് ഫൈനലില്‍ ആ കണക്കും സഞ്ജു തീര്‍ത്തു. 150 കിലോമീറ്ററിനടുത്ത് വേഗത ഉണ്ടായിരുന്ന ലോക്കിയുടെ പന്തുകള്‍ നാലുപാടും പായിക്കപ്പെട്ടു! മുഹമ്മദ് അലി ജോ ബഗ്‌നര്‍ക്ക് സമ്മാനിച്ചത് പോലുള്ള സോളിഡ് ആയ പ്രഹരങ്ങള്‍!

ഇന്ത്യക്കാരുടെ നെഞ്ചകം തകര്‍ക്കുന്നതിന് വേണ്ടി എത്തിയ സാന്റ്‌നര്‍ ഇപ്പോള്‍ നിശബ്ദനാണ്. തകര്‍ന്നത് അയാളുടെ ഹൃദയമാണ്!

ഒന്ന് കണ്ണടച്ചാല്‍ സാന്‍ഡ്‌നര്‍ക്ക് അത് വീണ്ടും കേള്‍ക്കാം! സഞ്ജുവിന്റെ സ്‌ക്വയര്‍കട്ട് സൃഷ്ടിച്ച സ്വരം! സിത്താറില്‍ നിന്ന് പൊഴിഞ്ഞ സംഗീതം പോലെ സുന്ദരം

Content highlight: Sandeep Das writes about Sanju Samson

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more