മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കഥയാണ്. ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഒരു ടെസ്റ്റ് പരമ്പര കരീബിയന്‍ ദ്വീപുകളില്‍ വെച്ച് നടത്തപ്പെടുകയായിരുന്നു. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ചു. അങ്ങനെ ജമൈക്കയില്‍ നടന്ന അവസാന ടെസ്റ്റ് അതീവ നിര്‍ണായകമായി മാറി.
ജമൈക്ക ടെസ്റ്റ് സ്റ്റീവ് വോയും കര്‍ട്‌ലി ആംബ്രോസും തമ്മിലുള്ള പോരാട്ടമായിരുന്നു. ഷോര്‍ട്ട്പിച്ച് ബോളിങ്ങിനെതിരെയുള്ള സ്റ്റീവ് വോയുടെ ദൗര്‍ബല്യങ്ങള്‍ വിശ്വപ്രസിദ്ധമായിരുന്നു.
സ്റ്റീവ് വോ
ആറടിയിലേറെ ഉയരമുണ്ടായിരുന്ന ആംബ്രോസ് എന്ന ഇതിഹാസതുല്യനായ ബൗളര്‍ക്കുമുന്നില്‍ സ്റ്റീവ് തലകുനിക്കുമെന്ന് ക്രിക്കറ്റ് ലോകം വിചാരിച്ചു.
മത്സരം ആരംഭിച്ചപ്പോള്‍ ആംബ്രോസും കോട്‌നി വാല്‍ഷും ചേര്‍ന്ന് സ്റ്റീവിനെതിരെ ബൗണ്‍സറുകള്‍ വര്‍ഷിച്ചു. അയാളുടെ കൈയ്യിലും നെഞ്ചിലും വയറിലും ഏറുകൊണ്ടു! ആ ശരീരത്തില്‍ ചതവുകള്‍ രൂപപ്പെട്ടു! പക്ഷേ ഉറച്ചുനിന്ന് പൊരുതിയ സ്റ്റീവ് ഡബിള്‍ സെഞ്ച്വറി നേടി.
അങ്ങനെ ആ ടെസ്റ്റ് സീരീസില്‍ കങ്കാരുപ്പട വിജയം കരസ്ഥമാക്കി. സ്റ്റീവ് കളിച്ച ഇന്നിങ്‌സ് ഒരു മഹാത്ഭുതം തന്നെയായിരുന്നു! തന്റെ സാങ്കേതികമായ പരിമിതികളെ ഇച്ഛാശക്തി കൊണ്ടും പോരാട്ടവീര്യം കൊണ്ടും സ്റ്റീവ് മറികടന്നു!
2026-ലെ ടി-20 ലോകകപ്പിലെ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ‘ക്വാര്‍ട്ടര്‍ ഫൈനല്‍’ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ സ്റ്റീവ് വോയുടെ ആ പഴയ ഇന്നിങ്‌സിനെക്കുറിച്ച് ഓര്‍ത്തുപോയി. പണ്ട് സ്റ്റീവില്‍ കണ്ട അതേ മനോബലവും പോരാട്ടവീര്യവും ഒരു മലയാളിയില്‍ നാം ദര്‍ശിച്ചു. പേര് സഞ്ജു വിശ്വനാഥ് സാംസണ്‍.
സഞ്ജു സാംസണ്‍. Photo. BCCI/x.com
196 എന്ന പടുകൂറ്റന്‍ ലക്ഷ്യം ഭേദിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് പവര്‍പ്ലേ കഴിഞ്ഞപ്പോഴേയ്ക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ടെലിവിഷന്‍ സ്‌ക്രീനില്‍ വിന്‍ പ്രെഡിക്ടര്‍ ദൃശ്യമായി. ആ സമയത്ത് വിന്‍ഡീസിന് 72% വിജയസാധ്യതയുണ്ടായിരുന്നു!
അപ്പോഴാണ് ജേസണ്‍ ഹോള്‍ഡര്‍ പന്ത് കൈയ്യിലെടുക്കുന്നത്. നാല് തവണ സഞ്ജുവിനെ പുറത്താക്കിയ ചരിത്രമുള്ള ഹോള്‍ഡര്‍ ആദ്യമായി ഒരു ഷോര്‍ട്ട് ബോളാണ് സഞ്ജുവിനെതിരെ തൊടുത്തുവിട്ടത്. സഞ്ജു ബാക്ക്ഫൂട്ടില്‍ പഞ്ച് ചെയ്തു-ബൗണ്ടറി!
ആ ഓവറിലെ അവസാന പന്തില്‍ ഹോള്‍ഡര്‍ വീണ്ടും ഷോര്‍ട്ട് ബോളെറിഞ്ഞു. സ്‌ക്വയര്‍ലെഗ് ബൗണ്ടറിയില്‍ ഫീല്‍ഡറും ഉണ്ടായിരുന്നു. പക്ഷേ സഞ്ജു കെണിയില്‍ അകപ്പെട്ടില്ല! പുള്‍ ഷോട്ടിലൂടെ സിംഗിള്‍ നേടി!
സഞ്ജു ഹോള്‍ഡറോട് പറയാതെ പറയുകയായിരുന്നു,
”ബൗണ്‍സറുകള്‍ എറിഞ്ഞാല്‍ എന്നെ ഒതുക്കാം എന്നൊരു വിശ്വാസം ക്രിക്കറ്റ് ലോകത്ത് നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഈ ദിവസം ഞാന്‍ ആ ധാരണയെ കത്തിച്ച് ചാമ്പലാക്കിയിരിക്കും…”
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്നത് ഒരു യുദ്ധം തന്നെയായിരുന്നു! സഞ്ജുവും കരീബിയന്‍ കരുത്തന്‍മാരും തമ്മിലുള്ള മാനസിക യുദ്ധം.
മാത്യു ഫോര്‍ഡ് എറിഞ്ഞ ഒരു ഇന്‍ സ്വിങ്ങറാണ് സഞ്ജു ആദ്യം നേരിട്ട ഡെലിവെറി. സഞ്ജു ബീറ്റണ്‍ ആയപ്പോള്‍ ഫോര്‍ഡ് ആഗ്രസീവ് ആയി ബാറ്റര്‍ക്കുനേരെ ഓടിയടുത്തു! അത് വരാനിരിക്കുന്ന ആക്രമണോത്സുകതയുടെ ഒരു സൂചന മാത്രമായിരുന്നു!
അഭിഷേക് ശര്‍മയെ പുറത്താക്കിയപ്പോള്‍ അകീല്‍ ഹൊസെയ്ന്‍ കാണികള്‍ക്കുനേരെ ”ഷട്ട് അപ്” എന്ന് ആക്രോശിച്ചു! ഇഷാന്‍ കിഷനെ ഒരു ഷോര്‍ട്ട് ബോളിലൂടെ കീഴടക്കിയപ്പോള്‍ ഹോള്‍ഡര്‍ ആവേശത്താല്‍ അലറിവിളിച്ചു!
സൂര്യയുടെ ക്യാച്ച് എടുത്തതിനുശേഷം റൂഥര്‍ഫോഡ് ദേഷ്യത്തോടെ പന്ത് ഗ്രൗണ്ടിലേയ്ക്ക് വലിച്ചെറിഞ്ഞു! എതിരാളികളുടെ ചോര വീഴ്ത്തുന്ന പഴയകാല പാരമ്പര്യം വിന്‍ഡീസ് ഏദന്‍തോട്ടത്തില്‍ തിരിച്ചുപിടിക്കുകയായിരുന്നു.
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്ന ഫീല്‍ഡര്‍ ഗ്രൗണ്ടില്‍ എല്ലായിടത്തും നിറഞ്ഞുനില്‍ക്കുകയായിരുന്നു! തിലക് വര്‍മയുടെ ക്യാച്ച് കേവലം 1.6 സെക്കന്റ് സമയംകൊണ്ടാണ് ഹെറ്റ്മയര്‍ ചാടി ഉയര്‍ന്ന് കൈപ്പിടിയിലൊതുക്കിയത്!
പക്ഷേ ഒരു കൊടുങ്കാറ്റിലും ഉലയാതെ നിന്ന സഞ്ജുവിന് മുന്നില്‍ എതിരാളികളുടെ എല്ലാ പദ്ധതികളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു!
സഞ്ജു സാംസണ്‍. Photo. BCCI/x.com
ഹൊസൈന്‍ ബോള്‍ ചെയ്യാന്‍ വന്നപ്പോള്‍ സഞ്ജു മൂന്ന് സ്റ്റംമ്പുകളും ദൃശ്യമാക്കി. അതോടെ ഹൊസൈന്‍ വിക്കറ്റ് ഉന്നം വെച്ച് എറിഞ്ഞു. അടുത്ത നിമിഷത്തില്‍ പന്ത് വേലികടന്നു!
ഹൊസൈന്‍ എറിഞ്ഞത് ഒരു മോശം ബോളായിരുന്നില്ല. ബൗളര്‍ മനസ്സില്‍ കണ്ടത് സഞ്ജു മാനത്ത് കണ്ടു എന്ന് മാത്രം.
ഗുഡാകേഷ് മോട്ടി, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ക്കുമേല്‍ സഞ്ജു ആധിപത്യം സ്ഥാപിച്ച രീതി ശ്രദ്ധിക്കുക. ബൗണ്ടറി അടിച്ചുകൊണ്ടാണ് സഞ്ജു മോട്ടിയെ സ്വീകരിച്ചത്! ഷെപ്പേര്‍ഡ് പ്രയോഗിച്ച സ്ലോബോള്‍ നിലംതൊടാതെ ഗാലറിയില്‍ പതിക്കുകയും ചെയ്തു!
ഷമര്‍ ജോസഫുമായിട്ടുള്ള സഞ്ജുവിന്റെ അങ്കം തീ പാറുന്നതായിരുന്നു. റണ്‍-അപ് തുടങ്ങിയതിനുശേഷം പന്തെറിയാതെ പിന്‍വാങ്ങുന്ന ജോസഫിനെ നാം പലതവണ കണ്ടു! സഞ്ജുവിന്റെ ഫോക്കസ് നഷ്ടപ്പെടുത്തുക എന്നതായിരുന്നു ജോസഫ് ലക്ഷ്യമിട്ടത്!
സഞ്ജു സാംസണ്‍. Photo. BCCI/x.com
അതിനുപിന്നാലെ 141 കിലോമീറ്റര്‍ വേഗതയുള്ള പന്ത് സഞ്ജുവിന് നേരെ എത്തി! അതിന്റെ ഇരട്ടി സ്പീഡില്‍ പന്ത് അപ്രത്യക്ഷമായി! അതും ബൗളറുടെ തൊട്ടരികിലൂടെ!
”കളി എന്നോട് വേണ്ട” എന്ന സഞ്ജുവിന്റെ പ്രസ്താവനയായിരുന്നു ആ ഹിറ്റ് ജോസഫ് നിഷ്പ്രഭനായി!
അവസാന ഓവറില്‍ ഏഴ് റണ്‍സ് വേണം എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ വിന്‍ഡീസുകാരനായ സാമുവല്‍ ബദ്രി കമന്ററി ബോക്‌സില്‍ ഇരുന്ന് ചോദിക്കുന്നത് കേട്ടു,
”ഇനി ഈ കളിയില്‍ എന്തെങ്കിലും ട്വിസ്റ്റുകള്‍ അവശേഷിക്കുന്നുണ്ടോ…?’
ബദ്രി ഇന്ത്യയുടെ പരാജയം ആഗ്രഹിച്ചിരുന്നു എന്നത് വ്യക്തം. തൊട്ടടുത്ത നിമിഷത്തില്‍ തന്നെ ബദ്രിയുടെ പ്രതീക്ഷകളെ സഞ്ജു ചവിട്ടിമെതിച്ച് പൊട്ടക്കിണറ്റില്‍ തള്ളി!
ഷെപ്പേര്‍ഡിനെതിരെ സിക്‌സും ഫോറും പിറന്നു അതോടെ ഇന്ത്യന്‍ ഡ്രെസ്സിങ് റൂം ആവേശത്താല്‍ പൊട്ടിത്തെറിച്ചു! എല്ലാ കാണികളും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.
2014-ലെ ടി-20 ലോകകപ്പിലെ സെമിഫൈനലില്‍ ദക്ഷിണാഫ്രിക്ക വെച്ചുനീട്ടിയ 173 റണ്ണുകളുടെ വിജയലക്ഷ്യം ഇന്ത്യ വിരാട് കോഹ്‌ലിയുടെ ബലത്തില്‍ മറികടന്നിരുന്നു. ആ റണ്‍ചേസ് റെക്കോര്‍ഡും സഞ്ജുവിന്റെ തേരോട്ടത്തില്‍ തകര്‍ന്നു! സാക്ഷാല്‍ വിരാടിനുപോലും അഭിമാനിക്കാവുന്ന സഞ്ജു ഷോ.
മത്സരം ആരംഭിക്കുന്നതിന് മുമ്പ് വിന്‍ഡീസ് ഹെഡ് കോച്ച് ദാരെന്‍ സമ്മി പറഞ്ഞിരുന്നു,
”ഇന്ത്യ എന്ന ഗോലിയാത്തിനെ നേരിടാന്‍ എന്റെ സൈനികര്‍ തയ്യാറാണ്…”
അങ്ങനെ പറഞ്ഞ സമ്മി മത്സരം നടക്കുമ്പോള്‍ ഡഗ്-ഔട്ടില്‍ ഇരിപ്പുറയ്ക്കാതെ പരിഭ്രാന്തനായി പാഞ്ഞുനടന്നു! 2016ല്‍ മുംബൈയില്‍ വെച്ച് സെമിഫൈനല്‍ പരാജയം സമ്മാനിച്ച സമ്മിയോട് ഇന്ത്യ പകരം വീട്ടി അതായിരുന്നു സഞ്ജു ഇഫക്റ്റ്.
1967-ല്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരം ഇതേ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് അരങ്ങേറിയിരുന്നു. കൊല്‍ക്കത്ത എന്ന നഗരത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു മാച്ച് ആയിരുന്നു അത്.
അന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ 60,000 സീറ്റുകളാണ് ഉണ്ടായിരുന്നത്. പക്ഷേ ഇന്ത്യ-വിന്‍ഡീസ് പോരാട്ടത്തിന്റെ ഭാഗമായി എണ്‍പതിനായിരത്തോളം ടിക്കറ്റുകളാണ് സംഘാടകര്‍ വിറ്റഴിച്ചത്!
സ്വാഭാവികമായും സ്റ്റേഡിയത്തില്‍ വലിയ ജനക്കൂട്ടം രൂപപ്പെട്ടു! തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തിയും ടിയര്‍ ഗ്യാസും ഉപയോഗിക്കേണ്ടിവന്നു! അതോടെ ക്ഷുഭിതരായ കാണികള്‍ ഗാലറികളില്‍ തീയിട്ടു!
ഗ്രൗണ്ടില്‍ സ്ഥാപിച്ചിരുന്ന ഇരു രാജ്യങ്ങളുടേയും ദേശീയ പതാകകള്‍ കത്തി നശിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. കരീബിയന്‍ പടയുടെ ഉപനായകനായിരുന്ന കൊണ്‍റാഡ് ഹണ്ടേയുടെ സമയോചിതമായ ഇടപെടല്‍ മൂലം ആ പതാകകള്‍ സംരക്ഷിക്കപ്പെട്ടു എന്ന ഐതിഹ്യം ഏറെക്കാലം ക്രിക്കറ്റില്‍ ഉണ്ടായിരുന്നു.
എന്നാല്‍ പില്‍ക്കാലത്ത് തന്റെ ആത്മകഥയിലൂടെ ഹണ്ടേ ഒരു വെളിപ്പെടുത്തല്‍ നടത്തി,
”തീ ആളിപ്പര്‍ന്നപ്പോള്‍ വിന്‍ഡീസ് പതാകയും ഇന്ത്യന്‍ പതാകയും അഴിച്ചുമാറ്റാന്‍ ഞാന്‍ തുനിഞ്ഞതാണ്. പക്ഷേ ഒരു പൊലീസുകാരന്‍ എന്നെ തടഞ്ഞു. അയാള്‍ എന്നെ സുരക്ഷിതമായി അകറ്റിനിര്‍ത്തുകയും രണ്ട് ദേശീയ പതാകകളെ അഗ്‌നിയില്‍നിന്ന് രക്ഷിക്കുകയും ചെയ്തു…”
നിര്‍ഭാഗ്യവശാല്‍ ആ പൊലീസ് ഉദ്യോഗസ്ഥന്‍ ആരാണെന്ന് ഇന്നും നമുക്കറിയില്ല. ആരും അയാളെ അന്വേഷിച്ച് ചെന്നില്ല. അയാള്‍ സ്വയം മുന്നോട്ട് വന്ന് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിയതുമില്ല.
പ്രിയപ്പെട്ട അജ്ഞാതനായ പൊലീസുകാരാ,
അന്ന് നിങ്ങള്‍ സംരക്ഷിച്ച ഇന്ത്യന്‍ പതാകയെ സഞ്ജു സാംസണ്‍ വാനോളം ഉയര്‍ത്തിയിട്ടുണ്ട്! എങ്ങോ ഇരുന്ന് നിങ്ങളിത് കാണുന്നില്ലേ…??
Content Highlight: Sandeep Das writes about Sanju Samson