| Monday, 9th February 2026, 8:03 am

എല്ലാം തകര്‍ന്നുപോയ ഒരു ജനത! അവര്‍ ക്രിക്കറ്റിലൂടെ ആത്മാവ് വീണ്ടെടുക്കുമ്പോള്‍ നാം എങ്ങനെ ആനന്ദിക്കാതിരിക്കും!

സന്ദീപ് ദാസ്

ഇംഗ്ലണ്ടിനെതിരായ വിജയം നേപ്പാളിന് നഷ്ടപ്പെട്ടത് കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ചാണ്. ലോകേഷ് ബാം എന്ന നേപ്പാളി ബാറ്റര്‍ അവസാനം വരെ പൊരുതിയെങ്കിലും ഫിനിഷിങ്ങ് ലൈന്‍ കടക്കാനായില്ല. താങ്ങാനാവാത്ത വേദനയോടെ ക്രീസില്‍ തലകുനിച്ചിരുന്ന ലോകേഷിനെ ഒന്ന് ചേര്‍ത്തുപിടിക്കാന്‍ എല്ലാ ക്രിക്കറ്റ് ആസ്വാദകരും ആഗ്രഹിച്ചിട്ടുണ്ടാകും.

നേപ്പാള്‍ എന്ന ക്രിക്കറ്റ് രാജ്യത്തെ ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത് 2014ലായിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററായിരുന്ന ഫിലിപ്പ് ഹ്യൂസിന്റെ മരണം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സമയമായിരുന്നു അത്.

അതിനുപിന്നാലെ നേപ്പാള്‍ ഹ്യൂസിന്റെ സ്മരണയ്ക്കുവേണ്ടി ഒരു മത്സരം സംഘടിപ്പിച്ചു. ആ ഗെയിമിന് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു.

ഫില്‍ ഹ്യൂസിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച മത്സരത്തില്‍ നിന്നും

63 റണ്‍സോടെ ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഹ്യൂസ് മരണപ്പെട്ടത്. നേപ്പാള്‍ നടത്തിയത് ഒരു 63 ഓവര്‍ മത്സരം ആയിരുന്നു. നേപ്പാള്‍ ഒരു വാഗ്ദാനം കൂടി മുന്നോട്ടുവെച്ചു- ഹ്യൂസിന്റെ ഒരു ബാറ്റും ജേഴ്‌സിയും എവറസ്റ്റ് കൊടുമുടിയില്‍ പ്രദര്‍ശിപ്പിക്കും!

ഫില്‍ ഹ്യൂസ് ട്രിബ്യൂട്ട് മാച്ച്: Photo. Cricket Australia

അന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചെയര്‍മാനായിരുന്ന വാലി എഡ്വേര്‍ഡ്‌സ് അഭിപ്രായപ്പെട്ടു,

”ഇതുപോലൊരു ഓഫര്‍ മുന്നോട്ട് വെയ്ക്കാന്‍ നേപ്പാളിന് മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരമൊരു നന്മ ചെയ്യാന്‍ അവര്‍ തയ്യാറായതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്…!”

ഹ്യൂസിന്റെ സ്മരണയ്ക്കുവേണ്ടിയുള്ള മാച്ച് ഭംഗിയായി അരങ്ങേറി. അതിനുപിന്നാലെയാണ് നേപ്പാളില്‍ ഭൂകമ്പം ഉണ്ടാവുന്നത്.
ആ രാജ്യം പകച്ചുപോയ സന്ദര്‍ഭമായിരുന്നു അത്.

ഹ്യൂസിന്റെ ബാറ്റും ജേഴ്‌സിയും എവറസ്റ്റിലേയ്ക്ക് കൊണ്ടുപോയ പര്‍വതാരോഹക സുരക്ഷിതയായി തിരിച്ചെത്തിയെങ്കിലും ഒമ്പതിനായിരത്തോളം സാധുമനുഷ്യര്‍ ആ ഭൂചലനത്തിന്റെ ഇരകളായി.

നേപ്പാളിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്കെല്ലാം കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ആ വേദികളെല്ലാം ദുരിതാശ്വാസ ക്യാമ്പുകളായി പരിണമിച്ചു.

എല്ലാം തകര്‍ന്നുപോയ ഒരു ജനത! അവര്‍ ക്രിക്കറ്റിലൂടെ ആത്മാവ് വീണ്ടെടുക്കുമ്പോള്‍ നാം എങ്ങനെ ആനന്ദിക്കാതിരിക്കും!

നേപ്പാള്‍ – ഇംഗ്ലണ്ട് മത്സരം കാണുന്ന ആരാധകർ

ലോകേഷ് ബാം ജോഫ്ര ആര്‍ച്ചറെ കൈകാര്യം ചെയ്ത രീതി നോക്കുക! എക്‌സ്പ്രസ് പേസ് ബോളറായ ആര്‍ച്ചര്‍ ലോകേഷിന് മുമ്പില്‍ ഒരു സ്‌കൂള്‍ ക്രിക്കറ്ററെപ്പോലെ പരുങ്ങുകയായിരുന്നു!

പരിചയസമ്പത്തിന്റെ കുറവ് മാത്രമാണ് നേപ്പാള്‍ ടീമിന്റെ പ്രശ്‌നം. വൈകാതെ ആ ഗുണവും അവര്‍ ആര്‍ജ്ജിക്കും. അതോടെ നേപ്പാളിന്റെ തേരോട്ടത്തിന് നാം സാക്ഷികളാകും.

മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഴയൊരു ഫോട്ടോ ഇപ്പോള്‍ ഓര്‍മ്മയിലെത്തുകയാണ്. ഭൂകമ്പത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട ദുരിതാശ്വാസ ക്യാമ്പില്‍ മരക്കഷ്ണം കൊണ്ട് ക്രിക്കറ്റ് കളിച്ചിരുന്ന ഒരു നേപ്പാളി ബാലന്റെ ചിത്രം. നഷ്ടപ്പെട്ട സാമ്രാജ്യം വീണ്ടെടുക്കാന്‍ കച്ച കെട്ടി ഇറങ്ങിയവരാണ് നേപ്പാളുകാര്‍.

തകര്‍ന്ന കൊട്ടാരം അവര്‍ വീണ്ടും പണിതുയര്‍ത്തുകയാണ്. കല്ലുകള്‍ ഓരോന്നായി അടുക്കിവെച്ച് അവര്‍ അതിവേഗം മുന്നേറുന്നുണ്ട്. നമുക്ക് തികഞ്ഞ അഭിമാനത്തോടെ ആ പ്രയാണം നോക്കിക്കാണാം…

Content highlight: Sandeep Das writes about Nepal Cricket

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more