ലോകകപ്പ് ഫൈനല്‍ സമാപിച്ചതിനുശേഷം ലയണല്‍ മെസിക്കെതിരെ ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. സ്‌പെയിനിനെതിരെ മെസി നിറംമങ്ങി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഒരേയൊരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ മെസിയുടെ ഇതിഹാസതുല്യമായ കരിയറിനെ റദ്ദ് ചെയ്യാനാവില്ല.
മഹാനായ ഡീഗോ മറഡോണ മെസിയുടെ അതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. 1986ല്‍ മറഡോണ ലോകകപ്പ് ജയിച്ചു. 1990ലും മറഡോണയുടെ ടീം ലോകകപ്പ് ഫൈനലില്‍ എത്തിയിരുന്നു. പക്ഷേ അന്ന് അവര്‍ വെസ്റ്റ് ജര്‍മനിയോട് തോറ്റുപോയി.
ഡീഗോ മറഡോണ
1990ലെ ലോകകപ്പ് ഫൈനല്‍ അത്ര ആവേശകരമായിരുന്നില്ല. വെസ്റ്റ് ജര്‍മനി 23 ഗോളവസരങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് ഒരേയൊരു ശ്രമം മാത്രമാണ് നടത്താനായത്! അര്‍ജന്റീനയുടെ രണ്ട് കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് കിട്ടുകയും മറഡോണ കണ്ണീരോടെ മടങ്ങുകയും ചെയ്തു!
ആ പരാജയം മറഡോണയുടെ ലെഗസിക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിച്ചിട്ടില്ല. മറഡോണ എക്കാലത്തെയും മികച്ച ഫുട്‌ബോളറാണെന്ന് അസംഖ്യം ആരാധകര്‍ വിശ്വസിക്കുന്നുണ്ട്.അത്തരമൊരു ആദരവ് വരുംതലമുറകള്‍ മെസിക്കും നല്‍കും.
പതിമൂന്നാം വയസില്‍ വീട് വിട്ടിറങ്ങിയ ഒരാളാണ് മെസി. അന്ന് അയാള്‍ ഹോര്‍മോണ്‍ ദൗര്‍ലഭ്യം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. മെസിയുടെ ചികിത്സയ്ക്ക് ആവശ്യമായിരുന്ന ഭീമമായ തുക മുടക്കാന്‍ തയ്യാറായത് ബാഴ്‌സലോണ മാത്രമായിരുന്നു. അങ്ങനെയാണ് അയാള്‍ ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുന്നതിനുവേണ്ടി സ്‌പെയ്‌നില്‍ എത്തിച്ചേര്‍ന്നത്.
അക്കാലത്ത് മെസിയ്ക്ക് നാലടി ആറിഞ്ച് പൊക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബെഞ്ചില്‍ ഇരിക്കുന്ന സമയത്ത് മെസിയുടെ കാല്‍ നിലത്ത് മുട്ടാറില്ലായിരുന്നു! പലരും അവനെ ‘പ്രാണി’ എന്ന് സംബോധന ചെയ്തുതുടങ്ങി!
അക്കാലത്ത് മെസി പല വിവേചനങ്ങളും അനുഭവിച്ചിട്ടുണ്ട്. സ്‌പെയ്‌നിലെ ആണ്‍കുട്ടികള്‍ കളിച്ചുപോന്നിരുന്ന ചില ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുവാനുള്ള അനുവാദം മെസിക്ക് ഇല്ലായിരുന്നു. അന്ന് ബാഴ്‌സലോണയുടെ ജൂനിയര്‍ ബി ടീമിനെ പരിശീലിപ്പിച്ചിരുന്ന ടിറ്റോ വിലനോവ പില്‍ക്കാലത്ത് പറഞ്ഞു-
”കുട്ടിക്കാലത്ത് മെസി ഒരുപാട് കഷ്ടതകളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ അന്നും അയാളുടെ സ്വഭാവത്തിന് പത്തില്‍ പത്ത് മാര്‍ക്ക് നല്‍കാമായിരുന്നു..!”
അങ്ങനെ കരിയര്‍ ആരംഭിച്ച മെസി ഈ മുപ്പത്തിയൊമ്പതാം വയസ്സിലും കത്തിജ്ജ്വലിച്ച് നില്‍ക്കുകയാണ്! അയാള്‍ക്ക് എത്ര കൈയ്യടികള്‍ നല്‍കിയാലും അധികമാവുമോ!?
മറഡോണ ഇരുപത്തിയാറാം വയസ്സിലാണ് ലോകകിരീടത്തില്‍ മുത്തമിട്ടത്. എന്നാല്‍ ഖത്തറിലെ വേള്‍ഡ് കപ്പ് കളിക്കാനെത്തുമ്പോള്‍ മെസ്സിയ്ക്ക് 35 വയസുണ്ടായിരുന്നു! അന്ന് എല്ലാ നോക്കൗട്ട് മത്സരങ്ങളിലും സ്‌കോര്‍ ചെയ്തുകൊണ്ടാണ് മെസി അര്‍ജന്റീനയെ ട്രോഫിയിലേയ്ക്ക് നയിച്ചത്!
2026ല്‍ കണ്ടത് മെസ്സിയുടെ ബീസ്റ്റ് മോഡ് ആയിരുന്നു. അയാള്‍ ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്തു!
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ബാഴ്‌സലോണയെ ആസ്പദമാക്കി ‘Take The Ball; Pass The Ball ‘ എന്നൊരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. അതില്‍ സാവി മെസ്സിയെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്,
”മെസിയുടെ ഇടംകാലും വലംകാലും തലച്ചോറും മൂര്‍ച്ചയുള്ളതാണ്. അയാള്‍ക്ക് ആക്രമണവും പ്രതിരോധവും വഴങ്ങും. പാസിങ്ങിലും ഡ്രിബിളിങ്ങിലും മെസ്സിയ്ക്ക് വലിയ വൈഭവമുണ്ട്…!”
അപ്പോള്‍ സാവി ഒരു ചോദ്യം നേരിടുന്നുണ്ട്,
”മെസി ഗോള്‍കീപ്പര്‍ ആയാല്‍ എങ്ങനെയിരിക്കും…!?’
സാവിയുടെ മറുപടി ഇതായിരുന്നു,
”ഞങ്ങള്‍ ഇതുവരെ അത് പരീക്ഷിച്ചിട്ടില്ല. ചിലപ്പോള്‍ മെസി ആ റോളിലും തിളങ്ങുമായിരിക്കും…”
ഒരു കംപ്ലീറ്റ് ഫുട്‌ബോളറാണ് മെസി എന്നാണ് സാവി പറഞ്ഞുവെച്ചത്. സ്വന്തം രാജ്യമായ സ്‌പെയ്ന്‍ ലോകകപ്പ് വിജയിച്ചതില്‍ സാവിയ്ക്ക് സ്വാഭാവികമായും ആനന്ദമുണ്ടാകും. എന്നാല്‍ ഈ പരാജയം മൂലം മെസിയുടെ മഹത്വത്തിന്റെ ഒരംശം പോലും കുറയില്ല എന്ന ഉത്തമ ബോധ്യവും.
അമേരിക്കയില്‍ മെസ്സിയുടെ കണ്ണുനീര്‍ വീണിട്ടുണ്ട്. പക്ഷേ നാം കോരിച്ചൊരിയുന്ന സ്‌നേഹത്തിന്റെ മഴയില്‍ ആ കണ്ണുനീര്‍ത്തുള്ളി ഒലിച്ചുപോകും. ഒലിച്ചുപോയേ തീരൂ…
Content Highlight: Sandeep Das writes about Lionel Messi and 2026 World Cup Final