| Saturday, 4th July 2026, 10:07 am

നിങ്ങള്‍ കണ്ണുനീര്‍ പൊഴിക്കരുത്, നിങ്ങളുടെ പ്രിയ ഗാനം ആലപിക്കൂ...ലോകം മുഴുവനും നിങ്ങളുടെ കൂടെച്ചേര്‍ന്ന് പാടും!

സന്ദീപ് ദാസ്

അവസാന വിസില്‍ മുഴങ്ങുന്നത് വരെ അര്‍ജന്റീനയെ വിറപ്പിച്ച കേപ് വെര്‍ദെയുടെ കളി കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒരു സിനിമയിലെ സീന്‍ ഓര്‍ത്തുപോയി. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിച്ച ‘കേരളവര്‍മ്മ പഴശ്ശിരാജ’ എന്ന ചിത്രത്തിലെ ഒരു രംഗം!

ബ്രിട്ടീഷ് പട്ടാളം തന്നെ പരാജയപ്പെടുത്തുമെന്ന് പഴശ്ശി രാജാവിന് ഏതാണ്ട് ഉറപ്പാവുന്നു. തന്റെ മുന്നില്‍ പരിക്കേറ്റ് മരണം കാത്ത് കിടന്നിരുന്ന കൈതേരി അമ്പു എന്ന പടനായകനോട് പഴശ്ശി പറയുന്നു.

”നമ്മളെല്ലാം പോവും. പക്ഷേ നമ്മുടെ വാളുകളുടെ കഥകള്‍ എന്നും നിലനില്‍ക്കും! വരുംകാലത്ത് കുട്ടികള്‍ കൂടി അത് പറയും…”

അതുപോലെയാണ് കേപ് വെര്‍ദെയുടെ പോരാട്ടവും! അര്‍ജന്റീനയ്‌ക്കെതിരെ അവര്‍ കാഴ്ച്ചവെച്ച പ്രകടനം ഒരുകാലത്തും വിസ്മൃതിയിലേയ്ക്ക് പോവില്ല. കേപ് വെര്‍ദെയുടെ ബൂട്ടുകളുടെ വീരഗാഥകള്‍ എന്നും നിലനില്‍ക്കും!

എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ പോകുമ്പോള്‍ അര്‍ജന്റീന 3-2 എന്ന മാര്‍ജിനില്‍ മുന്നിലായിരുന്നു. ആ സമയത്തും കേപ് വെര്‍ദെ എതിരാളികളുടെ ഗോള്‍ മുഖം ആക്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു!

വെടിയുണ്ട പോലെ ഷോട്ടുകള്‍ വന്നു! ലോങ്ങ് റേഞ്ചറുകള്‍ ജന്മം കൊണ്ടു! ഗോള്‍ കീപ്പറായ മാര്‍ട്ടിനെസ് ആണ് അര്‍ജന്റീനയെ കാത്തുരക്ഷിച്ചത്! ഒരു തരി ജീവന്‍ ബാക്കിയുണ്ടെങ്കില്‍ അതുകൊണ്ട് കളി ജയിക്കും എന്ന മാനസികാവസ്ഥയിലായിരുന്നു കേപ് വെര്‍ദെ.

കളി അവസാനിച്ചപ്പോള്‍ കേപ് താരങ്ങള്‍ വിതുമ്പി. ഗാലറിയില്‍ കുരുന്നുകള്‍ കണ്ണുനീര്‍ പൊഴിച്ചു. ലോകത്തെ സകല മനുഷ്യര്‍ക്കും അവരുടെ കൂടെ കരയാന്‍ തോന്നി! വോസിന്‍ഹ എന്ന ഗോള്‍ കീപ്പറുടെ മുഖം മനസ്സില്‍ നിന്ന് മായുമോ!? ഒരു മഹാമേരു പോലെ നിലകൊണ്ട ആ വെറ്ററന്‍ ഗോളി സാക്ഷാല്‍ ലയണല്‍ മെസിയുടെ എത്രയെത്ര ഷോട്ടുകളാണ് ബ്ലോക്ക് ചെയ്തത്!

സിഡ്‌നി ലോപ്പസ് നേടിയ കേപ് വെര്‍ദെയുടെ രണ്ടാമത്തെ ഗോള്‍ അവിശ്വസനീയമായിരുന്നില്ലേ!? ഇടിമിന്നല്‍ പോലെയായിരുന്നു ആ ഷോട്ട്! അതിനുശേഷം അയാള്‍ ഗാലറിയിലേയ്ക്ക് ചാടിക്കയറി നൃത്തം ചവിട്ടി! ഹൃദയം കൊണ്ടുള്ള ആഘോഷം!

ഒരുകൂട്ടം ദ്വീപുകളുടെ കൂട്ടായ്മയാണ് കേപ് വെര്‍ദെ. ഭൂപടത്തില്‍ ആ രാജ്യത്തെ കണ്ടെത്താന്‍ പലരും പ്രയാസപ്പെടാറുണ്ട്. അവരുടെ ജനസംഖ്യ ആറ് ലക്ഷത്തില്‍ താഴെ മാത്രമാണ്.

2026-ലെ ലോകകപ്പില്‍ കേപ് വെര്‍ദെ ചെന്നുപെട്ടത് സ്‌പെയിനും യുറുഗ്വായും ഉണ്ടായിരുന്ന ഗ്രൂപ്പിലായിരുന്നു. എന്നിട്ടും ഒരു മത്സരത്തില്‍ പോലും തോല്‍വി രുചിക്കാതെ അവര്‍ അര്‍ജന്റീനയെ നേരിടാനെത്തി! മിയാമിയില്‍ അര്‍ജന്റീന കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു!

ഐവറി കോസ്റ്റിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ബാര്‍നസ് സേവിയുടെ ആല്‍ബത്തില്‍ നെഞ്ചുപൊള്ളിക്കുന്ന ഒരു ഫോട്ടോയുണ്ട്. രാത്രികാലങ്ങളില്‍ കസേരയില്‍ ഇരുന്ന് ഉറങ്ങാറുള്ള ദരിദ്രനായ ഒരു കുട്ടിയുടെ ചിത്രമാണ് അത്. തന്റെ ചെരിപ്പുകള്‍ അവന്‍ കസേരയുടെ കാലിനടിയിലാണ് സൂക്ഷിക്കാറുള്ളത്!

സേവി അവനോട് ചോദിച്ചു. ”നീ എന്തിനാണ് ചെരിപ്പ് അവിടെ വെയ്ക്കുന്നത്…!?

അവന്‍ നിഷ്‌കളങ്കമായി മറുപടി പറഞ്ഞു. ”എനിക്ക് ഫുട്‌ബോള്‍ വളരെ ഇഷ്ടമാണ്. പക്ഷേ പന്ത് വാങ്ങാനുള്ള പണം എന്റെ കൈവശം ഇല്ല. ഈ ചെരിപ്പുകൊണ്ടാണ് ഞാന്‍ ഫുട്‌ബോള്‍ കളിക്കാറുള്ളത്. കസേരയുടെ കാലിനടിയില്‍ സൂക്ഷിച്ചാല്‍ എന്റെ ചെരിപ്പുകള്‍ ആരും മോഷ്ടിക്കുകയില്ലല്ലോ…!”

ആ പാവം ബാലന്‍ ആഫ്രിക്കയുടെ പ്രതിനിധിയാണ്. പട്ടിണിയും പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധികളും ആഭ്യന്തര യുദ്ധങ്ങളും അരങ്ങുവാഴുന്ന ഭൂപ്രദേശമാണ് ആഫ്രിക്ക.
2026-ലെ ലോകകപ്പില്‍ ആഫ്രിക്കന്‍ ടീമുകള്‍ മിന്നിത്തിളങ്ങിയിരുന്നു. അതിന്റെ പരിപൂര്‍ണതയായി കേപ് വെര്‍ദെ മാറിയത് എത്ര സുന്ദരമായ കാഴ്ച്ചയാണ്!

‘The Biography of a Crioulo’ എന്ന പാട്ട് കേപ് വെര്‍ദെയില്‍ വളരെയേറെ പ്രശസ്തമാണ്. ദ്വീപ് ജനതയുടെ വൈവിദ്ധ്യങ്ങളോടും ഭാഷാഭേദങ്ങളോടും ബന്ധപ്പെട്ടു കിടക്കുന്ന ഒരു പരമ്പരാഗത ഗാനമാണത്. കേപ് വെര്‍ദെ ജയിക്കുമ്പോള്‍ ടീം അംഗങ്ങളും കോച്ചും ആ ഗാനം ആലപിക്കാറുണ്ട്.

പ്രിയ കേപ് വെര്‍ദെ, നിങ്ങള്‍ കണ്ണുനീര്‍ പൊഴിക്കരുത്. നിങ്ങളുടെ പ്രിയ ഗാനം ആലപിക്കൂ. ലോകം മുഴുവനും നിങ്ങളുടെ കൂടെച്ചേര്‍ന്ന് പാടും…

Content Highlight: Sandeep Das writes about Cape Verde’s excellent performance against Argentina in 2026 FIFA World Cup

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more