| Thursday, 20th August 2026, 3:42 pm

മോഹൻ ഭാഗവതിന്റെ യു.എസ് സന്ദർശനത്തിന് മുന്നോടിയായി ആർ.എസ്.എസ്സിനെതിരെ ഉപരോധ ആവശ്യം; USCIRF ഇടപെടൽ

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനം ആരംഭിക്കാനിരിക്കെ, ആർ.എസ്.എസ് നേതാക്കൾക്ക് ഉന്നതതല കൂടിക്കാഴ്ചകളും നയതന്ത്രപരമായ പരിഗണനകളും നൽകരുതെന്ന് അമേരിക്കൻ ഫെഡറൽ മതസ്വാതന്ത്ര്യ ഉപദേശക സമിതി ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യ ലംഘനങ്ങൾക്ക് ഉത്തരവാദികളെന്ന് കണ്ടെത്തുന്ന ആർ.എസ്.എസ് അംഗങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും യു.എസ്. കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) ആവശ്യപ്പെട്ടു.

ആഗസ്റ്റ് 29ന് ന്യൂയോർക്കിൽ നടക്കുന്ന ‘Universal Oneness Celebrations’ പരിപാടിയിൽ മോഹൻ ഭാഗവത് പങ്കെടുക്കാനിരിക്കെയാണ് USCIRF ചെയർമാൻ ആസിഫ് മഹ്മൂദിന്റെ പരാമർശം. അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ.എസ്.എസ് അംഗമാണെന്നും, മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പങ്കാളികളായ വിവിധ ഉപസംഘടനകൾ ഉൾപ്പെടുന്നതാണ് ആർ.എസ്.എസ് എന്നുമാണ് ആസിഫ് മഹ്മൂദ് ആരോപിച്ചത്. മതസ്വാതന്ത്ര്യ ലംഘനങ്ങൾക്ക് ഉത്തരവാദികളെന്ന് കണ്ടെത്തുന്ന ആർ.എസ്.എസ് അംഗങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ അമേരിക്കൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും USCIRF കമ്മീഷണർ ജീൻ മിൽസും ആവശ്യപ്പെട്ടു.

USCIRF-നും ന്യൂദൽഹിക്കും ഇടയിൽ വർഷങ്ങളായി തുടരുന്ന അഭിപ്രായവ്യത്യാസത്തിന് പുതിയ നീക്കം കൂടുതൽ ശക്തി പകരുന്നതാണ്. ഇന്ത്യയെ ലക്ഷ്യമിട്ട് USCIRF തിരഞ്ഞെടുത്ത തെളിവുകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നും, അമേരിക്കയിലെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങളും ഇന്ത്യൻ സമൂഹങ്ങൾ നേരിടുന്ന വർധിച്ചുവരുന്ന ഭീഷണികളും വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും ഇന്ത്യ നേരത്തെ വിമർശിച്ചിരുന്നു.

ആർ.എസ്.എസ്സിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ആഗോള പ്രചാരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 25 മുതൽ അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് മോഹൻ ഭാഗവത് തീരുമാനിച്ചിരിക്കുന്നത്. പ്രവാസി സംഘടനകളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും ക്ഷണപ്രകാരമുള്ള സന്ദർശനത്തിൽ ഇന്ത്യൻ വംശജരായ സമൂഹങ്ങളുമായും പ്രാദേശിക സ്ഥാപനങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

മതന്യൂനപക്ഷങ്ങളോട് ശത്രുത പുലർത്തുന്ന സംഘടനയെന്ന ആരോപണം ആർ.എസ്.എസ് തള്ളുന്നു. ദേശീയ സേവനം, സാമൂഹിക ഐക്യം, ഇന്ത്യയുടെ നാഗരികതാ പാരമ്പര്യം എന്നിവ കേന്ദ്രീകരിച്ചാണ് സംഘടനയുടെ പ്രവർത്തനങ്ങളെന്നാണ് ആർ.എസ്.എസ് വ്യക്തമാക്കുന്നത്.

അമേരിക്കൻ കോൺഗ്രസ് സ്ഥാപിച്ച സ്വതന്ത്ര, ഇരുകക്ഷി ഫെഡറൽ കമ്മീഷനാണ് USCIRF. വിദേശരാജ്യങ്ങളിലെ മതസ്വാതന്ത്ര്യ സാഹചര്യം നിരീക്ഷിക്കുകയും വൈറ്റ് ഹൗസിനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനും കോൺഗ്രസിനും നടപടികൾ ശുപാർശ ചെയ്യുകയുമാണ് കമ്മീഷന്റെ ചുമതല.

അതേസമയം, USCIRF-ന്റെ ഇടപെടൽ നിലവിൽ രാഷ്ട്രീയവും ഉപദേശക സ്വഭാവമുള്ളതുമാണ്. വിസ നിയന്ത്രണം, സ്വത്ത് മരവിപ്പിക്കൽ, ഔദ്യോഗിക ഉപരോധം തുടങ്ങിയ നടപടികൾ നടപ്പാക്കാൻ യു.എസ്. ഭരണകൂടത്തിന്റെ പ്രത്യേക തീരുമാനം ആവശ്യമാണ്.

Content Highlight:Sanctions Sought Against RSS Ahead of Mohan Bhagwat’s US Visit; USCIRF Steps In.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more