| Wednesday, 3rd December 2025, 5:49 pm

സഞ്ചാര്‍ സാഥി ആപ്പ്; പ്രതിഷേധം ഫലം കണ്ടു; ഉത്തരവ് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കുന്ന ഉത്തരവില്‍ നിന്നും പിന്മാറി കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് പുറത്തിറങ്ങുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍ബില്‍റ്റായി ഉള്‍പ്പെടുത്തണമെന്ന കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷത്ത് നിന്നുള്‍പ്പെടെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചിരിക്കുന്നത്.

ആപ്പ് ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലെന്ന് കേന്ദ്രമന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.

നേരത്തെ, ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയ രാജ്യത്തെ പ്രമുഖ മൊബൈല്‍ കമ്പനികളോട് സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

സൈബര്‍ തട്ടിപ്പുകളെ ചെറുക്കുക, മൊബൈല്‍ ഫോണുകളുടെ ദുരുപയോഗങ്ങള്‍ തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി തയ്യാറാക്കിയ ആപ്പ് എല്ലാ ഫോണുകളിലും ഉള്‍പ്പെടുത്തണമെന്നായിരുന്നു ഉത്തരവ്.

90 ദിവസത്തെ സമയം അനുവദിച്ചായിരുന്നു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

എന്നാല്‍, ഈ നിര്‍ദേശത്തെ എതിര്‍ത്ത് ആഗോള ടെക് ഭീമനായ ആപ്പിള്‍ തന്നെ രംഗത്തെത്തിയിരുന്നു. ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസിന്റെ സുരക്ഷാ പ്രോട്ടോക്കോളുകളെയും ആഗോള സ്വകാര്യതാ മാനദണ്ഡങ്ങളെയും ലംഘിക്കുന്നതാണ് ഈ നിര്‍ദേശമെന്ന നിലപാടാണ് ആപ്പിള്‍ തുടക്കം മുതല്‍ സ്വീകരിച്ചത്.

മൊബൈല്‍ മോഷണം, വഞ്ചന, ക്ലോണ്‍ ചെയ്തതോ തെറ്റിദ്ധരിപ്പിക്കപ്പെട്ടതോ ആയ IMEIനമ്പറുകളുടെ ദുരുപയോഗം എന്നിവയെ ചെറുക്കാനായി അവതരിപ്പിച്ച ആപ്പെന്നാണ് സഞ്ചാര്‍ സാഥിയെ വിശേഷിപ്പിക്കുന്നത്.
ഈ വര്‍ഷമാദ്യമാണ് ആപ്പ് പ്രചരിക്കാന്‍ തുടങ്ങിയത്.

Content Highlight: Sanchar Saathi app; Protests have paid off; Central government withdraws order

Latest Stories

We use cookies to give you the best possible experience. Learn more