| Tuesday, 12th May 2026, 3:08 pm

സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണം: തമിഴ്നാട് നിയമസഭയില്‍ പ്രസ്താവന ആവര്‍ത്തിച്ച് ഉദയനിധി സ്റ്റാലിന്‍

ആദര്‍ശ് എം.കെ.

ചെന്നൈ: സനാതന ധര്‍മത്തെ ഉന്‍മൂലനം ചെയ്യണമെന്ന തന്റെ പ്രസ്താവന നിയമസഭയില്‍ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവും ഡി.എം.കെ എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍. ചൊവ്വാഴ്ച പുതിയ നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഉദയനിധി തന്റെ പ്രസ്താവന ആവര്‍ത്തിച്ചത്.

ജനങ്ങളെ വിഭജിക്കുന്ന സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണം എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. സനാതന ധര്‍മത്തെ എതിര്‍ക്കുകയല്ല, മറിച്ച് പൂര്‍ണമായും തുടച്ചുനീക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സനാതന ധര്‍മം സാമൂഹിക നീതിക്ക് വിരുദ്ധമാണെന്ന തന്റെ 2023ലെ നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ചത്.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ തമിഴ് തായ്‌വാഴ്ത്തിന് അര്‍ഹമായ മുന്‍ഗണന നല്‍കിയില്ലെന്നും ഉദയനിധി ആരോപിച്ചു. ഗാനം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് തെറ്റാണെന്നും, ഭാവിയില്‍ എല്ലാ സര്‍ക്കാര്‍ ചടങ്ങുകളിലും ഈ ഗാനത്തിന് പ്രഥമസ്ഥാനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ അവകാശങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ ജാഗ്രത വേണമെന്നും അദ്ദേഹം പ്രതിപക്ഷനേതാവിന്റെ ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ നിയമസഭയില്‍ കൂട്ടിച്ചേര്‍ത്തു.

സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പ്രസ്താവനയെ കടുത്ത ഭാഷയിലാണ് ബി.ജെ.പി വിമര്‍ശിച്ചത്. ഇത് വെറുപ്പ് ഉളവാക്കുന്ന പ്രസംഗമാണെന്ന് ബി.ജെ.പി വക്താവ് സി.ആര്‍. കേശവന്‍ പറഞ്ഞു.

ഉദയനിധി സ്റ്റാലിനെ തമിഴ്നാട്ടിലെ രാഹുല്‍ ഗാന്ധി എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പ്രതിപക്ഷ നേതാവ് വിഭജന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ആരോപിച്ചു.

തമിഴ്നാടിന്റെ ഔദ്യോഗിക മുദ്രയില്‍ പോലും ഗോപുരമുണ്ടെന്നത് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് ശേഷം ചേര്‍ന്ന ആദ്യ നിയമസഭാ സമ്മേളനമായിരുന്നു ഇത്. ടി.വി.കെ എം.എല്‍.എ ജെ.സി.ഡി പ്രഭാകര്‍ നിയമസഭാ സ്പീക്കറായി ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.

താനും മുഖ്യമന്ത്രി വിജയ്‌യും സ്പീക്കര്‍ പ്രഭാകറും ഒരേ കോളേജില്‍ പഠിച്ചവരാണെന്ന് പറഞ്ഞ ഉദയനിധി, രാഷ്ട്രീയത്തില്‍ തങ്ങള്‍ സീനിയര്‍ ബാച്ച് ആണെന്ന് തമാശരൂപേണ ഓര്‍മിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Sanatana Dharma should be eradicated: Udhayanidhi Stalin reiterates his statement in the Tamil Nadu Assembly

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more