| Wednesday, 6th August 2025, 6:43 am

സനാതന ധര്‍മ പരാമര്‍ശം; കമല്‍ ഹാസന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സനാതന ധര്‍മത്തെ കുറിച്ചുള്ള കമല്‍ ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെ നടന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബി.ജെ.പി. ഇന്നലെ (ചൊവ്വാഴ്ച) ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമര്‍ പ്രസാദ് റെഡ്ഡി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അവശ്യപ്പെട്ടത്.

‘രാഷ്ട്രത്തെ മാറ്റാന്‍ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ പൊട്ടിക്കാന്‍ സാധിക്കുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണ്’ എന്ന കമല്‍ ഹാസന്റെ പരാമര്‍ശമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്ച നടന്‍ സൂര്യ നടത്തുന്ന അഗരം ഫൗണ്ടേഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു കമല്‍ ഹാസന്റെ ഈ പരാമര്‍ശം. പിന്നാലെ നടന്‍ സനാതന ധര്‍മത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുകയാണെന്ന് ബി.ജെ.പി വിമര്‍ശിച്ചു.

അമര്‍ പ്രസാദ് പങ്കുവെച്ച വീഡിയോയില്‍ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മത്തെ സംബന്ധിച്ചുള്ള പരാമര്‍ശത്തെ കുറിച്ചും വിമര്‍ശനമുണ്ട്. ‘നേരത്തെ ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോള്‍ സനാതന ധര്‍മം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് കമലാണ്. നമുക്ക് അവരെ ഒരു പാഠം പഠിപ്പിക്കണം’ അമര്‍ പ്രസാദ് വീഡിയോയില്‍ പറഞ്ഞു.

കൂടാതെ എല്ലാ ഹിന്ദുക്കളോടും സനാതനികളോടും നടന്റെ സിനിമകള്‍ കാണരുതെന്നും അവ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തിയേറ്ററുകളിലോ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലോ കമല്‍ ഹാസന്റെ സിനിമകള്‍ കാണുന്നത് ഒഴിവാക്കണമെന്നും അമര്‍ പ്രസാദ് വീഡിയോയിലൂടെ പറഞ്ഞു.

‘ഇങ്ങനെ ചെയ്താല്‍ മാത്രമേ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെയും ഹിന്ദുക്കളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ പൊതുവേദികളില്‍ അവര്‍ പങ്കിടാതിരിക്കുകയുള്ളൂ,’ ബി.ജെ.പി സംസ്ഥാന സെക്രട്ടറി പറഞ്ഞു.

സനാതന ധര്‍മം സംബന്ധിച്ച് കമല്‍ ഹാസന്‍ നടത്തിയ പ്രസ്താവനക്ക് പിന്നാലെ ബി.ജെ.പി നേതാക്കള്‍ പലരും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവ് തമിഴിസൈ സൗന്ദരരാജന്‍ കഴിഞ്ഞ ദിവസം നടന്‍ മതവികാരങ്ങളുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ആരോപിച്ചു.

കമല്‍ ഹാസന്‍ സ്വന്തം കേഡര്‍മാരേക്കാള്‍ ഡി.എം.കെയോട് നന്ദിയുള്ളവനാണെന്നും സനാതന ധര്‍മത്തെ കുറിച്ച് സംസാരിച്ചാല്‍ ഉദയനിധിയും സ്റ്റാലിനും സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തമിഴ്നാട് ജനത അസന്തുഷ്ടരാകുമെന്നും തമിഴ്നാട്ടില്‍ മാത്രമല്ല, ആ പ്രത്യയശാസ്ത്രം പിന്തുടരുന്ന എല്ലാ ഇന്ത്യക്കാരുടെയും വികാരങ്ങള്‍ വ്രണപ്പെടുമെന്നുമായിരുന്നു തമിഴിസൈ സൗന്ദരരാജന്‍ ആരോപിച്ചത്.

നടിയും സംസ്ഥാന ബി.ജെ.പി വൈസ് പ്രസിഡന്റുമായ ഖുശ്ബു കമല്‍ ഹാസന്റെ ഈ പരാമര്‍ശം അനാവശ്യമാണ് എന്നാണ് പ്രതികരിച്ചത്. സനാതനത്തെക്കുറിച്ച് അവിടെ സംസാരിച്ചത് തികച്ചും തെറ്റാണെന്നും കാരണം ആരും വിദ്യാഭ്യാസത്തെ സനാതനത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും ഖുശ്ബു പറഞ്ഞു.

അതേസമയം പരാമര്‍ശത്തില്‍ മുഴുവന്‍ വലതുപക്ഷവും രോഷാകുലരാണെന്ന് ഡി.എം.കെ വക്താവായ എ. ശരവണന്‍ പ്രതികരിച്ചു. അവര്‍ക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നും കമല്‍ ഹാസനെ ആക്രമിക്കാനോ അദ്ദേഹത്തിന്റെ ശക്തി മനസിലാക്കാനോ കഴിയുന്നില്ലെന്നും ശരവണന്‍ പറഞ്ഞു.

Content Highlight: Sanatana Dharma Controversy, BJP calls for boycott of Kamal Haasan’s films

We use cookies to give you the best possible experience. Learn more