ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനെയ് തകെയ്ച്ചി. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍.ഡി.പി) നേതാവായ തകെയ്ച്ചി തീവ്ര വലതുപക്ഷ അനുഭാവി കൂടിയാണ്. കടുത്ത യാഥാസ്ഥിക-ദേശീയവാദ നിലപാട് പുലര്‍ത്തുന്ന നേതാവുമാണ് സനെയ് തകെയ്ച്ചി.
ജപ്പാന്റെ മുന്‍ ആഭ്യന്തര-സാമ്പത്തിക സുരക്ഷാ മന്ത്രിയായിരുന്ന 64കാരിയായ തകെയ്ച്ചി ചൈനയുടെ കടുത്ത വിമര്‍ശകയുമാണ്. 465 സീറ്റുകളുള്ള ലോവര്‍ ഹൗസില്‍ 237 വോട്ടുകള്‍ നേടിയാണ് തകെയ്ച്ചിയുടെ വിജയം.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജപ്പാനിലെ യു.എസ് അംബാസിഡര്‍ തകെയ്ച്ചിക്ക് അഭിനന്ദനങള്‍ അറിയിച്ചു. ഇതൊരു ചരിത്രപരമായ നിമിഷമാണെന്നും യു.എസും ജപ്പാനും തമ്മിലുള്ള സഹകരണം കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടേയെന്നും തകെയ്ച്ചി എക്സില്‍ കുറിച്ചു.
ഒക്ടോബര്‍ മൂന്നിന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷയായും തകെയ്ച്ചി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി സ്ഥാനവും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനവും ഒരേസമയം വഹിക്കുന്ന രാജ്യത്തെ ആദ്യ വനിതാ നേതാവുമാണ് തകെയ്ച്ചി.
ഈ മാസം ആദ്യവാരത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തകെയ്ച്ചിയെ അഭിനന്ദിച്ചിരുന്നു.
‘ധൈര്യവും വിഷയങ്ങളില്‍ അതീവ ജ്ഞാനവുമുള്ള വ്യക്തിയാണ് തകെയ്ച്ചി. വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിയുമാണ്,’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം കുടിയേറ്റ നിയന്ത്രണങ്ങളെ അടക്കം അനുകൂലിക്കുന്ന ജപ്പാന്‍ ഇന്നൊവേഷന്‍ പാര്‍ട്ടിയുമായി എല്‍.ഡി.പി സഖ്യം ചേര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ 21നാണ് ഇരുപാര്‍ട്ടികളും സഖ്യം ചേര്‍ന്നത്.
നാരയിലാണ് തകെയ്ച്ചിയുടെ ജനനം. കോബെ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. 1993ല്‍ ജനപ്രതിനിധിസഭയിലേക്ക് സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട തകെയ്ച്ചി 1996ലാണ് എല്‍.ഡി.പിയില്‍ ചേര്‍ന്നത്.
Content Highlight: Sanae Takaichi to lead Japan; country’s first female prime minister