കവിത | ഓട്ടോ റെനെ കാസ്റ്റിലൊ
മൊഴിമാറ്റം | സ്വാതി ജോര്‍ജ്
വര | മജ്‌നി
ഒരു ജീവിതം മുഴുവന്‍ പോരാടിയവര്‍ക്ക്
ഏറ്റവും മനോഹരമായുള്ളത്,
അവസാനം ഇത് പറയാന്‍ കഴിയുക എന്നതാണു:
ഞങ്ങള്‍ ജനങ്ങളിലും ജീവിതത്തിലും വിശ്വസിച്ചു
ജീവിതവും ജനങ്ങളും
ഞങ്ങളെ ഒരിക്കലും നിരാശപ്പെടുത്തിയില്ല.
ഇങ്ങനെ മാത്രമാണു പുരുഷന്മാര്‍ പുരുഷന്മാരാകുന്നതും
സ്ത്രീകള്‍ സ്ത്രീകളാകുന്നതും,
രാവും പകലും പോരാടിക്കൊണ്ട്,
ജനങ്ങള്‍ക്കും ജീവിതത്തിനും വേണ്ടി.
എന്നിട്ട് ഈ ജീവിതങ്ങള്‍ അവസാനമെത്തുമ്പോള്‍
ജനങ്ങളവരുടെ ഏറ്റവും ആഴമേറിയ നദികള്‍ തുറന്നു വിടും
പിന്നെ എന്നെന്നേക്കുമായി അവരാ ജലത്തിലേക്കിറങ്ങും.
ദൂരങ്ങളില്‍ എന്നും കത്തി നില്‍ക്കുന്നപന്തങ്ങളായി
ദൃഷ്ടാന്തത്തിന്റെ ഹൃദയങ്ങള്‍ സൃഷ്ടിക്കും
ഒരു ജീവിതം മുഴുവന്‍ പോരാടിയവര്‍ക്ക്
ഏറ്റവും മനോഹരമായുള്ളത്,
അവസാനം ഇത് പറയാന്‍ കഴിയുക എന്നതാണു:
ഞങ്ങള്‍ ജനങ്ങളിലും ജീവിതത്തിലും വിശ്വസിച്ചു
ജീവിതവും ജനങ്ങളും
ഞങ്ങളെ ഒരിക്കലും നിരാശപ്പെടുത്തിയില്ല.
ഓട്ടോ റെനെ കാസ്റ്റില്ലോ
1936ല്‍ ജനനം. ഗ്വാട്ടിമലയന്‍ വിപ്ലവകാരി, ഗറില്ലാ യോദ്ധാവ്, കവി, നാടകപ്രവര്‍ത്തകന്‍. സായുധ ഗറില്ലാ പോരാട്ടങ്ങളില്‍ ഏര്‍പ്പെടവെ സഖാക്കള്‍ക്കൊപ്പം പിടികൂടപ്പെട്ടു.
1967 മാര്‍ച്ച് 23 ന് കൊടിയ പീഡനത്തിനുശേഷം കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജോണ്‍ എബ്രഹാം തന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ച അരാഷ്ട്രീയ ബുദ്ധിജീവികള്‍ (Apolitical Intellectuals) എന്ന കാസ്റ്റില്ലോയുടെ കവിത വളരെ പ്രസിദ്ധമാണ്.
സ്വാതി ജോര്‍ജ്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മജ്‌നി തിരുവങ്ങൂര്‍
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.