പാരീസ്: ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിന് വലിയ തിരിച്ചടിയായിരുന്നു ഗ്യാലക്‌സി നോട്ട് 7 തിരിച്ചുവിളിക്കേണ്ടി വന്നത്. ആപ്പിളിന്റെ ഐഫോണുമായി മത്സരിക്കാമെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഉല്പാദനം നിര്‍ത്തിവെയ്ക്കാന്‍ വരെ സാംസങ് നിര്‍ബന്ധിതരായി. എന്നാല്‍ ഇതിനു പിന്നിലെ കൃത്യമായി കാരണം കണ്ടെത്താന്‍ കഴിയാത്തതായിരുന്നു സാംസങ്ങിനെ ഏറ്റവുമധികം വലച്ചത്.
ഇപ്പോള്‍, ഒരുവര്‍ഷത്തിനുശേഷം ആ കാരണം സാംസങ് വെളിപ്പെടുത്തുകയാണ്. ബാറ്ററികളാണ് ഗ്യാലക്‌സി നോട്ട് 7 കത്താനുള്ള കാരണമെന്നാണ് കമ്പനി വിശദീകരിക്കുന്നത്.
Also Read: ബി.ജെ.പി അച്ഛേദിന്‍ വാഗ്ദാനം ചെയ്തു; പക്ഷെ ജനങ്ങള്‍ക്ക് നല്‍കിയത് ചൂലും യോഗാ ക്ലാസും
“ഗ്യാലക്‌സി നോട്ട് 7 സംഭവങ്ങള്‍ക്ക് കാരണം ബാറ്ററികളാണ്” എന്നാണ് സാംസങ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത് എന്നാണ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചത്.
700 റിസേച്ചേഴ്‌സിനെയും എഞ്ചിനിയര്‍മാരെയുമാണ് ഇതുസംബന്ധിച്ച ഗവേഷണത്തിന് സാംസങ് നിയോഗിച്ചത്. 200,000ത്തിലേറെ ഡിവൈസുകള്‍ പരിശോധിച്ചു. 30,000ത്തിലേറെ ബാറ്ററികളും പരിശോധിച്ചതില്‍ നിന്നാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും കമ്പനി വിശദീകരിക്കുന്നു.
“ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇതുകാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും അസൗകര്യങ്ങള്‍ക്കും ക്ഷമചോദിക്കുന്നു.” സാംസങ്ങിന്റെ മൊബൈല്‍ ബിസിനസ് തലവന്‍ കോ ഡോങ് ജിന്‍ മാധ്യമങ്ങളോടു പറഞ്ഞു.
2016 സെപ്റ്റംബര്‍ ഗ്യാലക്‌സി നോട്ട് 7ന്റെ 2.5 മില്യണ്‍ യൂണിറ്റുകളാണ് കമ്പനി തിരികെ വിളിച്ചത്. സാംസങ്ങിന്റെ സഹോദര സംരഭമായ സാംസങ് എസ്.ഡി.ഐ വിതരണം ചെയ്ത ബാറ്ററിയിലെ പ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്നു വിശ്വസിച്ച കമ്പനി തിരികെ വിളിച്ച ഫോണുകളില്‍ മറ്റൊരു കമ്പനിയുടെ ബാറ്ററിയിട്ട് വിതരണം ചെയ്തു. ഇത്തരത്തില്‍ ബാറ്ററി മാറ്റി നല്‍കിയ ഫോണുകളും കത്താന്‍ തുടങ്ങിയതോടെ ഗ്യാലക്‌സി നോട്ട് 7 വേണ്ടെന്നുവയ്ക്കാന്‍ സാംസങ് തീരുമാനിക്കുകയായിരുന്നു.
Must Read: ലാലിനെ ചളിവാരിയെറിയരുത്: എങ്ങോട്ടും ചായ്‌വില്ലാത്തയാളാണ് മോഹന്‍ലാല്‍: തോമസ് ഐസക്
1.9മില്യണ്‍ ഫോണുകളാണ് യു.എസില്‍ മാത്രം വിറ്റുപോയത്. എന്നാല്‍ കത്തുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിമാനങ്ങളിലും മറ്റും ഈ ഫോണ്‍ കൊണ്ടുപോകുന്നത് നിരോധിച്ചിരുന്നു.