| Saturday, 10th April 2010, 8:19 pm

സമ്പത്തിന്റെ ശരീരത്തില്‍ 64 മുറിവുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പുത്തൂര്‍ ഷീല വധക്കേസ് പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത് കടുത്ത മര്‍ദ്ധനമേറ്റാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കൊടിയ മര്‍ദ്ദനം മൂലം തലച്ചോറിലേറ്റ രക്തസ്രാവമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉരുട്ടിയതിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ബാറ്റണ്‍ കൊണ്ട് മര്‍ദ്ദിച്ചതിന്റെയും പാടുകള്‍ സമ്പത്തിന്റെ മൃതദേഹത്തിലുണ്ടായിരുന്നു.

ഇരുമ്പുവള, ലാത്തി, ഷൂ, ആറ് അഗ്രങ്ങളുള്ള ഒരു ആയുധം എന്നിവ കൊണ്ടാണ് സമ്പത്തിന് മര്‍ദ്ദനമേറ്റിട്ടുള്ളത്. കാല്‍പാദം മുതല്‍ തലയോട്ടി വരെയുള്ള ശരീര ഭാഗങ്ങളില്‍ ഇടിയുടെയും പാടുകളുണ്ട്. തറയിലും ചുമരിലും ചേര്‍ത്തിടിച്ചതു മൂലമുള്ള ചതവുകളും മുറിവുകളും ശരീരത്തിലുള്ളതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്.

പത്ത് സ്ഥലങ്ങളില്‍ ലാത്തിയടിയേറ്റതിന്റെ പാടുണ്ട്. 63 മുറിവുകളാണ് ശരീരത്തില്‍ ആകെയുള്ളത്. ആറ്, എട്ട്, ഒമ്പത് വാരിയെല്ലുകളും താടിയെല്ലും പൊട്ടി. മൂന്നാംമുറയായ ഉരുട്ടലിന്റെ ഏഴ് പാടുകളുണ്ട്. സെന്റിമീറ്ററുകളോളം ചര്‍മ്മം ഇളകിപ്പോയി. ബോധരഹിതനായി നിലത്ത് വീണിട്ടും മര്‍ദ്ദനം നടന്നു. അരക്ക് കീഴെയാണ് ഏറ്റവുമധികം മുറിവുകളുള്ളത്. 25 മുറിവുകള്‍.

കഴിഞ്ഞ 29 ന് ഉച്ചക്ക് മൂന്ന് മണിക്ക് ശേഷമാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ രാത്രി 11 മണിക്ക് സമ്പത്ത് മരിച്ചുവെന്നാണ് പോലീസ് പറഞ്ഞിരുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. കെ. പ്രസന്നന്‍, ഡോക്ടര്‍മാരായ പി എസ് സഞ്ജയ്, ഡോ. വി കെ രാജേന്ദ്രപ്രസാദ് എന്നിവരാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സമ്പത്തിന്റെ മരണത്തെക്കുറിച്ച് െ്രെകംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ലഭിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. കേസില്‍ അന്വേഷണം തുടരുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 20 ഓളം പോലീസുകാരെ ഇതുവരെ ചോദ്യംചെയ്തു. ഷീലാ വധക്കേസില്‍ കൂട്ടുപ്രതികളായ കനകരാജ്, മണികണ്ഠന്‍ എന്നിവരില്‍നിന്നും ്രൈകംബ്രാഞ്ച് സംഘം മൊഴിയെടുത്തു.

മാര്‍ച്ച് 23 ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് കൊലപാതകമുണ്ടായത്. ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.എന്‍. സതീഷിന്റെ സഹോദരിയും പാലക്കാട്ടെ പ്രമുഖ ബിസിനസുകാരനും സി.വി.എം.ഗ്രൂപ്പിന്റെ പാര്‍ട്ണറും കൊപ്പം ലയണ്‍സ് സ്‌കൂള്‍ മാനേജറുമായ പുത്തൂര്‍ സായൂജ്യത്തില്‍ വി. ജയകൃഷ്ണന്റെ ഭാര്യയുമാണ് കൊല്ലപ്പെട്ട ഷീല. ഷീലയുടെ അമ്മ കാര്‍ത്ത്യായനി (70) ക്ക് കൊലപാതക ശ്രമത്തിനിടെ പരിക്കേറ്റിരുന്നു.

We use cookies to give you the best possible experience. Learn more