| Thursday, 2nd April 2026, 8:13 am

ചെന്നൈയ്ക്ക് വേണ്ടി കരിയറില്‍ നേടിയതിനേക്കാള്‍ ഈ ഒറ്റ മത്സരത്തില്‍; റിസ്വി മാജിക്കിന് വിസിലടിച്ച് ആരാധകര്‍

ആദര്‍ശ് എം.കെ.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ അക്‌സര്‍ പട്ടേലും സംഘവും വിജയിച്ചിരുന്നു. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. ലഖ്‌നൗ ഉയര്‍ത്തിയ 142 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്ത് ശേഷിക്കെ ക്യാപ്പിറ്റല്‍സ് മറികടക്കുകയായിരുന്നു.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ സമീര്‍ റിസ്വിയുടെ കരുത്തിലാണ് ക്യാപ്പിറ്റല്‍സ് അനായാസ വിജയം സ്വന്തമാക്കിയത്. 26 റണ്‍സിനിടെ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന്റേതടക്കം നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് സമ്മര്‍ദത്തിലേക്ക് കൂപ്പുകുത്തിയ ക്യാപ്പിറ്റല്‍സിനെ അഞ്ചാം വിക്കറ്റിലെ അപരാജിത സെഞ്ച്വറി കൂട്ടുകെട്ടുമായാണ് റിസ്വിയും ട്രിസ്റ്റണ്‍ സ്റ്റബ്‌സും വിജയത്തിലേക്ക് കൈപിടിച്ചുനടത്തിയത്.

47 പന്ത് നേരിട്ട് പുറത്താകാതെ 70 റണ്‍സാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കൂടിയായ റിസ്വി സ്വന്തമാക്കിയത്. നാല് സിക്‌സറും അഞ്ച് ഫോറും അടക്കം 148.94 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ഐ.പി.എല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് താരം കഴിഞ്ഞ ദിവസം എകാനയില്‍ പുറത്തെടുത്തത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളത്തിലിറങ്ങിയതിനേക്കാള്‍ കൂടുതല്‍ റണ്‍സ് റിസ്വി ഈ ഒറ്റ മത്സരത്തില്‍ സ്വന്തമാക്കി എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

ചെന്നൈയ്ക്കായി അഞ്ച് ഇന്നിങ്‌സില്‍ നിന്നും 12.75 ശരാശരിയില്‍ 51 റണ്‍സ് മാത്രമാണ് റിസ്വിക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. 118.6 മാത്രമായിരുന്നു താരത്തിന്റെ സ്‌ട്രൈക് റേറ്റ്. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച യുവതാരത്തില്‍ നിന്നും പ്രതീക്ഷ പ്രകടനം പിറക്കാതെ പോയതോടെ ചെന്നൈയില്‍ നിന്ന് താരത്തിന് പടിയിറങ്ങേണ്ടതായും വന്നു.

സമീര്‍ റിസ്വി

ശേഷം ദല്‍ഹിയിലെത്തിയ റിസ്വിയുടെ വെടിക്കെട്ടിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. രണ്ട് അര്‍ധ സെഞ്ച്വറിയടക്കം അഞ്ച് ഇന്നിങ്‌സില്‍ നിന്നുമായി 63.66 ശരാശരിയില്‍ അടിച്ചെടുത്തത് 191 റണ്‍സ്. സ്‌ട്രൈക് റേറ്റാകട്ടെ 151ലധികവും.

ലഖ്‌നൗവിനെതിരായ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും റിസ്വി തന്നെയായിരുന്നു.

അതേസമയം, ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കെത്താനും ക്യാപ്പിറ്റല്‍സിനായി. ആദ്യ അഞ്ച് സ്ഥാനത്തുള്ള എല്ലാ ടീമുകള്‍ക്കും ഒരു മത്സരത്തില്‍ നിന്നും രണ്ട് പോയിന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനങ്ങള്‍.

ഏപ്രില്‍ നാലിനാണ് ക്യാപ്പിറ്റല്‍സ് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.

Content Highlight: Sameer Rizvi’s brilliant innings against Lucknow

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more