| Sunday, 6th September 2026, 10:12 pm

കുഞ്ഞു സമീറിന് ടീച്ചറുടെ അടുത്തെത്താന്‍ വഴി കാണിച്ചു കൊടുക്കാമോ; ആയിഷ ടീച്ചറെ അന്വേഷിച്ച് സമീര്‍ ബിന്‍സി

റെന്വര്‍ പി

കോഴിക്കോട്: 1980 കളുടെ തുടക്കത്തില്‍ മലപ്പുറം വാറങ്കോട് ഇസ്ലാഹിയാ സ്‌കൂളില്‍ തന്നെ പഠിപ്പിച്ചിരുന്ന അധ്യാപിക ആയിഷ ടീച്ചര്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് സൂഫി ഗായകന്‍ സമീര്‍ ബിന്‍സി. ‘കുഞ്ഞു സമീറിന് ടീച്ചറുടെ അടുത്തെത്താന്‍ വഴി കാണിച്ചു കൊടുക്കാമോ കൂട്ടുകാരേ,’ എന്ന് തുടങ്ങുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സമീര്‍ ബിന്‍സി ഈ കാര്യം പറഞ്ഞത്.

‘ആയിഷ ടീച്ചര്‍ എന്നായിരുന്നു അവരുടെ പേര്. നമ്മള്‍ ഇപ്പോള്‍ ആയിത്തീര്‍ന്നതിന്റെ ചില ഭൗതികമായ കാരണങ്ങളെക്കുറിച്ച് പറയാറില്ലേ? അഥവാ അത് ഉണ്ടായിരുന്നില്ലെങ്കില്‍ ഇതൊന്നും നടക്കുമായിരുന്നില്ല എന്ന്. അവരില്ലെങ്കില്‍ ഇന്നത്തെ ഞാന്‍ ഇല്ല എന്നൊക്കെ. അതാണ് എനിക്ക് ടീച്ചര്‍,’ സമീര്‍ ബിന്‍സി ഫേസ്ബുക്കില്‍ കുറിച്ചു.

ഇളംമനസ്സില്‍ ഒരുപാട് വേദനയും സങ്കടവും അനുഭവിച്ചിരുന്ന കാലത്ത് കുഞ്ഞിക്കൈ പിടിച്ചിരുന്ന ഒരു ടീച്ചര്‍. നഴ്‌സറി ക്ലാസില്‍ വച്ച്, സ്‌ളേറ്റില്‍ ‘മഹാത്മാഗാന്ധി’ എന്ന് അക്ഷരത്തെറ്റ് ഇല്ലാതെ എഴുതിയതിന് അന്ന് എനിക്ക് 20 പൈസ ടീച്ചര്‍ തന്നിരുന്നെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

ആയിഷ ടീച്ചറാണ് തന്നെ ആദ്യമായി എന്നെ സ്റ്റേജില്‍ കയറ്റിയത്. സ്റ്റേജ് എന്ന കള്‍ച്ചര്‍ പഠിപ്പിച്ചു തന്നത്.
വേദിയില്‍ പാട്ടും അഭിനയവും പ്രസംഗവും ഒക്കെ അവതരിപ്പിക്കാന്‍ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കെ.ജി. ക്ലാസും ഒന്നാം ക്ലാസും! അങ്ങനെ രണ്ടു വര്‍ഷത്തെ ഓര്‍മ്മയേ ഉള്ളൂവെങ്കിലും ഒരു നിമിഷവും വിടാതെ കൂടെയുള്ള സാന്നിധ്യമാണ് ഇന്നും ടീച്ചര്‍. അവരുണ്ടെങ്കില്‍ എനിക്ക് അവരെ കാണണം. എവിടെയാണെന്ന് അറിയണമെന്നും അദ്ദേഹം കുറിച്ചു.

എറണാകുളമോ കൊല്ലമോ കോട്ടയമോ ആയിരുന്നു ടീച്ചറുടെ നാട് എന്ന് മാത്രമേ അറിയൂ.1980 കളുടെ ആദ്യത്തില്‍ മലപ്പുറം വാറങ്കോട് ഇസ്ലാഹിയാ സ്‌കൂളില്‍ ആയിരുന്നു പഠിപ്പിച്ചത്. സ്‌കൂളില്‍ ടീച്ചറെക്കുറിച്ച് രേഖകളോ വിവരങ്ങളോ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ടീച്ചര്‍ക്ക് രണ്ടു മക്കള്‍ ഉണ്ടായിരുന്നത് അറിയാം. അവരും അവിടെത്തന്നെയാണ് പഠിച്ചിരുന്നത്. മകളുടെ പേര് സുനിമോള്‍ എന്നാണ്. എന്റെ ക്ലാസ്സില്‍ ആയിരുന്നു. മകന്റെ പേര്‍ ഷാജി. ഇതല്ലാതെ ഒന്നും അറിയില്ല. ഫോട്ടോയും ഇല്ല. പക്ഷേ അത്രയ്ക്കും പ്രിയപ്പെട്ട ആ ടീച്ചറെ കാണാന്‍ വല്ലാത്ത കൊതിയുണ്ട്,’ സമീര്‍ ബിന്‍സി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കുഞ്ഞു സമീറിന് ടീച്ചറുടെ അടുത്തെത്താന്‍ വഴി കാണിച്ചു കൊടുക്കാമോ കൂട്ടുകാരേ…

ഇത് തമാശയായിട്ട് എഴുതിയതല്ല. ഗൗരവപ്പെട്ട ഒരു കാര്യമാണ്. അദ്ധ്യാപക ദിനം വന്നപ്പോള്‍ എഴുതാം എന്ന് വിചാരിച്ചു.

ആയിഷ ടീച്ചര്‍ എന്നായിരുന്നു അവരുടെ പേര്!??.

നമ്മള്‍ ഇപ്പോള്‍ ആയിത്തീര്‍ന്നതിന്റെ ചില ഭൗതികമായ കാരണങ്ങളെക്കുറിച്ച് പറയാറില്ലേ? അഥവാ അത് ഉണ്ടായിരുന്നില്ലെങ്കില്‍ ഇതൊന്നും നടക്കുമായിരുന്നില്ല എന്ന്. അവരില്ലെങ്കില്‍ ഇന്നത്തെ ഞാന്‍ ഇല്ല എന്നൊക്കെ..
അതാണ് എനിക്ക് ടീച്ചര്‍.


ഇളംമനസ്സില്‍ ഒരുപാട് വേദനയും സങ്കടവും അനുഭവിച്ചിരുന്ന കാലത്ത് ( അതേക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട് ) കുഞ്ഞിക്കൈ പിടിച്ചിരുന്ന ഒരു ടീച്ചര്‍. ??

നഴ്‌സറി ക്ലാസില്‍ വച്ച്, സ്‌ളേറ്റില്‍ ‘മഹാത്മാഗാന്ധി’ എന്ന് അക്ഷരത്തെറ്റ് ഇല്ലാതെ എഴുതിയതിന് അന്ന് എനിക്ക് 20 പൈസ തന്നു!????

അവരാണ് ആദ്യമായി എന്നെ സ്റ്റേജില്‍ കയറ്റിയത്. സ്റ്റേജ് എന്ന കള്‍ച്ചര്‍ പഠിപ്പിച്ചു തന്നത്.
വേദിയില്‍ പാട്ടും അഭിനയവും പ്രസംഗവും ഒക്കെ അവതരിപ്പിക്കാന്‍ പഠിപ്പിച്ചത്.

കെജി ക്ലാസും ഒന്നാം ക്ലാസും! അങ്ങനെ രണ്ടു വര്‍ഷത്തെ ഓര്‍മ്മയേ ഉള്ളൂവെങ്കിലും ഒരു നിമിഷവും വിടാതെ കൂടെയുള്ള സാന്നിധ്യമാണ് ഇന്നും ടീച്ചര്‍.??

അവരുണ്ടെങ്കില്‍ എനിക്ക് അവരെ കാണണം. എവിടെയാണെന്ന് അറിയണം??????

എറണാകുളത്തോ കൊല്ലത്തോ ട്ടയമോ ആയിരുന്നു നാട് എന്ന് മാത്രമേ അറിയൂ. മലപ്പുറം വാറങ്കോട് ഇസ്ലാഹിയാ സ്‌കൂളില്‍ ആയിരുന്നു. 1980 കളുടെ ആദ്യത്തില്‍ ആയിരുന്നു. സ്‌കൂളില്‍ അതിന്റെ രേഖകളോ വിവരങ്ങളോ ഒന്നുമില്ല. ( ഞാന്‍ അന്വേഷിച്ചിരുന്നു)

അടയാളമായി ഒന്നും പറയാന്‍ അറിയില്ലെങ്കിലും അവര്‍ക്ക് രണ്ടു മക്കള്‍ ഉണ്ടായിരുന്നത് അറിയാം. അവരും അവിടെത്തന്നെയാണ് പഠിച്ചിരുന്നത്. മകളുടെ പേര് സുനിമോള്‍ എന്നാണ്. എന്റെ ക്ലാസ്സില്‍ ആയിരുന്നു. മകന്റെ പേര്‍ ഷാജി.

ഇതല്ലാതെ ഒന്നും അറിയില്ല. ഫോട്ടോയും ഇല്ല. പക്ഷേ അത്രയ്ക്കും പ്രിയപ്പെട്ട ആ ടീച്ചറെ കാണാന്‍ വല്ലാത്ത കൊതിയുണ്ട്. ????

Content Highlight: Sameer Binsi Facebook Post to find Old Teaccher

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more