തിരുവനന്തപുരം: ഒരു പൊടി പോലുമില്ലാതെ കാത്തുസൂക്ഷിക്കുന്ന ടൈല്‍ വിരിച്ച നിലം, വെട്ടിത്തിളങ്ങുന്ന ടോയ്‌ലറ്റുകളും ഒരു മുടിനാരിഴയുടെ നിഴല്‍ പോലും പതിയാത്ത കാത്തിരിപ്പ് ഇടങ്ങള്‍, തുടങ്ങി മറ്റ് ഗതാഗത സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ വ്യത്യസ്തമാകുന്നത് ലക്ഷ്വറി കൊണ്ടുകൂടിയാണ്.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ വിദേശികള്‍ പോലും ശ്രദ്ധിക്കുമെന്നതിനാല്‍ വിട്ടുവീഴ്ചകള്‍ക്ക് അധികൃതരും തയ്യാറാകില്ല. ഓരോ കോണും പരിപാലിക്കുന്നത് അത്രയേറെ ശ്രദ്ധയോടെ തന്നെയായിരിക്കും.
എന്നാല്‍ ഈ ലക്ഷ്വറി സൗകര്യങ്ങളെല്ലാം ഏറെ കഷ്ടപ്പെട്ട് വൃത്തിയോടെയും ശുചിത്വത്തോടെയും കാത്തുസൂക്ഷിക്കുന്ന തൊഴിലാളികള്‍ക്കുമില്ലേ വൃത്തിയുള്ള സൗകര്യങ്ങള്‍ക്കും അല്‍പം വിശ്രമിക്കാനുമുള്ള അവകാശം. ഉണ്ടെന്ന് സമൂഹമനസാക്ഷി പറയുമെങ്കിലും ഇല്ലെന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ (തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്-ടിയാല്‍) അധികൃതരുടെ നിലപാട്.
മൂന്ന് ഷിഫ്റ്റുകളിലായുള്ള ഒമ്പത് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നിയമവിരുദ്ധമായ തൊഴില്‍ സമയത്തിനൊപ്പം കടുത്ത തൊഴില്‍ അവകാശലംഘനങ്ങള്‍ക്കും ഇരയാവുകയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഹൗസ് കീപ്പിങ്ങിലെ ഓരോ കരാര്‍ തൊഴിലാളികളും.
വിമാനത്താവളത്തിന്റെ വൃത്തിയുടെ ചുമതലയുള്ള തൊഴിലാളികള്‍ക്ക് ജോലി ചെയ്ത് ക്ഷീണിച്ചാലും ഒരു നിമിഷം ഇരിക്കാന്‍ പോലും അവകാശമില്ലെന്നാണ് കരാര്‍ കമ്പനിയായ ബി.വി.ജി ഇന്ത്യ ലിമിറ്റഡിന്റെ മനുഷ്യത്വ രഹിതമായ നിലപാട്.
ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവും കയറിയിറങ്ങുന്ന വിമാനത്താവളത്തില്‍ കഠിന സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുള്‍പ്പെടെയുള്ള ഹൗസ് കീപ്പിങ് തൊഴിലാളികള്‍ക്ക് ഭക്ഷണം കഴിക്കാനോ വസ്ത്രം മാറാനോ മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ പൂണെ ആസ്ഥാനമായ കരാര്‍ കമ്പനി ബി.വി.ജി തയ്യാറായിട്ടില്ല.
വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്തുവരുന്ന തൊഴിലാളികളില്‍ പലരും നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും കരാര്‍ കമ്പനി പരാതികള്‍ക്ക് ചെവി കൊടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് തൊഴിലാളികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. രാത്രി അലവന്‍സ്, അസുഖ അവധി, കാഷ്വല്‍ ലീവ്, മെഡിക്കല്‍ ലീവ് എന്നിങ്ങനെയുള്ള ഒരു ആനുകൂല്യവും ഹൗസ് കീപ്പിങ്ങിലെ കരാര്‍ തൊഴിലാളികള്‍ക്കില്ല.
നാല് വര്‍ഷത്തിലേറെയായി പ്രതിഷേധവും നിവേദനം സമര്‍പ്പിക്കലുമെല്ലാം മുറ പോലെ നടക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ അവകാശങ്ങള്‍ പരിഗണിക്കാന്‍ മാത്രം തിരുവനന്തപുരം വിമാനത്താവളത്തില്‍ ആരുമില്ലാത്ത അവസ്ഥയാണ്. സ്വകാര്യ കരാര്‍ കമ്പനിയുടെ കീഴില്‍ 123ലേറെ ഹൗസ് കീപ്പിങ് കരാര്‍ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 83ലേറെ പേര്‍ സ്ത്രീകളാണ്. ഇവരില്‍ പ്രായമായവരുമുണ്ട്.
വസ്ത്രം മാറാന്‍ പോലും സൗകര്യമില്ലാത്ത ദുസ്സഹമായ അവസ്ഥയിലേക്കാണ് ഓരോ വനിതാ തൊഴിലാളിയും ദിവസവും ജോലിക്കെത്തുന്നത്.
രാത്രി സമയങ്ങളിലെ ഡ്യൂട്ടിക്ക് എത്തുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്. അല്‍പനേരം ഇരുന്നാല്‍ 600 രൂപയാണ് അധികൃതര്‍ പിഴയീടാക്കുക. ദിവസവും 574 രൂപ കൂലി കയ്യില്‍ കിട്ടുന്നവരോടാണ് ഈ ക്രൂരതയെന്നതും വിചിത്രം. കഷ്ടപ്പാടിന് അനുസരിച്ചുള്ള മാന്യമായ വേതനം ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
മെഡിക്കല്‍ ലീവ് ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ ഒരു അവകാശവും ഹൗസ് കീപ്പിങ് തൊഴിലാളികള്‍ക്ക് അനുവദിച്ച് നല്‍കിയിട്ടില്ല.
യാത്രക്കാര്‍ക്ക് ഉപയോഗിക്കാനായുള്ള ഒരു ടോയ്‌ലെറ്റാണ് ഇത്രയേറെ തൊഴിലാളികള്‍ക്കായി അനുവദിച്ചിരിക്കുന്നത്. വസ്ത്രം മാറാനോ ഭക്ഷണം കഴിക്കാനോ കൈ കഴുകാനോ ഹൗസ് കീപ്പിങ് തൊഴിലാളികള്‍ക്ക് പ്രത്യേക സൗകര്യങ്ങളില്ല. യാത്രക്കാര്‍ക്കായി അനുവദിച്ചിരിക്കുന്ന ടോയ്‌ലെറ്റില്‍ വെച്ചുതന്നെ ഭക്ഷണം കഴിക്കാം, കൈകഴുകാം, വസ്ത്രവും മാറാം എന്നാണ് കരാര്‍ കമ്പനിയുടെ നിലപാട്.
ഈ ടോയ്‌ലെറ്റ് ഉപയോഗിക്കാനുള്ള പരിമിതി അറിയാതെയല്ല കരാര്‍ കമ്പനിയുടെ പ്രവര്‍ത്തിയെന്നതും ശ്രദ്ധേയമാണ്. 100ലേറെ പേര്‍ക്ക് ഈ ടോയ്‌ലെറ്റ് ഉപയോഗിക്കാനാകില്ലെങ്കില്‍ പകരം ഒരുക്കിയിരിക്കുന്ന സൗകര്യം വൃത്തിഹീനമായതും അസൗകര്യങ്ങളാല്‍ സമ്പന്നമായതുമാണെന്ന് തൊഴിലാളികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. അതുകൊണ്ടുതന്നെ തൊഴില്‍ സമയത്ത് ശ്വാസംമുട്ടി തൊഴില്‍ തീര്‍ത്ത് മടങ്ങേണ്ട അവസ്ഥയിലാണ് ഇവര്‍ ഓരോരുത്തരും.
‘വിശ്രമിക്കാനോ ഇരിക്കാനോ സൗകര്യമില്ല. ഞങ്ങള്‍ ഇരിക്കുന്നത് കണ്ടാല്‍ 600 രൂപ പിഴ ചുമത്തുമെന്ന് കരാര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു. എപ്പോഴും തിരക്കേറിയ യാത്രക്കാര്‍ക്കുള്ള ടോയ്ലറ്റുകളും ഞങ്ങള്‍ ഉപയോഗിക്കണം. വസ്ത്രം മാറുന്ന മുറികളില്ല,’ ഹൗസ് കീപ്പിങിലെ ഒരു വനിതാ തൊഴിലാളി ഡൂള്‍ ന്യൂസിനോട് പറഞ്ഞു. രാത്രി ഡ്യൂട്ടി സമയത്ത് ഇരിക്കാന്‍ അനുവാദമില്ല, ഒമ്പത് മണിക്കൂര്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമാണെന്ന് ഹൗസ് കീപ്പിങിലെ മറ്റൊരു തൊഴിലാളി പറയുന്നു.
Representative Image
ക്യാന്റീനിനുള്ളിലെ വാഷ്ബേസിന്‍ ഉപയോഗിച്ച് കൈകള്‍ കഴുകാനോ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ടിഫിന്‍ ബോക്‌സുകള്‍ കഴുകാനോ തൊഴിലാളികള്‍ക്ക് അനുവാദമില്ല. ക്യാന്റീനിലെ ഭക്ഷണം കഴിക്കുകയാണെങ്കില്‍ മാത്രം അവിടെ നിന്നും കൈ കഴുകാന്‍ അനുവാദമുണ്ട്. എന്നാല്‍ ഒരു ചായയ്ക്ക് തന്നെ 60 രൂപ ഈടാക്കുന്ന ക്യാന്റീനിലെ ഭക്ഷണം ഒരു തൊഴിലാളിക്ക് താങ്ങാവുന്നതുമല്ല. വിമാനത്താവളത്തിലെ ക്യാന്റീനില്‍ സ്റ്റാഫുകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ ഹൗസ് കീപ്പിങിലെ തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടില്ല.
എല്ലാം കൊണ്ടും അവഗണനയും അസൗകര്യങ്ങളും സഹിക്കുകയാണ് ഓരോ തൊഴിലാളിയും. മറ്റ് ഡിപ്പാര്‍ട്‌മെന്റിലെ കരാര്‍ തൊഴിലാളികള്‍ക്കും സമാനമായ അവസ്ഥയാണെങ്കിലും ഹൗസ് കീപ്പിങിലെ തൊഴിലാളികള്‍ക്ക് കുറച്ചുകൂടി കടുത്ത അവസ്ഥയാണ് അനുഭവിക്കേണ്ടി വരുന്നതെന്നാണ് ഇവര്‍ പറയുന്നത്.
ദുരിതത്തിന് അറുതി വരുത്താനായി നിരന്തരം അപേക്ഷകളുമായി കരാര്‍ കമ്പനിയെയും എച്ച്.ആര്‍. ഡിപ്പാര്‍ട്‌മെന്റിനെയും സമീപിക്കുന്നുണ്ടെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് തൊഴിലാളികളുടെ സംഘടനയായ ടിയാല്‍ കോണ്‍ട്രാക്ട് ലേബര്‍ കോണ്‍ഗ്രസ് ശശി തരൂര്‍ എം.പിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കരാര്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഇടപെടലുണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് ഹൗസ് കീപ്പിങ് തൊഴിലാളികളുടെ നീക്കം.
Content Highlight: Fine of 600 for sitting alone; Same toilet for eating and changing clothes; Housekeeping workers at Thiruvananthapuram airport suffocate; Neglect