ടൈം ലൂപ്പ് പ്രമേയമാകുന്ന ചിത്രങ്ങളില്‍ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും മാത്രമല്ല, ചിത്രീകരണത്തിനും ചില പ്രത്യേകതകളുണ്ട്. ഒരേ സംഭവങ്ങള്‍ ആവര്‍ത്തിച്ച് ചിത്രീകരിക്കുമ്പോള്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. ധൂമകേതുവിന്റെ ചിത്രീകരണത്തിനിടെയുണ്ടായ ഇത്തരം അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി നിഖില വിമല്‍.
ചിത്രത്തില്‍ സജിന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ടൈം ലൂപ്പില്‍ അകപ്പെടുന്നത്. നിഖിലയുടെ കഥാപാത്രം അതിനനുസരിച്ചുള്ള ഒഴുക്കില്‍ മുന്നോട്ടുപോകുന്ന ഒരാളാണ്. ഒരേ രംഗങ്ങള്‍ ആവര്‍ത്തിച്ച് ചിത്രീകരിക്കേണ്ടിവന്നപ്പോള്‍ എല്ലാ ദിവസവും ഒരേ കോസ്റ്റ്യൂം ധരിച്ച് ഒരേ ഡയലോഗുകള്‍ പറയേണ്ടിവന്നതും എന്താണ് ചെയ്യേണ്ടതെന്ന ആശയക്കുഴപ്പമുണ്ടാക്കിയെന്നും നിഖില പറയുന്നു.
‘ലൂപ്പ് ഷൂട്ട് ചെയ്യുക എന്ന് പറഞ്ഞാല്‍ എല്ലാ ദിവസവും ഒരേ കോസ്റ്റ്യൂം ഇട്ട് റെഡിയാവുക എന്നതാണ്. അവസാനം നമ്മള്‍ ചോദിക്കാന്‍ തുടങ്ങി, ഇന്ന് നമ്മള്‍ എന്താണ് ചെയ്യേണ്ടതെന്ന്. അങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു.
ലൂപ്പില്‍ പെട്ടുപോയിരിക്കുന്ന ആള്‍ക്ക് ഒരു പ്രോപ്പര്‍ ആര്‍ക്ക് ഉണ്ടാവുമല്ലോ. കൂടെയുള്ള ആള്‍ക്കാര്‍ക്ക് ചെറിയൊരു കണ്‍ഫ്യൂഷനുണ്ടാവും. എന്താണ് ചെയ്യേണ്ടത് എന്ന രീതിയില്‍. പിന്നെ ദിവസവും എനിക്ക് ഇത് എങ്ങനെയാണ് ഷൂട്ട് ചെയ്യാന്‍ പോകുന്നത് എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു,’ നിഖില പറഞ്ഞു.
ഒരേ രംഗങ്ങള്‍ ആവര്‍ത്തിക്കുന്ന സിനിമയില്‍ അവയെ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കുമെന്നത് ചിത്രീകരണവേളയില്‍ വലിയ ചോദ്യമായിരുന്നുവെന്നും നിഖില പറയുന്നു. രംഗങ്ങള്‍ എങ്ങനെ ഷൂട്ട് ചെയ്യണം, പശ്ചാത്തലസംഗീതം എങ്ങനെ ഒരുക്കണം, എഡിറ്റിങ്ങിലൂടെ അവയെ എങ്ങനെ ബന്ധിപ്പിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം തനിക്ക് കൗതുകമുണ്ടായിരുന്നെന്നും താരം പറഞ്ഞു.
‘നമ്മള്‍ ഇത് എങ്ങനെയാണ് മ്യൂസിക് ചെയ്യുക എന്നതൊക്കെ ഒരു ചോദ്യമായിരുന്നു. അതുപോലെതന്നെ എഡിറ്റിങ് എങ്ങനെയായിരിക്കുമെന്നതിലും കൗതുകമുണ്ടായിരുന്നു. ആ കൗതുകം സിനിമ കാണമ്പോഴും ഉണ്ടായിരുന്നു.
മൂന്നാമത്തെ ലൂപ്പ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എട്ടാമത്തെ ലൂപ്പില്‍ ഒരു ബാലന്‍സുണ്ട്, അതെടുത്തേക്കാം എന്ന് ഡയറക്ടര്‍ പറയും. അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്,’ നിഖില കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിലെ കായലില്‍ ചാടുന്ന രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് താന്‍ വലിയ ടെന്‍ഷനിലായിരുന്നെന്നും നിഖില വെളിപ്പെടുത്തി. നീന്തല്‍ അറിയാത്തതിനാല്‍ കുറച്ചുദിവസം നീന്തല്‍ പഠിക്കാന്‍ പോയിരുന്നു. കുറച്ച് പ്രയാസപ്പെട്ടെങ്കിലും രംഗങ്ങള്‍ നന്നായി വന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
തന്റെ സ്വഭാവത്തെക്കുറിച്ചും നിഖില അഭിമുഖത്തില്‍ സംസാരിച്ചു. മനസിലുള്ള കാര്യങ്ങള്‍ മറ്റുള്ളവരുടെ മുഖത്തുനോക്കി തുറന്നുപറയുന്നതാണ് തന്റെ ശീലമെന്നും ചിലപ്പോള്‍ അധികം ചിന്തിക്കാത്തതുകൊണ്ടായിരിക്കാം അങ്ങനെ സംഭവിക്കുന്നതെന്നും താരം പറയുന്നു.
പറഞ്ഞുകഴിഞ്ഞ ശേഷമാണ് ചില കാര്യങ്ങളുടെ ദോഷവശങ്ങളെക്കുറിച്ച് ആലോചിക്കാറുള്ളതെന്നും താരം പറഞ്ഞു.
Same Costume, Same Dialogues Every Day; I Was Confused About What to Do: Nikhila Vimal