| Monday, 20th January 2025, 11:05 am

സംഭാലിലെ സര്‍വേക്കെതിരായ പ്രതിഷേധം; യു.പിയില്‍ 10 പേര്‍ കൂടി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ ഷാഹി ജുമാ മസ്ജിദില്‍ നടന്ന സര്‍വേക്കെതിരായ പ്രതിഷേധത്തില്‍ 10 പേര്‍ കൂടി അറസ്റ്റില്‍. 2023 നവംബര്‍ 24ന് പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് അറസ്റ്റ്.

തഹ്സീബ്, അസ്ഹര്‍ അലി, അസദ്, ഡാനിഷ്, സുഹൈബ്, ആലം, മുഹമ്മദ് ഡാനിഷ്, ഷെയ്ന്‍ ആലം, ബക്കീര്‍, മുല്ല അഫ്രോസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭാലില്‍ പ്രതിഷേധിച്ച 70 പേര്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

സംഘര്‍ഷത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ശ്രീഷ് ചന്ദ്ര പറഞ്ഞു.

ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍  അഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച പള്ളിയിരിക്കുന്ന സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട് നല്‍കിയ ഹരജിയെ തുടര്‍ന്ന് പ്രദേശിക കോടതിയാണ് പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയത്.

കോടതി ഉത്തരവിന് പിന്നാലെ തന്നെ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. പിന്നീട് സര്‍വേ നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെ പ്രദേശവാസികള്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഈ വാക്കുതര്‍ക്കം സംഘര്‍ഷമായി മാറുകയും ചെയ്തു.

പിന്നാലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സിവില്‍ കോടതിയുടെ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി നല്‍കിയ പുനഃപരിശോധനാ ഹരജിയിലായിരുന്നു നടപടി. ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തണമെന്ന വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് മാനേജ്മെന്റ് കമ്മിറ്റി ഹരജി നല്‍കിയിരുന്നത്.

സംഭാലില്‍ ഐക്യം നിലനിര്‍ത്തണമെന്ന് സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു. സംഭാല്‍ ഷാഹി മസ്ജിദ് പരിസരത്തെ കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സംഭലില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടലുണ്ടാവുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Content Highlight: Sambhal violence: Police arrest 10 more people; 70 held so far

We use cookies to give you the best possible experience. Learn more