| Friday, 26th July 2013, 10:57 am

സമ്പത്ത് മരണം: ഐ.പി.എസുകാരുടെ പങ്കിനെ കുറിച്ച് സി.ബി.ഐ അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പാലക്കാട്: ##പുത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി ##സമ്പത്ത് കസ്റ്റഡിയില്‍ മരിച്ച കേസില്‍  ഐ.പി.എസ് ഉദ്യോഗസ്ഥരുട പങ്കിനെ
കുറിച്ച് അന്വേഷണം തുടങ്ങി. []

എ.ഡി.ജി.പി മുഹമ്മദ് യാസിന്‍, ഡി.ഐ.ജി വിജയ് സാഖറെ എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്ള ഐ.പി.എസ് ഉദ്യോഗസ്ഥര്‍. ഇവരോട് ഇന്ന് പാലക്കാട്ട് ഹാജരാകാന്‍ സി.ബി.ഐ നിര്‍ദേശിച്ചു.

സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരായ പ്രതികളെ ഒഴിവാക്കിയ സി.ബി.ഐ നടപടിയെ ചോദ്യം ചെയ്ത് അഡ്വ. ജോ പോള്‍ മുഖേന സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹരജിയിലാണ് അന്വേഷണത്തില്‍ സിബിഐക്കു വീഴ്ച പറ്റിയതായി കോടതി കണ്ടെത്തിയിരുന്നു.

മുഹമ്മദ് യാസിനെയും വിജയ്‌സാഖറെയും പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി സി.ബി.ഐ ആദ്യം സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മടക്കി അയയ്ക്കുകയും ചെയ്തു.

കേസിലെ ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഇവരടക്കം 17 പ്രതികളുടെ പങ്കിനെ പറ്റി തുടരന്വേഷണം നടത്തി കൃത്യമായ കുറ്റപത്രം സമര്‍പ്പിക്കാനും സി.ജെ.എം ഉത്തരവിടുകയും ചെയ്തിരുന്നു.

2010 മാര്‍ച്ച് 29നാണ് സമ്പത്ത് പോലീസ്‌കസ്റ്റഡിയില്‍ മരിച്ചത്. പോലീസ് ഉദ്യോഗസ്ഥരും കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍.

മുഹമ്മദ് യാസിന്‍ തൃശ്ശൂര്‍ ഐ.ജിയും വിജയ് സാഖറെ പാലക്കാട് എസ്.പിയും ആയിരുന്നപ്പോഴാണ് പുത്തൂര്‍ ഷീല കൊലക്കേസില്‍ പ്രതിയായ സമ്പത്ത് പാലക്കാട് പോലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.

പാലക്കാട്ടെ പുത്തൂര്‍ സായൂജ്യത്തില്‍ വി.ജയകൃഷ്ണന്റെ ഭാര്യയെ 2010 മാര്‍ച്ച് 23നാണ് വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷീലയുടെ അമ്മ കാര്‍ത്ത്യായനി തലയ്ക്കടിയേറ്റ നിലയിലുമായിരുന്നു വീടിനകത്ത് കിടന്നിരുന്നത്. കവര്‍ച്ചയായിരുന്നു ലക്ഷ്യം.

കൊലപാതകം നടന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഷീലയുടെ മൊബൈല്‍ കടയില്‍ ജോലിക്കെത്തിയതായിരുന്നു സമ്പത്ത്.

എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ട സമ്പത്ത് കസ്റ്റഡിയില്‍ മരിച്ചതോടെ കേസന്വേഷണം വഴി മാറുകയായിരുന്നു.  രണ്ടാംപ്രതി കനകരാജിന് കോടതി വധശിക്ഷ വിധിച്ചു.

പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. തെളിവില്ലാത്തതിനാല്‍ മൂന്നാം പ്രതി മണികണ്ഠനെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.

ഒന്നാം പ്രതി സമ്പത്തിന്റെ ബന്ധുവാണ് കനകരാജന്‍. കോടതി വെറുതെ വിട്ട മണികണ്ഠന്‍ സമ്പത്തിന്റെ സഹോദരീ ഭര്‍ത്താവാണ്.

Latest Stories

We use cookies to give you the best possible experience. Learn more