കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്തയുൾപ്പെടെയുള്ള മതസംഘടനകളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിന് പിന്നാലെ മന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സമസ്ത.
ചര്‍ച്ചക്ക സമ്മതമാണെന്ന് പറഞ്ഞത് സന്തോഷകരമാണെന്നും ചര്‍ച്ച വിജയിച്ചാല്‍ പ്രക്ഷോഭം മാറ്റുമെന്നും സമസ്ത അറിയിച്ചു.
മുസ്‌ലിം സമൂഹം ഉന്നയിച്ച കാര്യം പരിഗണിക്കണമായിരുന്നെന്നും ചര്‍ച്ചക്കുള്ള സമയം മന്ത്രി അറിയിക്കണമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.
‘അദ്ദേഹം ചര്‍ച്ചക്ക് സമയം അനുവദിച്ചാല്‍ മതിയെന്ന് പറഞ്ഞത് സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണ്. സമയം അദ്ദേഹമാണല്ലോ അറിയിക്കേണ്ടത്. ചര്‍ച്ചക്ക് സമ്മതമാണെന്ന് പറഞ്ഞത് സന്തോഷകരമാണ്. പ്രക്ഷോപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോകുകയാണ്. ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ പ്രക്ഷോഭം ഉണ്ടാകും. ചര്‍ച്ചക്ക് വിളിച്ചാല്‍ നമ്മളും മാന്യമായിട്ടല്ലേ ഇടപെടാന്‍ പാടുള്ളു. ചര്‍ച്ച വിജയിക്കുമോ പരാജയപ്പെടുമോ എന്നുള്ളത് മറ്റൊരു കാര്യം.
വിജയിച്ചാല്‍ പ്രക്ഷോപത്തിന്റെ ആവശ്യമില്ല. അതൊക്കെ ആലോചിച്ച് തീരുമാനിക്കും. മുസ്‌ലിം സമുദായം വലിയ സമൂഹമല്ലേ. 95 ശതമാനം മുസ്‌ലിങ്ങളും സുന്നി മത വിശ്വാസക്കാരാണ്. അവര്‍ക്ക് മതപരമായ വിശ്വാസം നല്‍കപ്പെടേണ്ട സമയങ്ങളില്‍ അത് ഇല്ലാതാക്കാന്‍ പാടില്ലെന്നുള്ളത് അല്ലേ. മാന്യമായി നിവേദനം കൊടുത്താല്‍ അത് പരിഗണിക്കപ്പെടുക എന്നതാണല്ലോ ചെയ്യേണ്ടത്.
മുഖ്യമന്ത്രിക്കാണ് നമ്മള്‍ നിവേദനം കൊടുത്തത്. അദ്ദേഹം അമേരിക്കയിലാതുകൊണ്ട് വന്നിട്ട് തീരുമാനം ഉണ്ടാക്കുമെന്നാണ് വിചാരിച്ചിരുന്നത്. അതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്നുള്ള ചില പ്രസ്താവനകള്‍ നമ്മളെ ചൊടിക്കും. അയാളുടെ സമയം വിലപ്പെട്ടത് അല്ലേ,’ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറയുന്നു.
സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്തയുൾപ്പെടെയുള്ള മതസംഘനകൾ രംഗത്ത് വന്നിരുന്നു. സമരത്തിലേക്കുൾപ്പെടെ കടന്നിരുന്നു. പിന്നീട് സ്കൂൾ സമയമാറ്റ വിഷയത്തിൽ താൻ പറഞ്ഞത് കോടതി നിലപാടാണെന്നും ധിക്കാരപരമായ സമീപനം അല്ലെന്നും വിദ്യാഭ്യാസ മന്ത്രി ഇന്ന് പ്രതികരിക്കുകയും ചർച്ചക്ക് തയ്യാറാണെന്ന് പറയുകയും ചെയ്തു.
Content Highlight: Samastha is ready to welcomes discussion with Education Mnister