| Wednesday, 29th January 2025, 9:01 pm

അന്യസ്ത്രീയും പുരുഷനും തമ്മില്‍ കണ്ടാസ്വദിക്കുന്നത് കണ്ണുകൊണ്ടുള്ള വ്യഭിചാരം: എം.ടി. അബ്ദുല്ല മുസ്‌ലിയാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ. അന്യസ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ മറവേണമെന്ന് അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. നൂറുല്‍ ഹുദാ വനിതാ ശരീഅത്ത് കോളേജിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അബ്ദുല്ല മുസ്‌ലിയാർ.

അന്യരായ പുരുഷനും സ്ത്രീയും തമ്മില്‍ കണ്ടാസ്വദിക്കുന്നത് കണ്ണുകൊണ്ടുള്ള വ്യഭിചാരണമാണെന്നും അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. ഏത് തരത്തിലുള്ള വ്യഭിചാരമാണെങ്കിലും ആസമയം ഒരാളുടെ ശരീരത്തില്‍ നിന്ന് ഈമാനിന്റെ വെളിച്ചം ഇല്ലാതാകുമെന്നും അബ്ദുല്ല മുസ്‌ലിയാർ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള പലവിധത്തിലുള്ള കൂത്താട്ടങ്ങള്‍ക്കാണ് ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇപ്പോള്‍ രൂപം നല്‍കുന്നതെന്നും അബ്ദുല്ല മുസ്‌ലിയാർ കൂട്ടിച്ചേര്‍ത്തു. സ്ത്രീയുടെ ഹിജാബ് ഇല്ലാതാകുന്നത് ഇസ്‌ലാമിനെതിരാണെന്നും അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു.

കലാലയങ്ങളിലും ബസ് സ്റ്റോപ്പുകളിലുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പരിശോധിക്കണമെന്നും അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. വിദ്യാഭ്യാസം നല്ലതാണ്, അതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും സ്വീകാര്യമാണ്. എന്നാല്‍ അതിനിടയിലെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ദുഃഖകരമാണെന്നും അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു.

ഇന്ന് (ബുധന്‍) രാവിലെ സ്ത്രീയും പുരുഷനും എല്ലാ നിലയിലും തുല്യരാണെന്ന് പറയാന്‍ കഴിയില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. സ്ത്രീയും പുരുഷനും തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ലെന്നും ഒളിമ്പികിസില്‍ ഉള്‍പ്പടെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ മത്സരങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പി.എം.എ സലാമിന്റെ പരാമര്‍ശത്തെ തള്ളി എം.എസ്.എസ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസ് രംഗത്തെത്തിയിരുന്നു.

സ്ത്രീക്കും പുരുഷനും തുല്യനീതി ലഭിക്കേണ്ടതുണ്ടെന്നും ക്യാമ്പസുകളില്‍ എം.എസ്.എഫ് ആ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് പി.കെ. നവാസ് പറഞ്ഞത്.

പി.എം.എ സലാം പറഞ്ഞതില്‍ വിശദീകരണം നല്‍കേണ്ടത് മുസ്‌ലിം ലീഗ് പാര്‍ട്ടിയാണെന്നും പി.എം.എ സലാമിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്നും പി.കെ. നവാസ് പ്രതികരിച്ചിരുന്നു. ക്യാമ്പസുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഇരിപ്പിടങ്ങളാണെന്ന പി.എം.എ സലാമിന്റെ വാദത്തെയും പി.കെ. നവാസ് എതിര്‍ത്തിരുന്നു.

ഇതിനുപിന്നാലെയാണ് അബ്ദുല്ല മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. ഇതിനുമുമ്പ് സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള വ്യായാമം ഇസ്‌ലാമിന് എതിരാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർര്‍ പറഞ്ഞിരുന്നു.

ശരീരം കാണിച്ചുകൊണ്ടാണ് സ്ത്രീകള്‍ വ്യായാമത്തിന്റെ ഭാഗമാകുന്നതെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുകൂടുന്നതില്‍ പ്രശ്നമില്ലെന്നാണ് മെക് സെവന്‍ പഠിപ്പിക്കുന്നതെന്നുമാണ് കാന്തപുരം പറഞ്ഞത്.

അന്യപുരുഷന്മാരുടെ മുമ്പില്‍ സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്നും സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടകലര്‍ന്നുള്ള വ്യായാമം വേണ്ടെന്നും കാന്തപുരം വിഭാഗം നേരത്തെ പറഞ്ഞിരുന്നു. മെക് സെവനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു കാന്തപുരത്തിന്റെ പരാമര്‍ശം. കാന്തപുരത്തിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് യൂത്ത് ലീഗ്, മുജാഹിദ് നേതാക്കളും രംഗത്തെത്തിയിരുന്നു.

Content Highlight: Samasta Secretary MT Abdullah Musliyar with anti-women remarks

We use cookies to give you the best possible experience. Learn more