| Monday, 13th July 2026, 9:20 am

കല്യാണിക്ക് ശേഷം 100 കോടി ക്ലബ്ബില്‍ കയറിയ സൗത്ത് ഇന്ത്യന്‍ നടിയായി സമന്ത... ഇത് താന്‍ഡാ ഹീറോയിനിസം

അമര്‍നാഥ് എം.

സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്കപ്പുറം മികച്ച കണ്ടന്റുള്ള ചിത്രങ്ങള്‍ വിജയിക്കുന്ന കാലമാണിത്. വന്‍ ഹൈപ്പിലും താരനിരയിലും ഒരുങ്ങുന്ന സിനിമകള്‍ നിരാശപ്പെടുത്തുമ്പോള്‍ ചെറിയ സിനിമകള്‍ ഗംഭീര വിജയം നേടുന്നത് സിനിമാപ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വലിയ വിജയം സ്വന്തമാക്കുന്നതും ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്.

സൗത്ത് ഇന്ത്യന്‍ സൂപ്പര്‍താരം സാമന്തയാണ് ഇപ്പോള്‍ ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിടുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മാ ഇന്‍ടി ബങ്കാരം വന്‍ വിജയത്തിലേക്ക് കുതിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ 100 കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചിരിക്കുകയാണ്. തെലുങ്കില്‍ ഇതാദ്യമായാണ് ഒരു ഫീമെയില്‍ ലീഡ് ചിത്രം 100 കോടി ക്ലബ്ബില്‍ കയറുന്നത്.

കല്യാണി പ്രിയദര്‍ശന് ശേഷം 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മറ്റൊരു സൗത്ത് ഇന്ത്യന്‍ താരം കൂടിയാണ് സമന്ത. ലോകഃ ചാപ്റ്റര്‍ വണ്ണാണ് ഈ നേട്ടത്തിലെത്തിയ ആദ്യ സൗത്ത് ഇന്ത്യന്‍ ചിത്രം. 300 കോടിയായിരുന്നു ലോകഃയുടെ വേള്‍ഡ്‌വൈഡ് കളക്ഷന്‍. എന്നാല്‍ യൂണിവേഴ്‌സ് കണക്ഷനും സൂപ്പര്‍താരങ്ങളുടെ ഗസ്റ്റ് റോളുമാണ് ലോകഃ ഇത്രയും വലിയ കളക്ഷന്‍ നേടാന്‍ കാരണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

വലിയ ഹൈപ്പും താരനിരയുമില്ലാതെ എത്തിയ മാ ഇന്‍ടി ബങ്കാരം ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിടുകയാണ്. ഫാമിലി മാന്‍ എന്ന സീരീസിന്റ സംവിധായകന്‍ രാജ് നിദിമോരു ഒരുക്കിയ തിരക്കഥയും നന്ദിനി റെഡ്ഡിയുടെ സംവിധാനവും ചിത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്. ആക്ഷന്‍ റോളുകളില്‍ സമന്തയുടെ ഫ്‌ളെക്‌സിബിളിറ്റിയെയും പലരും അഭിനന്ദിക്കുന്നു.

മാ ഇന്‍ടി ബങ്കാരത്തിന് മുമ്പ് തെലുങ്കില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ഫീമെയില്‍ ലീഡ് ചിത്രം അനുഷ്‌കയുടെ അരുന്ധതിയായിരുന്നു. 2009ല്‍ റിലീസായ ചിത്രം 79 കോടിയായിരുന്നു നേടിയത്. 17 വര്‍ഷത്തിന് ശേഷമാണ് ഒരു ഫീമെയില്‍ ലീഡ് ചിത്രം തെലുങ്കില്‍ 50 കോടിയിലേറെ സ്വന്തമാക്കുന്നത്. സമന്തയുടെ സ്റ്റാര്‍ഡം ഇതിലൂടെ വ്യക്തമാകുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തുന്ന സ്വര്‍ണ എന്ന യുവതി നേരിടുന്ന പ്രശ്‌നങ്ങളും അവളുടെ പാസ്റ്റിലെ കുഴപ്പങ്ങള്‍ പിന്തുടരുന്നതുമാണ് ചിത്രത്തിന്റെ കഥ. കാന്താര ചാപ്റ്റര്‍ വണ്ണില്‍ വില്ലനായി ഞെട്ടിച്ച ഗുല്‍ഷന്‍ ദേവയ്യയാണ് മാ ഇന്‍ടി ബങ്കാരത്തില്‍ നെഗറ്റീവ് റോളിലെത്തിയത്. തെലുങ്കില്‍ ഈ വര്‍ഷം നിര്‍മാതാക്കള്‍ക്ക് വലിയ ലാഭം സമ്മാനിച്ച ചിത്രം കൂടിയാണ് മാ ഇന്‍ടി ബങ്കാരം.

Content Highlight: Samantha’s Maa Inti Bangaram crossed 100 crore collection

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more