| Tuesday, 23rd December 2025, 8:03 am

ഗാര്‍ഡുകള്‍ കൂടെയുണ്ടായിട്ടും രക്ഷയില്ല, നിധി അഗര്‍വാളിന് പിന്നാലെ സമന്തയെയും ശ്വാസം മുട്ടിച്ച് 'ആരാധക'കൂട്ടം

അമര്‍നാഥ് എം.

പൊതുപരിപാടികള്‍ക്കെത്തുന്ന നടികള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ വീണ്ടും തുടരുകയാണ്. രാജാ സാബ് എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ഹൈദരബാദിലെ ലുലു മാളിലെത്തിയ നിധി അഗര്‍വാളിനെ ആള്‍ക്കൂട്ടം വളഞ്ഞതും അതില്‍ നിന്ന് താരം പുറത്തുകടക്കാന്‍ പ്രയാസപ്പെട്ടതിന്റെയും വീഡിയോ അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

കഴിഞ്ഞദിവസം ഹൈദരബാദില്‍ വെച്ച് തെലുങ്ക് താരം സമന്തക്കും ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ഹൈദരബാദില്‍ ഷോപ്പിങ് സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിയ സമന്തയെ തിരിച്ചുപോകുന്ന വഴി ആരാധകര്‍ വഴിതടഞ്ഞതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. തിരക്കിന്റെ ഇടയിലൂടെ വണ്ടിയില്‍ കയറാന്‍ സമന്ത ബുദ്ധിമുട്ടുന്നതെല്ലാം വീഡിയോയില്‍ കാണാന്‍ സാധിക്കും.

കൂടെ ബൗണ്‍സര്‍മാര്‍ ഉണ്ടായിട്ടും തിരക്കിനിടയില്‍ താരത്തിന്റെ അടുത്തേക്ക് വരുന്ന ആളുകളെ തടയാന്‍ അവര്‍ നല്ല രീതിയില്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്. സമന്തയെ തൊടാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ‘ആരാധകകൂട്ടം’ തിരക്ക് കൂട്ടുന്നതില്‍ താരം അസ്വസ്ഥയാണെന്ന് പലരും കമന്റ് പങ്കുവെച്ചു.

സ്വന്തമായി ഏര്‍പ്പെടുത്തിയ ബൗണ്‍സര്‍മാര്‍ കൂടെ ഉണ്ടായിട്ടും ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വരുന്നതില്‍ പലരും നിരാശ പങ്കുവെക്കുന്നുണ്ട്. നിധി അഗര്‍വാളിന് നേരിടേണ്ടി വന്നതിന്റെ ബാക്കിയാണ് സമന്ത നേരിട്ടതെന്നും ഇതിന് എന്തെങ്കിലും പരിഹാരം കാണണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. സിവിക് സെന്‍സ് ഇല്ലാത്തതാണ് ഇത്തരം തിരക്കുകൂട്ടലിന് പിന്നിലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇതൊന്നും ആരാധനയല്ലെന്നും അതിര്‍ത്തികള്‍ ലംഘിക്കുന്നതാണെന്നും കമന്റുകളുണ്ട്. ആള്‍ക്കൂട്ടം കൂടുന്ന ഇത്തരം സ്ഥലങ്ങളില്‍ പൊലീസും രംഗത്തിറങ്ങണമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ സമന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉദ്ഘാടനത്തിനെത്തുന്ന താരത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാത്ത സംഘാടകരെയും കുറ്റപ്പെടുത്തുന്നവരുണ്ട്.

സോഷ്യല്‍ മീഡിയ മൊത്തം ചര്‍ച്ചയായ വിഷയമായിരുന്നു കഴിഞ്ഞദിവസം നിധി അഗര്‍വാളിന് നേരിടേണ്ടി വന്ന ദുരനുഭവം. സോങ് റിലീസിന് ശേഷം മാളിന്റെ അകത്ത് നിന്ന് വണ്ടിയിലേക്ക് കയറാന്‍ താരം ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ പല തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ ചിലര്‍ നിധിയെ തൊടാനെല്ലാം ശ്രമിച്ചത് വലിയ വിവാദമായി മാറി.

Content Highlight: Samantha mobbed by public in Hyderabad last day

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more