| Sunday, 3rd May 2026, 8:57 pm

2027 അല്ല 2047 ആയാലും സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തില്ല; അഖിലേഷിനെതിരെ പരിഹാസവുമായി യു.പി ഉപമുഖ്യമന്ത്രി

ആദര്‍ശ് എം.കെ.

ലഖ്നൗ: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിയും സമാജ്‌വാദി പാര്‍ട്ടിയും (എസ്.പി) തമ്മിലുള്ള വാക്‌പോര് മുറുകുന്നു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പോരാട്ടത്തില്‍, സമാജ്‌വാദി പാര്‍ട്ടിയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് 2047ല്‍ പോലും നടക്കില്ലെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പരിഹസിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുകയാണ്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കുവെച്ച ഒരു ചിത്രവും അതിലെ അടിക്കുറിപ്പുമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയത്.

യു.പിയിലെ രണ്ട് ഉപമുഖ്യമന്ത്രിമാരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘രണ്ട് സ്റ്റൂളുകള്‍ ചേര്‍ത്തുവെച്ചാല്‍ ഒരു കസേരയാകില്ല’ എന്നാണ് അഖിലേഷ് കുറിച്ചത്. ഇതിന് മറുപടിയായണ് മൗര്യ രംഗത്തെത്തിയത്.

2027ല്‍ മാത്രമല്ല, 2047ല്‍ പോലും അധികാരത്തില്‍ തിരിച്ചെത്താമെന്ന സൈഫി കുടുംബത്തിന്റെ (സമാജ്വാദി പാര്‍ട്ടിയുടെ ഒന്നാം കുടുംബം) സ്വപ്നം സഫലമാകില്ലെന്ന് വ്യക്തമാണ്.

സമാജ്‌വാദി പാര്‍ട്ടിയുടെ ചരിത്രം അരാജകത്വത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഗുണ്ടായിസത്തിന്റെയും കറുത്ത അധ്യായങ്ങള്‍ നിറഞ്ഞതാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഇത് വീണ്ടും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഖിലേഷ് യാദവിന്റെ നിര്‍ദേശപ്രകാരം എല്ലാ പരിധികളും ലംഘിച്ച് ‘വ്യാജ പി.ഡി.എ’ (പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ള എസ്.പിയുടെ മുദ്രാവാക്യം) വിളമ്പുന്നവരെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്ന് മൗര്യ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതൃത്വവും പ്രവര്‍ത്തകരും ഒരു പാറപോലെ ഉറച്ചുനില്‍ക്കുകയാണെന്ന് മൗര്യ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, സംസ്ഥാന അധ്യക്ഷന്‍ പങ്കജ് ചൗധരി എന്നിവരുടെ കീഴില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാജ്‌വാദി പാര്‍ട്ടിയെ തുടച്ചുനീക്കാനുള്ള ബിജെപിയുടെ തീരുമാനം ഉറച്ചതാണെന്ന് പറഞ്ഞ മൗര്യ, 2017ലും 2022ലും നേരിട്ടതിനേക്കാള്‍ വലിയ തകര്‍ച്ചയാകും 2027ല്‍ അഖിലേഷ് യാദവിനെയും പാര്‍ട്ടിയെയും കാത്തിരിക്കുന്നതെന്നും പറഞ്ഞു. ഉത്തര്‍പ്രദേശില്‍ വീണ്ടും താമര വിരിയുമെന്നും സദ്ഭരണം നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Samajwadi Party will not come to power in 2027 or 2047; UP Deputy Chief Minister mocks Akhilesh Yadav

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more