| Friday, 3rd January 2020, 9:44 pm

'പൗരത്വ നിയമത്തിനെതിരെ തെരുവില്‍ പോരാടിയവര്‍ക്ക് പെന്‍ഷന്‍'; ബി.ജെ.പിക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.പിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടി അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ പ്രഖ്യാപനം. കലാപങ്ങളുടെയും സാമൂഹ്യവിരുദ്ധതയുടെയും ഡി.എന്‍.എയാണ് സമാജ് വാദി പാര്‍ട്ടിയുടേതെന്ന ബി.ജെ.പിയുടെ അധിക്ഷേപത്തിനുള്ള മറുപടിയായാണ് പ്രഖ്യാപനം.

‘യു.പിയിലും കേന്ദ്രത്തിലും ബി.ജെ.പിയെ താഴെയിറക്കാനാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍, സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ജയിലിലാവുകയോ കൊല്ലപ്പെടുകയോ ചെയ്ത എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിക്കും. ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പോരാടിയ എല്ലാവരും അതിന് അര്‍ഹരാണ്’, പ്രതിപക്ഷ നേതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ റാം ഗോവിന്ദ് ചൗധരി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയ ബി.ജെ.പി നേതാവ് സ്വതന്ത്ര ദേവ് സിങിനെയും അദ്ദേഹം വിമര്‍ശിച്ചു. യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറച്ചുവെച്ച് വാഗ്വാദങ്ങള്‍ നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

We use cookies to give you the best possible experience. Learn more