| Friday, 17th July 2026, 3:19 pm

വിദ്യാര്‍ത്ഥികളുടെ ഭാവിയും ഇടിച്ചുനിരത്തിയ ബി.ജെ.പിയുടെ ബുള്‍ഡോസര്‍ രാമക്ഷേത്രത്തില്‍ കേടായി; അലി ജൗഹര്‍ യൂണിവേഴ്‌സിറ്റി പൊളിക്കലില്‍ ഡിംപിള്‍ യാദവ്

ആദർശ് എം.കെ.

ലഖ്‌നൗ: റാംപൂരിലെ മുഹമ്മദ് അലി ജൗഹര്‍ യൂണിവേഴ്‌സിറ്റിയിലെ വലിയൊരു വിഭാഗം കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി എം.പി ഡിംപിള്‍ യാദവ്.

യോഗി ആദിത്യനാഥിന്റേത് ഒരു ബുള്‍ഡോസര്‍ സര്‍ക്കാരാണെന്നും ഇത്തരം ആക്രമണാത്മക നടപടികള്‍ രാജ്യത്തെ യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ഭാവി തകര്‍ക്കുകയാണെന്ന് ആരോപിച്ചു. ആര്‍ക്കെതിരെ വേണമെങ്കിലും ബുള്‍ഡോസര്‍ പ്രയോഗിക്കാന്‍ മടിക്കാത്ത ഒരു സര്‍ക്കാരാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.

നീതി നടപ്പാക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെയും ഡിംപിള്‍ യാദവ് ശക്തമായി ചോദ്യം ചെയ്തു.

അയോധ്യയിലെ രാമക്ഷേത്രത്തില്‍ വലിയ രീതിയിലുള്ള മോഷണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടും, അവിടെ മാത്രം എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ ഈ ബുള്‍ഡോസര്‍ നിശ്ചലമായതെന്ന് അവര്‍ ചോദിച്ചു.

സര്‍ക്കാര്‍ തങ്ങള്‍ക്ക് താത്പര്യമുള്ള രീതിയില്‍ മാത്രമാണ് നിയമം നടപ്പിലാക്കുന്നതെന്നും, നീതി നടപ്പാക്കുന്നതില്‍ കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നും ഡിംപിള്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ സ്വപ്ന പദ്ധതിയായിരുന്ന മുഹമ്മദ് അലി ജൗഹര്‍ യൂണിവേഴ്‌സിറ്റി 2006ലാണ് യു.പി നിയമസഭയുടെ നിയമപ്രകാരം സ്ഥാപിതമായത്. എന്നാല്‍ സമീപകാലത്തായി ഭൂമി കൈയേറ്റം, ലീസ് നിയമ ലംഘനം തുടങ്ങിയ ഒട്ടനവധി നിയമപ്രശ്‌നങ്ങളും വിവാദങ്ങളും ഈ സ്ഥാപനത്തെ വിടാതെ പിന്തുടരുകയാണ്.

അടുത്തിടെ, സര്‍വ്വകലാശാല കാമ്പസിലെ 40 ബ്ലോക്കുകളില്‍ 38 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ റാംപൂര്‍ ഡെവലപ്മെന്റ് അതോറിറ്റി (ആര്‍.ഡി.എ) ഉത്തരവിട്ടിരുന്നു. യു.പി അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് ആക്ട്, 1973-ലെ സെക്ഷന്‍ 27(1) പ്രകാരമാണ് ഈ നടപടി.

ഈ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് അതോറിറ്റിയുടെ അംഗീകൃത പ്ലാന്‍ ഇല്ലാതെയാണെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം ആദ്യം അസം ഖാനും കുടുംബവും സര്‍വകലാശാലയുടെ ഗവേണിങ് ട്രസ്റ്റില്‍ നിന്ന് ഔദ്യോഗികമായി രാജിവെച്ചിരുന്നു

Content Highlight:  Samajwadi Party MP Dimple Yadav criticizes the Yogi Adityanath government over the demolition at Mohammad Ali Jauhar University.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more