| Wednesday, 1st October 2025, 9:46 pm

കള്ളപ്പണത്തെ സ്വർണമാക്കി മാറ്റിയതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം; ബി.ജെ.പിക്കെതിരെ അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സ്വർണവിലയിലെ കുത്തനെയുള്ള വർധനവിന് കാരണം ബി.ജെ.പിയുടെ അഴിമതിയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭരണ കക്ഷിനേതാക്കൾ കള്ളപ്പണത്തെ സ്വർണമാക്കി മാറ്റിയതാണ് വിലക്കയറ്റത്തിന് കാരണമെന്ന് അദ്ദേഹം എക്സിൽ പറഞ്ഞു.

എല്ലാ റെക്കോർഡുകളും തകർത്ത് സ്വർണ വില 10 ഗ്രാമിന് 1. 20 ലക്ഷം രൂപയിലെത്തിയത് ബി.ജെ.പിയുടെ അഴിമതിയുടെയും പൂഴ്ത്തിവെപ്പിന്റെയും പ്രതിഫലനമാണെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

‘ഒരു സാധാരണക്കാരന് വിവാഹങ്ങളിൽ ഒരു തരി സ്വർണം പോലും നല്കാൻ ഇപ്പോൾ കഴിയില്ല എന്നതാണ് യാഥാർഥ്യം. സ്വർണത്തെ മറക്കൂ. വിലയേറിയ ലോഹങ്ങൾ ബി.ജെ.പി നേതാക്കൾ പൂഴ്ത്തിവെച്ചതിനാൽ വെള്ളിപോലും ആളുകൾക്ക് ലഭിക്കാതെയായി,’ അദ്ദേഹം പറഞ്ഞു.

വില കുതിച്ചുയരുമ്പോഴും സ്വർണത്തിന്റെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

അന്താരാഷ്ട്ര വിപണികളാണ് സ്വർണവില നിർണയിക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സംഭവിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സർക്കാരിന് സ്വർണപൂഴ്ത്തിവെപ്പുകാരെ പിന്തുടർന്ന് കണ്ടെത്താൻ ഡ്രോണോ ടെലിസ്കോപോ ബുൾഡോസറോ ഇല്ലേയെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം പുതിയ ജി.എസ്.ടി പരിഷ്കാരങ്ങളെയും അഖിലേഷ് യാദവ് വിമർശിച്ചിരുന്നു. ജി.എസ് .ടിയുടെ പേരിൽ പിരിച്ചെടുത്ത പണം എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Content Highlight: Samajwadi Party- Akhilesh Yadav blames BJP’s corruption for sharp rise in gold prices

We use cookies to give you the best possible experience. Learn more